Latest News

ത്രിപുരയില്‍ സ്വാതന്ത്ര്യദിന പരിപാടിക്കെത്തിയ ബംഗാള്‍ എംപിമാര്‍ക്കെതിരേ ആക്രമണമെന്ന് തൃണമൂല്‍

ത്രിപുരയില്‍ സ്വാതന്ത്ര്യദിന പരിപാടിക്കെത്തിയ ബംഗാള്‍ എംപിമാര്‍ക്കെതിരേ ആക്രമണമെന്ന് തൃണമൂല്‍
X

ഗുവാഹത്തി: ത്രിപുരയില്‍ സ്വാതന്ത്ര്യദിന പരിപാടിക്കെത്തിയ ബംഗാളിലെ തങ്ങളുടെ എംപിമാര്‍ക്കെതിരേ ആക്രമണം നടന്നതായി തൃണമൂല്‍ നേതാക്കള്‍. ഞായറാഴ്ചയാണ് എംപിമാരായ ഡോള സെന്‍, അപരുപ പോഡ്ഡാര്‍ എന്നിവര്‍ക്കെതിരേ ആക്രമണം നടന്നത്. ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്നാണ് ആരോപണം.

അഗര്‍ത്തലയില്‍ നിന്ന് 120 കിമോമീറ്റര്‍ അകലെ പാര്‍ട്ടി ഓഫിസില്‍ സ്വാതന്ത്ര്യദിന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടതെന്ന് തൃണമൂല്‍ നേതാവ് അഷിഷ് ലാല്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി, ഐപിഎഫ്ടി സംയുക്ത മുന്നണിയാണ് ത്രിപുരയില്‍ അധികാരത്തിലുള്ളത്.

''പാര്‍ട്ടി ഓഫിസിലേക്ക് പോകുമ്പോള്‍ വനിതകളായ എംപിമാര്‍ പോലും ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലെന്നാണ് തെളിയുന്നത്. അവര്‍ സഞ്ചരിച്ചിരുന്ന കാറും തകര്‍ക്കപ്പെട്ടു. വടിയും പൈപ്പുകളും ഉപയോഗിച്ചും ആക്രമിച്ചു. പ്രായമായ പാര്‍ട്ടിപ്രവര്‍ത്തകനായ ബഛ്‌റാം ദാസിന് ആക്രമണത്തില്‍ പരിക്കേറ്റു. തലയില്‍ വലിയ മുറിവുകളുണ്ട്''- അഷിഷ് ലാല്‍ സിങ് പറഞ്ഞു.

എംപിമാര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് കല്ല് വലിച്ചെറിയുകയും ചെയ്തിരുന്നു. എംപിമാര്‍ സഞ്ചരിച്ചിരുന്ന ഒരു കാറിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. എന്നാല്‍ എംപിമാര്‍ക്ക് വലിയ പരിക്കില്ല.

അഗര്‍ത്തലയില്‍ ജെ ബി പന്ത് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ തേടിയശേഷം ഇരുവരും കല്‍ക്കത്തയില്‍ തിരിച്ചെത്തി.

തങ്ങളുടെ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെ ആക്രമിച്ചുവെന്ന് നേരത്തെയും തൃണമൂല്‍ പരാതിപ്പെട്ടിരുന്നു. അതും ത്രിപുരയില്‍ വച്ചാണ് നടന്നത്.

തൃണമൂല്‍ പറയുന്നത് ഇവര്‌ക്കെതിരേ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണെന്നാണ്.

പശ്ചിമ ബംഗാളിലെ അറംബാഗില്‍നിന്നുള്ള ലോക്‌സഭാ എംപിയാണ് അപരുപ പോഡ്ഡാര്‍, ഡോള സെന്‍ രാജ്യസഭ എംപിയാണ്.

Next Story

RELATED STORIES

Share it