Latest News

'യൂ ട്യൂബ് വ്‌ളോഗര്‍ക്ക്' അഭിമുഖം നല്‍കാനെത്തിയ ചാരായ വാറ്റുകാരന്‍ കുടുങ്ങി

ഷാഡോ എക്‌സൈസ് സംഘത്തിലെ അഭിലാഷ് കുമ്മണ്ണൂര്‍, കെ.വി.വിശാഖ്, നൗഫല്‍ കരിം എന്നിവര്‍ വിനോദസഞ്ചാരികളായി ഇല്ലിക്കല്‍ക്കല്ലിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ മുറിയെടുത്താണ് പോളിനെ കുടുക്കിയത്.

യൂ ട്യൂബ് വ്‌ളോഗര്‍ക്ക് അഭിമുഖം നല്‍കാനെത്തിയ ചാരായ വാറ്റുകാരന്‍ കുടുങ്ങി
X

ഈരാറ്റുപേട്ട : തെങ്ങിന്‍ പൂക്കുല ഇട്ട് വാറ്റിയ സ്‌പെഷല്‍ ചാരായവുമായി 'യൂട്യൂബ് വ്‌ളോഗര്‍'ക്ക് മുന്നില്‍ അഭിമുഖം നല്‍കാനെത്തിയ ചാരായ വാറ്റുകാരന്‍ കിടിലം പോള്‍ കുടുങ്ങി. എക്‌സൈസ് ഷാഡോ സംഘമാണ് യൂട്യൂബ് വ്‌ളോഗറായി അഭിമുഖം നടത്താന്‍ എത്തിയതെന്ന് അറിയാതെയാണ് വാറ്റുകാരന്‍ തൊണ്ടിമുതലുമായി വണ്ടിപിടിച്ച് എത്തി അറസ്റ്റിലായത്. 'യൂട്യൂബ് വ്‌ളോഗറുടെ വേഷത്തില്‍ റിസോര്‍ട്ടില്‍ മുറിയെടുത്ത എക്‌സൈസ് സംഘത്തിന്റെ തന്ത്രൂപൂര്‍വ്വമായ നീക്കത്തില്‍ അകപ്പെട്ട മൂന്നിലവ് മേച്ചാല്‍ തൊട്ടിയില്‍ പോള്‍ ജോര്‍ജിനെയാണ്(43) ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി.പിള്ളയുടെ നേതൃത്വത്തില്‍ പിടികൂടിയത്.


ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോംസ്‌റ്റേകളിലെയും റിസോര്‍ട്ടുകളിലെയും വിനോദസഞ്ചാരികള്‍ക്ക് സ്ഥിരമായ വാറ്റുചാരായം വില്‍ക്കുന്നയാളാണ് പോള്‍ ജോര്‍ജ്ജ്. 'കിടിലം പോള്‍' എന്നറിയപ്പെടുന്ന പോള്‍ ജോര്‍ജ് നിരവധി ചാരായകേസുകളില്‍ പ്രതിയാണ്. എക്‌സൈസ് പാര്‍ട്ടിയെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു പതിവ്.


ഷാഡോ എക്‌സൈസ് സംഘത്തിലെ അഭിലാഷ് കുമ്മണ്ണൂര്‍, കെ.വി.വിശാഖ്, നൗഫല്‍ കരിം എന്നിവര്‍ വിനോദസഞ്ചാരികളായി ഇല്ലിക്കല്‍ക്കല്ലിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ മുറിയെടുത്താണ് പോളിനെ കുടുക്കിയത്. യൂട്യൂബ് വ്‌ളോഗര്‍മാരാണെന്നും പോളിന്റെ തെങ്ങിന്‍പൂക്കുല ഇട്ട് വാറ്റുന്ന നാടന്‍ ചാരായത്തിന്റെ രുചി തേടിയെത്തിയവരാണെന്നും പോളിനെ വിശ്വസിപ്പിച്ചു. ചാരായത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും അഭിമുഖത്തിനായി ചാരായവുമായി എത്താമോയെന്നും ചോദിച്ചു. തുടര്‍ന്ന് ചാരായവുമായി എത്തിയ പോളിനെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. പോളിന്റെ വീട്ടില്‍നിന്ന് 16 ലിറ്റര്‍ ചാരായവും 150 ലിറ്റര്‍ വാഷും ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. ചാരായം കടത്താന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. ഒരു ലിറ്റര്‍ ചാരായത്തിന് 1001 രൂപ വാങ്ങുന്ന പോള്‍ ലിറ്റര്‍ ഒന്നിന് ഒരു രൂപ ദൈവത്തിന് കാണിക്കയായി മാറ്റിവെച്ചിരുന്നു.




Next Story

RELATED STORIES

Share it