Latest News

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: മുഖ്യപ്രതി ശ്യാംലാല്‍ പോലിസ് കസ്റ്റയില്‍

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: മുഖ്യപ്രതി ശ്യാംലാല്‍ പോലിസ് കസ്റ്റയില്‍
X

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശ്യാംലാലിനെ പോലിസ് പിടിയിലായി. ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തില്‍ നിന്നും ശ്യാംലാലിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇപ്പോള്‍ തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണറുടെ ഓഫിസിലാണ് ശ്യാം ലാലിനെ എത്തിച്ചിരിക്കുന്നത്. ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായി പോലിസ് കാണുന്ന വ്യക്തിയാണ് ശ്യാംലാല്‍. ഇയാളാണ് വിവിധ ഏജന്റുമാര്‍ വഴി ഉദ്യോഗാര്‍ഥികളില്‍ നിന്നും പണം വാങ്ങിയത്.

ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്യുന്നതിനായി ടൈറ്റാനിയത്തിലെത്തിച്ചത് ശ്യാംലാലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്ത 14 കേസുകളിലും പ്രതിയാണ് ശ്യാംലാല്‍. ഇയാളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം. തിരുവനന്തപുരം ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഏതാണ്ട് രണ്ടുകോടി രൂപയിലധികം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.

പ്രധാന ഇടനിലക്കാരി ദിവ്യ നായര്‍ ഇടനിലക്കാരന്‍ അഭിലാഷ് എന്നിവരാണ് കേസില്‍ നേരത്തെ പിടിയിലായ പ്രതികള്‍. ഇവര്‍ പിടിയിലായതോടെ മറ്റ് പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ടൈറ്റാനിയം ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പിയെ ഇതുവരെയും പിടികൂടാന്‍ ആയില്ല. ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 29 പേരില്‍ നിന്നായി ഒരുകോടി 85 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അന്വേഷണം നടക്കുന്നത്. ദിവ്യാ നായര്‍ ഉള്‍പ്പടെ അഞ്ച് പേരാണ് കേസിലെ പ്രതികള്‍. കന്റോണ്‍മെന്റ് പോലിസും വെഞ്ഞാറമൂട് പോലിസുമാണ് കേസെടുത്തത്.

ടൈറ്റാനിയം ലീഗല്‍ എജിഎം ശശി കുമാരന്‍ തമ്പി അഞ്ചാം പ്രതിയാണ്. പണം നേരിട്ട് വാങ്ങിയ ദിവ്യാ നായരാണ് ഒന്നാം പ്രതി. ദിവ്യയുടെ ഭര്‍ത്താവ് രാജേഷും പ്രതിയാണ്. പ്രേംകുമാര്‍, ശ്യാംലാല്‍ എന്നിവരാണ് മറ്റ് പ്രതികള്‍. മാസം 75,000 രൂപ ശമ്പളത്തില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടുതവണയായി 10 ലക്ഷം 2018 ഡിസംബറില്‍ വാങ്ങിയെന്നാണ് കന്റോണ്‍മെന്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പരാതി. പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് യുവതി പോലിസിനെ സമീപിച്ചത്. സമാന പരാതിയിലാണ് വെഞ്ഞാറമൂട് പോലിസും കേസെടുത്തത്.

Next Story

RELATED STORIES

Share it