Latest News

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് 2023: കോണ്‍ഗ്രസ്, ഇടത് സഖ്യത്തിന് സാധ്യത

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് 2023: കോണ്‍ഗ്രസ്, ഇടത് സഖ്യത്തിന് സാധ്യത
X

അഗര്‍ത്തല; അടുത്ത വര്‍ഷം ത്രിപുരയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ഇടത് സഖ്യ സാധ്യതയുടെ സൂചന നല്‍കി കോണ്‍ഗ്രസ് നേതാക്കള്‍. ഏതാനും നാളുകള്‍ക്കു മുമ്പ് ബിജെപിയില്‍നിന്ന് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന എംഎല്‍എമാരായ സുദീപ് റോയി ബര്‍മന്‍, ആഷിഷ് ഷാ എന്നിവരാണ് ഇടത് പാര്‍ട്ടികളും സംസ്ഥാനത്തെ മറ്റ് ചില പാര്‍ട്ടികളുമായി ബിജെപിക്കെതിരേ സഖ്യമുണ്ടാകുമെന്ന് ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ സൂചന നല്‍കിയത്.

'ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഞങ്ങള്‍ക്ക് തൊട്ടുകൂടാത്തവരല്ല, സംസ്ഥാനത്തിന്റെ ജനാധിപത്യ സംസ്‌കാരം പുനഃസ്ഥാപിക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ ഞാന്‍ എല്ലാവരേയും ക്ഷണിക്കുന്നു. വിയോജിപ്പിന്റെ ശബ്ദം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കണം. ഇത്തവണ ഭീരുത്വം കാണിക്കരുതെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'- ബര്‍മന്‍ പറഞ്ഞു.

ത്രിപുരയെ അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ സംഘടിതമായി ശ്രമിക്കണമെന്ന് ബര്‍മന്‍ കോണ്‍ഗ്രസ് നേതാക്കളോട് ആഹ്വാനം ചെയ്തു.

ബിജെപി സംസ്ഥാനത്തെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ത്രിപുര ബിപ്ലവ് കുമാര്‍ ദേബ് കാബിനറ്റിലെ മുന്‍ ആരോഗ്യമന്ത്രികൂടിയായിരുന്ന ബര്‍മ ആരോപിച്ചു.

'പൊതുജനങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇടതുപക്ഷം അധികാരം നിലനിര്‍ത്തുമെന്ന് തോന്നിയപ്പോള്‍, ബിജെപിയുമായി കൈകോര്‍ത്തു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും കടുത്ത തീരുമാനമായിരുന്നു അത്. പക്ഷേ, അധികാരത്തിലെത്തിയ ശേഷം നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാരിനായില്ല. തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങള്‍ മുഴുവന്‍ പൊള്ളയായിരുന്നു. ഒരു പ്രശ്‌നം പോലും പരിഹരിക്കപ്പെട്ടിട്ടില്ല''- താന്‍ ബിജെപിയുമായ കൈകോര്‍ത്തതിനുള്ള കാരണം അദ്ദേഹം വെളിപ്പെടുത്തി.

Next Story

RELATED STORIES

Share it