Latest News

നാളെ മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലിസ് മേധാവിയുടെ നിര്‍ദേശം

നടപ്പിലാക്കുന്നത് കഴിഞ്ഞ ശനി ഞായര്‍ ദിവസങ്ങളിലുണ്ടായിരുന്നതിന് സമാനമായ നിയന്ത്രണങ്ങള്‍

നാളെ മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലിസ് മേധാവിയുടെ നിര്‍ദേശം
X

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നാളെ മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും നിലവിലുണ്ടായിരുന്നതിന് സമാനമായ നിയന്ത്രണങ്ങളാണ് നാളെ മുതല്‍ ഉണ്ടാകുക. നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്രചെയ്യാം. കൊറിയര്‍ സര്‍വീസ് ഹോം ഡെലിവറി വിഭാഗത്തില്‍പ്പെട്ടതായതിനാല്‍ അവയ്ക്ക് ഇളവുണ്ട്. കൊറിയര്‍ സര്‍വീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നഗരത്തിലോ പരിസരത്തോ ഉള്ള ഗോഡൗണിലേയ്ക്ക് പോകുന്നതിനും വരുന്നതിനും നിയന്ത്രണമില്ല. കൊറിയര്‍ വിതരണത്തിന് തടസ്സമില്ല. എന്നാല്‍ അത്തരം സ്ഥാപനങ്ങളില്‍ നേരിട്ട് ചെന്ന് സാധനങ്ങള്‍ കൈപ്പറ്റാന്‍ പൊതുജനങ്ങളെ അനുവദിക്കില്ല. ഇകൊമേഴ്‌സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കാനായി പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡിലും ഒരു വനിതാ പോലിസ് ഓഫിസറെ വീതം നിയോഗിക്കും. വനിതാ പോലിസ് സ്‌റ്റേഷന്‍, വനിതാ സെല്‍, വനിതാ സ്വയം പ്രതിരോധ സംഘം എന്നിവിടങ്ങളിലെ വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ഇതിനായി നിയോഗിക്കുക. സ്‌റ്റേറ്റ് പോലിസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കും. സംസ്ഥാന വനിതാ സെല്ലിലെ വനിതാ പോലിസുകാരെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാന്‍ തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്കും തിരുവനന്തപുരം റൂറല്‍ പോലിസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കി. വനിതാ സെല്‍ എസ്പി പരമാവധി വനിതാ പോലിസ് ഉദ്യോഗസ്ഥരെ ഇതിനായി കണ്ടെത്തും. ഈ ജോലികള്‍ക്കായി വനിതാ പോലിസ് ഉദ്യോഗസ്ഥരെ പരമാവധി അവരുടെ നാട്ടില്‍ തന്നെ നിയോഗിക്കും.

ഓക്‌സിജന്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് യാതൊരു തടസ്സവുമില്ലാതെ കടന്നുപോകുന്നതിന് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ സൗകര്യമൊരുക്കും. ഓക്‌സിജന്‍, മരുന്നുകള്‍ എന്നിവയുടെ നീക്കം തടസ്സപ്പെടാതിരിക്കാന്‍ എല്ലാ ജില്ലകളിലും ഒരു നോഡല്‍ ഓഫിസറെ ജില്ലാ പോലിസ് മേധാവി നിയോഗിക്കും. ഓക്‌സിജന്‍ കൊണ്ടുപോകുന്ന ഗ്രീന്‍ കോറിഡോര്‍ സംവിധാനത്തിന്റെ നോഡല്‍ ഓഫിസറായി ക്രമസമാധാന വിഭാഗം എഡിജിപിയെ നിയോഗിച്ചു. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കും. ഇത്തരം കാംപുകളില്‍ ദിവസേന സന്ദര്‍ശനം നടത്തണമെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it