Latest News

'2007ന് ശേഷം ജനിച്ചവര്‍ക്ക് ഇനിമുതല്‍ പുകവലിക്കാന്‍ കഴിയില്ല': മാലിദ്വീപില്‍ പുകയിലക്ക് തലമുറ നിരോധനം

2007ന് ശേഷം ജനിച്ചവര്‍ക്ക് ഇനിമുതല്‍ പുകവലിക്കാന്‍ കഴിയില്ല: മാലിദ്വീപില്‍ പുകയിലക്ക് തലമുറ നിരോധനം
X

മാലി: 2007-ന് ശേഷം ജനിച്ചവര്‍ക്ക് ഇനിമുതല്‍ മാലിദ്വീപില്‍ പുകവലിക്കാന്‍ കഴിയില്ല. പുകയില ഉപയോഗത്തിന് തലമുറ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് മാലദ്വീപ്. ഇന്ന് മുതല്‍ ഇവിടെ നിയമം പ്രബല്യത്തില്‍ വന്നിരിക്കയാണ്. 2007 ജനുവരി ഒന്ന് മുതല്‍ ജനിച്ച വ്യക്തികള്‍ പുകയില വാങ്ങുന്നതും ഉപയോഗിക്കുന്നതും പുകയില ഉല്‍പ്പന്നങ്ങള്‍ അവര്‍ക്ക് വില്‍ക്കുന്നതും നിരോധിക്കുന്നു' എന്നാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന.

നവംബറില്‍ മാലിദ്വീപുകള്‍ പുകവലിക്കുന്നതിനുള്ള നിയമപരമായ പ്രായം 18 ല്‍ നിന്ന് 21 ആയി ഉയര്‍ത്തുകയും ഇ-സിഗരറ്റുകളും വാപ്പിംഗ് ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുകയും ചെയ്തു, ഈ നയം വിനോദസഞ്ചാരികള്‍ക്കും ബാധകമാണ്.കഴിഞ്ഞ വര്‍ഷം നവംബര്‍ 15 മുതല്‍ മാലിദ്വീപിലേക്ക് വേപ്പുകളും ഇ-സിഗരറ്റുകളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.

സമൂഹത്തിലെ അനാരോഗ്യകരമായ ശീലങ്ങള്‍ കൂട്ടായ പരിശ്രമത്തോടെ മാത്രമേ ഒഴിവാക്കാന്‍ സാധിക്കൂ എന്ന് വ്യക്തമാക്കി ഏപ്രില്‍ 13-നാണ് നിയമം മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചത്. അനാരോഗ്യകരമായ ജീവിതശൈലി ശീലങ്ങളാണ് മാലിദ്വീപില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇലക്ട്രോണിക് സിഗരറ്റുകളുടെയും വാപ്പിങ് ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി, വില്‍പ്പന, വിതരണം, കൈവശം വയ്ക്കല്‍, ഉപയോഗം എന്നിവയ്ക്ക് പ്രായഭേദമില്ലാതെ എല്ലാ വ്യക്തികള്‍ക്കും ബാധകമായ സമഗ്രമായ നിരോധനം പാലിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് 50,000 റുഫിയ (3,200 ഡോളര്‍) പിഴയാണ്, അതേസമയം വേപ്പ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് 5,000 റുഫിയ (320 ഡോളര്‍) പിഴയും ചുമത്തും. എല്ലാത്തരം പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഈ നിരോധനം ബാധകമാണ്.മാലിദ്വീപിലെത്തുന്ന സന്ദര്‍ശകര്‍ക്കും ഈ നിയമം ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ, പുകയിലക്ക് തലമുറ നിരോധനം നടപ്പിലാക്കിയ ഏക രാജ്യം മാലിദ്വീപായി മാറി.

Next Story

RELATED STORIES

Share it