Latest News

വാഹന ഉടമകളില്‍ നിന്ന് ഫാസ്ടാഗ് വിവരങ്ങള്‍ ശേഖരിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം

വാഹന ഉടമകളില്‍ നിന്ന് ഫാസ്ടാഗ് വിവരങ്ങള്‍ ശേഖരിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം
X

ന്യൂഡല്‍ഹി: പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനു മുന്‍പും നാഷണല്‍ പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോഴും ഫാസ്ടാഗ് വിവരങ്ങള്‍ ശേഖരിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനോട് ആവശ്യപ്പെട്ടു.

രാജ്യമെമ്പാടുമുള്ള വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴോ, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോഴോ, ഫാസ്ടാഗ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം തീരുമാനിച്ചു. നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ (NETC), 'വാഹന്‍' (VAHAN) പോര്‍ട്ടലുമായി പൂര്‍ണമായി ബന്ധിപ്പിച്ചെന്നും 2020 മെയ് 14ന് ഇത് എപിഐയുമായി ചേര്‍ത്ത് പ്രവര്‍ത്തന സജ്ജമായെന്നും, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവയ്ക്ക് അയച്ച കത്തില്‍ മന്ത്രാലയം വ്യക്തമാക്കി. ഫാസ്ടാഗുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും VIN/VRN വഴിയാണ് 'വാഹന്‍' പോര്‍ട്ടലിന് ഇപ്പോള്‍ ലഭ്യമാകുന്നത്.

ഇതുപ്രകാരം, പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും, നാഷണല്‍ പെര്‍മിറ്റ് ഉള്ള വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോഴും ഫാസ്ടാഗ് വിവരങ്ങള്‍ ശേഖരിച്ചെന്ന് ഉറപ്പു വരുത്താനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

2017 മുതല്‍ എം, എന്‍ വിഭാഗത്തില്‍പ്പെട്ട പുതിയ വാഹനങ്ങളുടെ വില്പന സമയത്ത് ഫാസ്ടാഗ് ഘടിപ്പിച്ചിരിക്കണമെന്നത് നിര്‍ബന്ധമാക്കിയിരുന്നു. നാഷണല്‍ ഹൈവേ ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക്, ഇലക്ട്രോണിക് മാധ്യമത്തിലൂടെ, ടോള്‍ നല്‍കാന്‍ കഴിയുന്ന സംവിധാനമാണ് ഫാസ്ടാഗ്. എന്നാല്‍ ഫാസ്ടാഗ്, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തതും അവ ഉപയോഗിക്കാത്തതും ഇപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ കൂടുതല്‍ പരിശോധന നടത്തും. കൊവിഡ് സാഹചര്യത്തില്‍, നാഷണല്‍ ഹൈവേ ടോള്‍ പ്ലാസകളില്‍ കോവിഡ് വ്യാപനം തടയുന്നതിന് ഫാസ്ഗാടിന്റെ ഉപയോഗം സഹായകമാകും.

Next Story

RELATED STORIES

Share it