Latest News

സംഘപരിവാര്‍ ഭിന്നിപ്പിന്റെ ചരിത്രവ്യാഖ്യാനം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു; ഒ എം എ സലാം

സംഘപരിവാര്‍ ഭിന്നിപ്പിന്റെ ചരിത്രവ്യാഖ്യാനം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു; ഒ എം എ സലാം
X

ന്യൂഡല്‍ഹി: സംഘപരിവാര്‍ ഭിന്നിപ്പിന്റെ ചരിത്ര വ്യാഖ്യാനം രാജ്യത്തെ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം പ്രസ്താവിച്ചു. യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലാത്ത, ഭിന്നിപ്പിന്റെ വ്യാഖ്യാനങ്ങള്‍ ആര്‍എസ്എസ് ഔദ്യോഗിക ചരിത്രമാക്കി മാറ്റുകയാണ്.


പുരാതന ഇന്ത്യന്‍ ചരിത്രത്തെ ഹിന്ദു മുസ്‌ലിം സംഘര്‍ഷങ്ങളുടെ കഥയാക്കി നേരത്തെ വളച്ചൊടിച്ചു. ഇപ്പോള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലും ഇടപെടുന്നു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലും സംയുക്തമായി പ്രസിദ്ധീകരിച്ച ഇന്ത്യയുടെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് 387 മാപ്പിള പോരാളികളുടെ പേരുകള്‍ നീക്കം ചെയ്യാനുള്ള തീരുമാനം അസ്വസ്ഥാജനകമാണ്. ഇന്ത്യയിലെയും സ്വാതന്ത്ര്യസമരത്തിലെയും മുസ്‌ലിം സംഭാവനകളെ തിരഞ്ഞുപിടിച്ച് ഒഴിവാക്കുന്നത് മുസ്‌ലിംകളെ ചരിത്രപരമായി വില്ലന്‍മാരാക്കി ചിത്രീകരിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ്.


'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷത്തിന്റെ ഭാഗമായി ഐസിഎച്ച്ആര്‍ പ്രസിദ്ധീകരിച്ച പോസ്റ്ററില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കിയത് ഈ വ്യാജ ചരിത്രനിര്‍മ്മാണത്തിന്റെ മറ്റൊരു നീചമായ ഉദാഹരണമാണ്. ജയിലില്‍ നിന്ന് പുറത്തുവരാന്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത രാജ്യദ്രോഹിയായ സവര്‍ക്കര്‍ പോസ്റ്ററില്‍ ഇടം നേടിയതും നെഹ്‌റുവിന്റെ പേര് നീക്കം ചെയ്യപ്പെട്ടതും യാദൃശ്ചികമല്ല. സ്വാതന്ത്ര്യസമര സേനാനികള്‍ എന്ന നിലയില്‍ ഗാന്ധിയും സവര്‍ക്കറും ഒരൊറ്റ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടു എന്ന അസംബന്ധത്തിന് സാക്ഷിയാകാന്‍ നാം വിധിക്കപ്പെട്ടിരിക്കുകയാണ്.


ഇന്ത്യയുടെ ചരിത്രം വ്യത്യസ്ത വിഭാഗങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും വൈവിധ്യങ്ങളുടെയും ചരിത്രമാണ്. ഈ രാജ്യത്തെ ഓരോ ജനവിഭാഗവും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് കൊളോണിയല്‍ അധിനിവേശക്കാര്‍ക്കെതിരെ തോളോടുതോള്‍ ചേര്‍ന്ന് പോരാടിയത് കൊണ്ടാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. യഥാര്‍ത്ഥ ദേശസ്‌നേഹികള്‍ അവരുടെ വിയര്‍പ്പും രക്തവും ജീവിതവും ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ ബലിനല്‍കിയപ്പോള്‍, സംഘപരിവാര്‍ നേതാക്കളും അവരുടെ ആചാര്യന്‍മാരും ജനങ്ങളെ സ്വാതന്ത്ര്യസമരത്തില്‍ നിന്ന്് പിന്തിരിപ്പിക്കാനും ജനങ്ങള്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കാനുമാണ് ശ്രമിച്ചതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. ഈ സത്യം അവരുടെ മുന്നോട്ടുള്ള പോക്കിന് വലിയ തടസ്സമായി നില്‍ക്കുകയും അവരുടെ ഭൂതകാലം അവര്‍ക്ക് തന്നെ നാണക്കേടായി മാറുകയും ചെയ്തു. അതുകൊണ്ടാണ് അവരിപ്പോള്‍ വ്യാജചരിത്രം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ഭിന്നിപ്പിന്റെ ചരിത്രവ്യാഖ്യാനങ്ങള്‍ അടുത്ത തലമുറയിലേക്ക് എത്തിച്ചേര്‍ന്നാല്‍ അത് അവസാനിക്കാത്ത സാമുദായിക സ്പര്‍ധയക്ക് ഇടയാകും.


സംഘപരിവാറിന്റെ ഭിന്നിപ്പിന്റെ ചരിത്ര വ്യാഖ്യാനങ്ങള്‍ തള്ളിക്കളയാനും തുറന്നുകാട്ടാനും രാജ്യത്തെ ജനാധിപത്യശക്തികളോട് പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്യുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ മലബാര്‍ മാപ്പിള പോരാളികളുടെ പേരുകള്‍ നിലനിര്‍ത്തണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.




Next Story

RELATED STORIES

Share it