Latest News

വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരാള്‍ രോഗമുക്തി നേടി

അതേസമയം രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന ട്രക്ക് ഡ്രൈവര്‍ സാംപിള്‍ പരിശോധന നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.

വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരാള്‍ രോഗമുക്തി നേടി
X

കല്‍പറ്റ: വയനാട് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പനമരം പഞ്ചായത്ത് പരിധിയിലെ പള്ളിക്കുന്ന് സ്വദേശികളായ 53, 25 വയസുകാരായ രണ്ട് പുരുഷന്മാരും 50 വയസ്സുള്ള സ്ത്രീയ്ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാവരും ഒരേ വീട്ടിലെ അംഗങ്ങളാണ്. മഹാരാഷ്ട്രയില്‍ നിന്നും കഴിഞ്ഞ 24 നാണ് ഇവര്‍ മുത്തങ്ങയിലെ പരിശോധന കേന്ദ്രത്തിലെത്തിയത്. അന്ന് മുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ചികില്‍സക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന ട്രക്ക് ഡ്രൈവര്‍ സാംപിള്‍ പരിശോധന നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. നിലവില്‍ രോഗം സ്ഥിരീകരിച്ച 10 പേര്‍ ഉള്‍പ്പെടെ 15 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലുണ്ട്. ഇന്ന് 196 പേരാണ് പുതുതായി നിരീക്ഷണത്തിലായത്. നിലവില്‍ 3807 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 328 ആളുകള്‍ ഉള്‍പ്പെടെ 1634 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 144 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1650 ആളുകളുടെ സാമ്പംപിളു ളില്‍ 1486 എണ്ണത്തിന്റെ ഫലം ലഭിച്ചു. 1462 എണ്ണം നെഗറ്റീവാണ്. 159 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1728 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 1429 എണ്ണവും നെഗറ്റീവാണ്. മാനന്തവാടി നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും എടവക ഗ്രാമ പഞ്ചായത്തിലെ 9 , 10 വാര്‍ഡുകളും പനമരം പഞ്ചായത്തിലെ 1 ,2 വാര്‍ഡുകളും കണ്ടെന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നൊഴിവാക്കിയതായി വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it