Latest News

തുടക്കത്തിലേ പിഴച്ച ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ജനങ്ങളെ വലയ്ക്കുന്നുവെന്ന് എസ്ഡിപിഐ

തുടക്കത്തിലേ പിഴച്ച ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ജനങ്ങളെ വലയ്ക്കുന്നുവെന്ന് എസ്ഡിപിഐ
X

വെളിയങ്കോട്: പൊന്നാനി താലൂക്കില്‍ ജൂണ്‍ 29 ന് പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടക്കത്തിലെ പിഴച്ചുവെന്ന് എസ്ഡിപിഐ. വൈകുന്നേരം 7 മണിക്ക് ഗ്രാമപഞ്ചായത്ത് അധികൃതര്‍ നടത്തിയ അനൗണ്‍സ്‌മെന്റില്‍ ഉച്ചക്ക് ഒരു മണി വരെ കടകള്‍ തുറക്കാം എന്നായിരുന്നു നിര്‍ദേശമെങ്കില്‍ പിറ്റേ ദിവസം അറിഞ്ഞത് തുറക്കാനേ പാടില്ല എന്നാണ്. ആദ്യം അവശ്യസാധനങ്ങള്‍ക്ക് മേഖലയില്‍ ഒരു കട എന്നു പറഞ്ഞവര്‍ പിന്നീട് പ്രതിഷേധങ്ങളെ തുടര്‍ന്ന് രണ്ടോ മൂന്നോ തുറക്കാം എന്നാക്കി. പിന്നീട് അനുമതിയോടെ തുറന്ന കട പോലീസ് പൂട്ടി താക്കോല്‍ കൊണ്ടുപോയി.

വാര്‍ഡ് തലത്തില്‍ അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് വളണ്ടിയര്‍മാരെ നിശ്ചയിച്ചിട്ടുണ്ടെങ്കിലും അനുവദിച്ച സമയം ഉച്ചക്ക് ഒരു മണി മുതലാണ്. ഈ വളണ്ടിയര്‍ സംവിധാനം ഉണ്ട് എന്ന് അറിയുന്നതു തന്നെ വളരെ ചെറിയൊരു വിഭാഗം ജനങ്ങള്‍ക്ക് മാത്രമാണ്.

കൂലിപ്പണി ചെയ്ത് ദിവസേന വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങിക്കുന്ന സാധാരണക്കാര്‍ക്ക് ഭരണകര്‍ത്താക്കള്‍ ഒരു പരിഗണനയും കൊടുത്തിട്ടില്ല. റോഡുകള്‍ എല്ലാം അടച്ചിരിക്കുന്നു. അത്യാഹിത സംഭവങ്ങളുണ്ടായാല്‍ ജനങ്ങള്‍ എന്തു ചെയ്യണം എന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ജനങ്ങള്‍ക്കും സംഘടനകള്‍ക്കും നിശ്ചയമില്ല. എരമംഗലത്ത് പഞ്ചായത്ത് നിയമിച്ച വളണ്ടിയര്‍മാരെ പോലീസ് തല്ലിച്ചതച്ചിരിക്കുന്നു.

സാധാരണക്കാരുടെ ബുദ്ധിമുട്ടകള്‍ പരിഗണിച്ചു കൊണ്ട് ഉള്‍പ്രദേശങ്ങളില്‍ അവശ്യസാധനങ്ങള്‍ക്കായ് ഒരു വാര്‍ഡില്‍ ഒരു കടയെങ്കിലും തുറന്നു പ്രവര്‍ത്തിക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്നും പോലീസിനെ ജനങ്ങള്‍ അനുസരിക്കുന്നത് നിയമം നടപ്പിലാക്കാനുള്ള സംവിധാനം എന്ന നിലക്കാണെന്നും മറിച്ച് പെരുമാറിയാല്‍ സഹികെട്ട ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും എസ്ഡിപിഐ വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുസമദ് വെളിയങ്കോട് പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it