Latest News

ട്രെയ്‌നിലെ ആക്രമണം: ശ്രീക്കുട്ടിയുടെ കൂടെയുണ്ടായിരുന്ന അര്‍ച്ചനയേയും സുരേഷ് കുമാര്‍ ആക്രമിച്ചു

ട്രെയ്‌നിലെ ആക്രമണം: ശ്രീക്കുട്ടിയുടെ കൂടെയുണ്ടായിരുന്ന അര്‍ച്ചനയേയും സുരേഷ് കുമാര്‍ ആക്രമിച്ചു
X

തിരുവനന്തപുരം: പെണ്‍കുട്ടിയെ തീവണ്ടിയില്‍നിന്ന് പുറത്തേക്കു ചവിട്ടിത്തള്ളിയിട്ടയാള്‍ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്കുനേരെയും അതിക്രമം നടത്തി. ട്രാക്കില്‍ തലയടിച്ചുവീണ് അതീവ ഗുരുതരാവസ്ഥയിലായ പേയാട് സ്വദേശിനി ശ്രീക്കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന അര്‍ച്ചനയെയും ആക്രമിക്കാന്‍ പ്രതി ശ്രമിച്ചു. പ്രതിയുടെ ചവിട്ടേറ്റ് തെറിച്ചുവീണ അര്‍ച്ചന കമ്പിയില്‍ തൂങ്ങിക്കിടന്നാണ് രക്ഷപ്പെട്ടത്.

ആലുവയില്‍ പഠനാവശ്യത്തിനുപോയി അര്‍ച്ചനയ്ക്കൊപ്പം മടങ്ങുകയായിരുന്നു ശ്രീക്കുട്ടി. ശുചിമുറിയില്‍ പോയി മടങ്ങുംവഴിയാണ് മദ്യപാനി ആക്രമിച്ചതെന്ന് അര്‍ച്ചന പറഞ്ഞു. ''ഞങ്ങള്‍ ശുചിമുറിയില്‍പോയി മടങ്ങുംവഴിയാണ് പരിചയമില്ലാത്ത ഒരാള്‍ ആക്രമിച്ചത്. വാതിലിന്റെ വശത്തേക്ക് എത്തിയപ്പോള്‍ അയാള്‍ സോനയെ നടുവില്‍ ചവിട്ടി തള്ളിയിടുകയായിരുന്നു. അവള്‍ തെറിച്ചുവീഴുന്നതുകണ്ട് നിലവിളിച്ച എന്നെയും അയാള്‍ ചവിട്ടി. കമ്പിയില്‍ തൂങ്ങിക്കിടന്ന തന്നെ നിലവിളികേട്ടെത്തിയ മറ്റു യാത്രക്കാരാണ് ഉള്ളിലേക്കു തൂക്കിക്കയറ്റിയത്'-അര്‍ച്ചന പറഞ്ഞു.

തിരുവനന്തപുരത്തേക്കു വരുകയായിരുന്ന കേരള എക്സ്പ്രസില്‍ വര്‍ക്കല അയന്തിക്കു സമീപത്തുവെച്ച് ഞായറാഴ്ച രാത്രി 8.45-ഓടെയായിരുന്നു സംഭവം. അക്രമം കണ്ട യാത്രക്കാര്‍ ഉടന്‍തന്നെ അപായച്ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തിച്ചു. പരിക്കേറ്റ് ട്രാക്കില്‍ കിടന്ന ശ്രീക്കുട്ടിയെ റെയില്‍വേ പോലീസ് കൊല്ലത്തേക്കു പോകുകയായിരുന്ന മെമു തീവണ്ടിയില്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. ഇവിടെനിന്ന് ആംബുലന്‍സില്‍ ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോേളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തലയ്ക്കും കൈക്കും ഗുരുതരപരിക്കും ആന്തരിക രക്തസ്രാവവുമുണ്ടായ ശ്രീക്കുട്ടിക്ക് അടിയന്തരശസ്ത്രക്രിയ നടത്തി. നിലവില്‍ ശ്രീക്കുട്ടി വെന്റിലേറ്ററിലാണുള്ളത്.

അക്രമി വെള്ളറട പനച്ചമൂട് സ്വദേശി സുരേഷ്‌കുമാറിനെ(50) യാത്രക്കാര്‍ തീവണ്ടിയില്‍ തടഞ്ഞുവെച്ചു. കൊച്ചുവേളിയില്‍വെച്ചാണ് റെയില്‍വേ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Next Story

RELATED STORIES

Share it