Latest News

ബെംഗളൂരുവിലെ പ്രളയത്തിന് കാരണം മുന്‍കാല സര്‍ക്കാരുകളെന്ന് കര്‍ണാടക മുഖ്യമന്ത്രി

ബെംഗളൂരുവിലെ പ്രളയത്തിന് കാരണം മുന്‍കാല സര്‍ക്കാരുകളെന്ന് കര്‍ണാടക മുഖ്യമന്ത്രി
X

ബെംഗളൂരു: ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട പ്രളയത്തിനു പിന്നില്‍ മുന്‍കാല സര്‍ക്കാരുകളാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. നിലക്കാത്ത മഴയില്‍ ബെംഗളൂരുവിലെ വലിയൊരു പ്രദേശം വെള്ളക്കെട്ടിലായിരുന്നു.

മഴയില്‍ മുങ്ങിയ നഗരത്തെ രക്ഷപ്പെടുത്തിയെടുക്കാന്‍ ഇതിനിടയിലും തന്റെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ഭാവിയില്‍ അത് ഉണ്ടാകാതിരിക്കാനും ശ്രമം നടത്തിയതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ് ബെംഗളൂരു നഗരത്തില്‍ അനുഭവപ്പെടുന്നത്. പലയിടങ്ങിലും വഴി തടസ്സപ്പെടുകയും വാര്‍ത്താവിനിമയ സംവിധാനങ്ങളും വൈദ്യുതിയും വിച്ഛേദിക്കപ്പെടുകയും ചെയ്തു.

'കര്‍ണാടകയില്‍, പ്രത്യേകിച്ച് ബെംഗളൂരുവില്‍ ഇതുപോലൊരു മഴ ലഭിച്ചിട്ടില്ല.. കഴിഞ്ഞ 90 വര്‍ഷത്തില്‍ ആദ്യമായാണ് ഇങ്ങനെ. എല്ലാ ടാങ്കുകളും നിറഞ്ഞുകവിഞ്ഞൊഴുകുന്നു, അവയില്‍ ചിലത് തകര്‍ന്നു, തുടര്‍ച്ചയായ മഴ, എല്ലാ ദിവസവും. മഴ പെയ്യുന്നു'- മുഖ്യമന്ത്രി പറഞ്ഞു.


'അടിസ്ഥാനപരമായി രണ്ട് സോണുകളിലാണ് പ്രശ്‌നം. മഹാദേവപുര സോണില്‍ 69 സംഭരണികളുണ്ട്. അവയെല്ലാം ഒന്നുകില്‍ തകര്‍ന്നു അല്ലെങ്കില്‍ കവിഞ്ഞൊഴുകുന്നു. രണ്ടാമതായി, എല്ലാ സ്ഥാപനങ്ങളും താഴ്ന്ന പ്രദേശങ്ങളിലാണ്, മൂന്നാമത്തേത്. കയ്യേറ്റമാണ്'- പ്രളയം തീവ്രമാവാനുള്ള കാരണങ്ങള്‍ മുഖ്യമന്ത്രി നിരത്തി.

മുന്‍ കാലങ്ങളില്‍ അധികാരത്തിലിരുന്ന സര്‍ക്കാരുകളുടെ പിഴച്ചുപോയ ആസൂത്രണമാണ് പ്രളയം തീവ്രമാവാന്‍ കാരണമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. താഴ്ന്ന തടാകക്കരയിലും മറ്റും നിര്‍മിതിക്കുള്ള അനുമതി നല്‍കിയതും പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തടാകങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നില്ല.

വെള്ളം വാര്‍ന്നുപോകുന്നതിനുള്ള സംവിധാനമൊരുക്കാന്‍ 1500 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും അതില്‍ 300 കോടി രൂപ നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it