Latest News

രണ്ടു ദിവസത്തിനിടെ രണ്ടു വ്യാജ അലോപ്പതി ഡോക്ടര്‍മാര്‍ പിടിയില്‍

ആയുര്‍വേദത്തില്‍ ബിരുദം നേടിയശേഷം അലോപ്പതിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചായിരുന്നു ചികിത്സ.

രണ്ടു ദിവസത്തിനിടെ രണ്ടു വ്യാജ അലോപ്പതി ഡോക്ടര്‍മാര്‍ പിടിയില്‍
X

കൊച്ചി: എറണാകുളം ജില്ലയില്‍ തുടര്‍ച്ചയായ രണ്ടു ദിവസത്തിനിടെ പിടിയിലായത് രണ്ട് വ്യാജ ഡോക്ടര്‍മാര്‍. ആയുര്‍വ്വേദ ബിരുദത്തിന്റെ മറവില്‍ അലോപ്പതി ചികിത്സ നടത്തിയിരുന്ന കൊട്ടാരക്കര പുത്തൂര്‍ സൂര്യോദയ അജയ് രാജിനെ (33) പോലിസ് അറസ്റ്റു ചെയ്തു. മഞ്ഞപ്പയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇയാള്‍ അലോപ്പതി ബിരുദമലില്ലാതെ അലോപ്പതി ചികിത്സ നടത്തിയിരുന്നത്. ആയുര്‍വേദത്തില്‍ ബിരുദം നേടിയശേഷം അലോപ്പതിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചായിരുന്നു ചികിത്സ. ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ രോഗി സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൊട്ടാരക്കര സ്വദേശിയായ അജയ് രാജ് കഴിഞ്ഞ കുറച്ചുകാലമായി മഞ്ഞപ്രയിലെ ക്ലിനിക്കില്‍ ഡോക്ടറായി ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ദിവസം ആലുവയില്‍നിന്നും വ്യാജ ഡോക്ടറെ പിടികൂടിയിരുന്നു. എടത്തല കോമ്പാറയിലെ മരിയ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന സംഗീത ബാലകൃഷ്ണന്‍ ആണ് അറസ്റ്റിലായത്. മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന് തോന്നിയ സംശയമാണ് സംഗീതയുടെ തട്ടിപ്പ് പൊളിച്ചത്. രോഗികള്‍ക്ക് ഒരേസമയം പല ആന്റിബയോട്ടിക് ഗുളികള്‍ കൂടിയ അളവില്‍ കുറിച്ച് നല്‍കിയതു കണ്ട് സംശയം തോന്നിയ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ പൊലീസിനെ അറിയിച്ചതോടെയാണ് സംഗീത കുടുങ്ങിയത്. 2002ല്‍ കര്‍ണാടകയില്‍ നിന്ന് എംബിബിഎസ് ജയിച്ചെന്നാണ് 45കാരിയായ ഇവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഫാര്‍മസി ഡിപ്ലോമ കോഴ്‌സ് പഠിച്ചതിന്റെ അറിവു വച്ചാണു മരുന്നു കുറിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

രണ്ടു ദിവസങ്ങളിലായി പിടിയിലായ വ്യാജ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഒരുപോലെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞത്. കഴിഞ്ഞ ദിവസം പിടിയിലായ സംഗീത ബാലകൃഷ്ണന്റെ സര്‍ട്ടിഫിക്കറ്റുമായി അജയ് രാജിന്റെ സര്‍ട്ടിഫിക്കറ്റിന് സാമ്യതയുണ്ട്. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it