Latest News

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: കോടതിവിധിയുടെ മറവില്‍ സച്ചാര്‍, പാലൊളി ശുപാര്‍ശകള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: കോടതിവിധിയുടെ മറവില്‍ സച്ചാര്‍, പാലൊളി ശുപാര്‍ശകള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: സച്ചാര്‍ പാലൊളി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മുസ് ലിം സാമൂഹ്യ പിന്നാക്കവസ്ഥ പരിഹരിക്കാനായി ആരംഭിച്ച ക്ഷേമ സ്‌കോളര്‍ഷിപ്പുകള്‍ കോടതി വിധിയുടെ സാങ്കേതിക മറവില്‍ അട്ടിമറിക്കാനാണ് പുതുക്കിയ അനുപാതത്തില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത് സംബന്ധിച്ച തീരുമാനമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. 80:20 അനുപാതം റദ്ദാക്കിയ കോടതി വിധിയിലേക്ക് നയിച്ചത് വി.എസ് സര്‍ക്കാറിന്റെ കാലത്ത് സംഭവിച്ച സാങ്കേതിക പിഴയാണ്. ബോധപൂര്‍വ്വമായിരുന്നു ഇത്തരമൊരു പിഴവ് സംഭവിച്ചതെന്ന് സര്‍ക്കാരുകള്‍ തന്നെ സമ്മതിക്കുന്നതാണ് ഇപ്പോഴത്തെ നീക്കം.

നിലവിലുള്ള സ്‌കോളര്‍ഷിപ്പ് അനുപാതം മാറ്റുക വഴി മുസ് ലിം സാമൂഹ്യ പിന്നാക്കാവസ്ഥ പരിഹരിക്കുക എന്ന അടിസ്ഥാന പ്രശ്‌നം തന്നെ വഴിമാറിയിരിക്കുന്നു. എന്നുമാത്രമല്ല ക്രൈസ്തവ വിഭാഗത്തിലെ ദുര്‍ബല ജനവിഭാഗമായ ലത്തീന്‍ പരിവര്‍ത്തിത ക്രൈസ്തവര്‍ എന്നിവര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ക്കായി വിദ്യാഭ്യസപരവും സാമൂഹ്യപരവും സാമ്പത്തികവുമായി മുന്നാക്കം നില്‍ക്കുന്ന മറ്റ് ക്രൈസ്തവ വിഭാഗങ്ങളുമായി മത്സരിക്കേണ്ടിയും വരും. സമൂഹ്യ നീതിക്ക് അനുഗുണമല്ല സര്‍ക്കാരിന്റെ ഈ നീക്കം. മുസ് ലിംകളുടെ സാമൂഹ്യ പിന്നാക്കാവസ്ഥ പരിഹരിക്കല്‍ സര്‍ക്കാരിന്റെ ലക്ഷ്യമാണെങ്കില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് എന്ന നിലയിലേക്ക് ചര്‍ച്ച വഴിമാറാന്‍ പാടില്ല. സച്ചാര്‍-പാലൊളി കമ്മിറ്റികളുടെ ശുപാര്‍ശകള്‍ നടപ്പിലാക്കും എന്നത് എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അത് ആത്മാര്‍ത്ഥതയോടെയാണ് പറഞ്ഞതെങ്കില്‍ അതിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുകയും സാങ്കേതിക പിഴവില്ലാത്ത നിയമനിര്‍മ്മാണം നടത്തുകയുമാണ് ഇടതു സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it