Latest News

ജൂണ്‍ ഒന്നു മുതല്‍ ട്രയിന്‍ സര്‍വ്വീസ് ആരംഭിക്കും; തീരുമാനത്തിനു പിന്നില്‍ പ്രതിപക്ഷ സംസ്ഥാനങ്ങളുടെ നിസ്സഹകരണം?

ജൂണ്‍ ഒന്നു മുതല്‍ ട്രയിന്‍ സര്‍വ്വീസ് ആരംഭിക്കും; തീരുമാനത്തിനു പിന്നില്‍ പ്രതിപക്ഷ സംസ്ഥാനങ്ങളുടെ നിസ്സഹകരണം?
X

ന്യൂഡല്‍ഹി: ജൂണ്‍ ഒന്നു മുതല്‍ ഭാഗികമായി ട്രയിന്‍ സര്‍വ്വീസ് ആരംഭിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ കുടിയേറ്റത്തൊഴിലാളികളെയും മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെയും സ്വീകരിക്കുന്നതിലുള്ള സംസ്ഥാന സര്‍ക്കാരുകളുടെ നിസ്സഹകരണമാണെന്ന് സൂചന. നേരത്തെ എടുത്ത തീരുമാനത്തില്‍ നിന്ന് കടകവിരുദ്ധമായ രീതിയിലാണ് ജൂണ്‍ ഒന്നു മുതലുള്ള ട്രയിന്‍ സര്‍വ്വീസിന്റെ കാര്യത്തില്‍ ഓപറേറ്റിങ് പ്രോട്ടോകോള്‍ തയ്യാറാക്കിയിട്ടുള്ളത്. പുതിയ പ്രോട്ടോകോള്‍ പ്രകാരം ട്രയിന്‍ സര്‍വ്വീസുകള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നോഡല്‍ പദവി മാത്രമേയുള്ളൂ. തീരുമാനമെടുക്കുന്നതിനുള്ള അധികാരം കേന്ദ്രത്തിനാണ്.

മെയ് ഒന്നു മുതലാണ് രാജ്യത്ത് ശ്രമിക് സ്‌പെഷ്യല്‍ ട്രയിന്‍ സര്‍വീസ് ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടങ്ങിയവരെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരികെയെത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിട്ടിരുന്നത്. അതനുസരിച്ച് 1600 ട്രയിനുകളാണ് റെയില്‍വേ സര്‍വീസ് നടത്തിയത്. അതില്‍ ഏറിയ പങ്കും ഉത്തര്‍പ്രദേശിലേക്കായിരുന്നു. ഏറ്റവും കൂടുതല്‍ തൊഴിലാളികളെ സ്വീകരിച്ചത് ഉത്തര്‍പ്രദേശാണ്. ഏറ്റവും കൂടുതല്‍ തൊഴിലാളികളെ തിരിച്ചയച്ചത് ഗുജറാത്തും. ബിഹാറും ധാരാളം കുടിയേറ്റത്തൊഴിലാളികളെ സ്വീകരിച്ചു.

മെയ് 1 മുതല്‍ ആരംഭിച്ച ശ്രമിക് ട്രയിന്‍ ഓപറേറ്റിങ് പ്രോട്ടോകോള്‍ അനുസരിച്ച് ഒരു ട്രയിന്‍ പോകണമെങ്കില്‍ പുറപ്പെടുന്ന സംസ്ഥാനം, എത്തിച്ചേരേണ്ട സംസ്ഥാനം, കേന്ദ്ര സര്‍ക്കാര്‍ എന്നിവരുടെ അനുമതി ആവശ്യമാണ്. ട്രയിന്‍ വിട്ടുനല്‍കാന്‍ റയില്‍വേയും. എന്നാല്‍ ഈ പദ്ധതി പ്രകാരം പല പ്രതിപക്ഷ സംസ്ഥാനങ്ങളും പ്രത്യേകിച്ച് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങിവരുന്നവരെ സ്വീകരിക്കാന്‍ തയ്യാറായില്ല. പരമാവധി വൈകിപ്പിക്കാനും ശ്രമിച്ചു. പല സംസ്ഥാനങ്ങളും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തൊഴിലാളികളെ സ്വീകരിക്കാന്‍ തയ്യാറാവത്ത കേസും ഉണ്ടായി. പഞ്ചാബ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കേരളം തള്ളിക്കളഞ്ഞത് ഉദാഹരണമാണ്. ഇതുവരെയും ഒരു ശ്രമിക് പ്രത്യേക വണ്ടിയും എത്തിച്ചേരാത്ത സംസ്ഥാനമാണ് കേരളം. ആകെ എത്തിയത് രാജധാനി എക്‌സ്പ്രസ്സാണ്. അതാകട്ടെ സംസ്ഥാനത്തിന്റെ അനുമതിയും ആവശ്യമില്ലായിരുന്നു. കേരളം മാത്രമല്ല, പല പ്രതിപക്ഷ സംസ്ഥാനങ്ങളും ഇതേ നിലപാടാണ് സ്വീകരിച്ചത്.

ഈ സാഹചര്യത്തിലാണ് ശ്രമിക് ട്രയിനുകള്‍ക്കു പുറമേ ദിനം പ്രതി 200 നോണ്‍ എ സി ട്രയിന്‍ കൂടെ ഓടിക്കാന്‍ റയില്‍വേ തീരുമാനിച്ചത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

നേരത്തെ ഓടിയിരുന്ന ശ്രമിക് ട്രയിനുമായി ഇതിനുള്ള പ്രധാന വ്യത്യാസം പുതിയ ട്രയിന് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ആവശ്യമില്ലെന്നതാണ്. തൊഴിലാളികളെ തിരിച്ചയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നതു മാത്രമാണ് ഏക ഉത്തരവാദിത്തം. തീരുമാനമെടുക്കുന്നതില്‍ ഒരു പങ്കുമില്ല. ചുരുക്കത്തില്‍ ഒരു നോഡല്‍ ഏജന്‍സിയുടെ റോള്‍ മാത്രമായി സംസ്ഥാന സര്‍ക്കാരിന്റെ അധികാരം മാറും.

അടുത്ത ദിവസങ്ങളിലായി ദിനംപ്രതി 200 ട്രയിന്‍ എന്നത് താമസിയാതെ 400 ആയി മാറുമെന്നാണ് അറിയുന്നത്. ഫലത്തില്‍ ലക്ഷക്കണക്കിനു തൊഴിലാളികള്‍ ഓരോ സംസ്ഥാനത്തും തടിച്ചുകൂടുകയായിരിക്കും ഫലം.

എന്നാല്‍ സംസ്ഥാനങ്ങളുടെ പങ്ക് ചുരുങ്ങിയെന്ന ആരോപണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. സര്‍ക്കാരുകളുടെ സഹകരണം ഇല്ലാതെ എങ്ങനെയാണ് ആളുകളെ ക്വാറന്റീന്‍ ചെയ്യുകയെന്ന് അജയ് ഭല്ല ചോദിച്ചു. വരേണ്ടവരുടെയും പോകേണ്ടവരുടെയും കണക്കുകള്‍ ജില്ലാ അധികാരികളില്‍ നിന്ന് സ്വീകരിച്ച് സംസ്ഥാന സര്‍്ക്കാരാണ് അയക്കേണ്ടത്. ആ കണക്കുകള്‍ വച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ട്രിയനുകള്‍ തീരുമാനിക്കുക- ആഭ്യന്തരമന്ത്രാലയത്തിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it