Latest News

ട്രാവന്‍കൂര്‍- കൊച്ചി പബ്ലിക് ഹെല്‍ത്ത് ആക്ടും മലബാര്‍ പബ്ലിക് ഹെല്‍ത്ത് ആക്ടും ഏകോപിപ്പിക്കാന്‍ ആലോചന

ട്രാവന്‍കൂര്‍- കൊച്ചി പബ്ലിക് ഹെല്‍ത്ത് ആക്ടും മലബാര്‍ പബ്ലിക് ഹെല്‍ത്ത് ആക്ടും ഏകോപിപ്പിക്കാന്‍ ആലോചന
X

തിരുവനന്തപുരം: ട്രാവന്‍കൂര്‍, കൊച്ചി പബ്ലിക് ഹെല്‍ത്ത് ആക്ടും മലബാര്‍ പബ്ലിക് ഹെല്‍ത്ത് ആക്ടും ഏകോപിപ്പിച്ച് സംസ്ഥാനത്ത് പുതിയൊരു പബ്ലിക് ഹെല്‍ത്ത് ആക്ട് രൂപീകരിക്കുമെന്ന് ആരോഗ്യവകുപ്പു മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കൊവിഡ് 19ന്റെ ഭാഗമായി കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വാര്‍ റൂമിന്റെ വിപുലീകരിച്ച, ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഉദ്യോഗസ്ഥതലത്തിലെ ചില പ്രശ്‌നങ്ങളാണ് പൊതുജനാരോഗ്യരംഗത്തെ നിയന്ത്രിക്കാന്‍ പൊതു നിയമം കൊണ്ടുവരുന്നതിന് തടസ്സമെന്നാണ് പറയപ്പെടുന്നത്. പൊതുനയങ്ങള്‍ നടപ്പാക്കുന്നതിന് ഇത് തടസ്സമെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. 2014 ഡിസംബറില്‍ പൊതു നിയമം ഉണ്ടാക്കുന്നതിന് ചില ശ്രമങ്ങള്‍ നടന്നിരുന്നു. അതിനുവേണ്ടി ഒരു കമ്മിറ്റിയെയും നിയോഗിച്ചു. കേരള മുനിസിപ്പാലിറ്റി ആക്റ്റ്, പഞ്ചാബയത്തിരാജ് ആക്റ്റ് തുടങ്ങിയ നിയമങ്ങളുമായി ഇടയാന്‍ സാധ്യതയുണ്ടെന്നാണ് പൊതുനിയമം കൊണ്ടുവരുന്നതിന് തടസ്സമായി ഉന്നയിക്കാറുള്ളത്. ട്രാവന്‍കൂര്‍, കൊച്ചി പബ്ലിക് ഹെല്‍ത്ത് ആക്റ്റ് 1955ലാണ് പാസ്സാക്കിയത്. മലബാറില്‍ പ്രാബല്യത്തിലുള്ള പബ്ലിക്ക് ഹെല്‍ത്ത് ആക്റ്റ് 1939ലുമാണ് പാസ്സാക്കിയത്.

ജീവിതശൈലീരോഗങ്ങള്‍ തടയുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ക്യാംപെയില്‍ സംഘടിപ്പിക്കുമെന്നും സാങ്കേതിക വിദ്യയുടെയും നവീന ആശയങ്ങളുടെയും സമന്വയമാണ് ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററെന്നും മന്ത്രി പറഞ്ഞു.

സ്വതന്ത്ര്യദിനത്തിന്റെ 75ആം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നഗരസഭയുടെയും സ്മാര്‍ട്‌സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റേയും സംയുക്താഭിമുഖ്യത്തിലാണ് ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

മാലിന്യ മുക്തപകര്‍ച്ചവ്യാധി മുക്ത ജില്ലയെന്ന ലക്ഷ്യത്തിലേക്ക് തിരുവനന്തപുരത്തെ എത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍. നഗരസഭ, കളക്ടറേറ്റ്, പോലീസ്, ആരോഗ്യവിഭാഗം എന്നിവയുടെ ഏകോപനത്തോടെ നഗരത്തിന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കാനുള്ള സംവിധാനം ഇവിടെ സജ്ജമാണ്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൊവിഡ് 19 കോള്‍ സെന്റര്‍, കൊവിഡ് ജാഗ്രതാ പോര്‍ട്ടല്‍ സംബന്ധിക്കുന്ന വിവരങ്ങള്‍, കോവിഡ് ബാധിതര്‍ക്കുള്ള ആംബുലന്‍സ് സേവനം, ആശുപത്രികളെ കുറിച്ചുള്ള വിവരങ്ങള്‍ ഇവയെല്ലാം ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ ലഭ്യമാണ്. കോവിഡ് 19ന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രളയം, മറ്റ് പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ അടിയന്തരഘട്ടങ്ങളില്‍ ജില്ലാതല തീരുമാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കേന്ദ്രം എന്ന നിലയിലും ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തിക്കും. ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ പ്രധാന കേന്ദ്രം നഗരസഭ ഓഫീസിലും ഉടന്‍ പ്രവര്‍ത്തന സജ്ജമാകും.

Next Story

RELATED STORIES

Share it