Latest News

മലയോര ഹൈവേ പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ് 11ന് ചൊവ്വാഴ്ച

മലയോര ഹൈവേ പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ് 11ന് ചൊവ്വാഴ്ച
X

കോടഞ്ചേരി: മലയോര ഹൈവേയുടെ ഭാഗമായുള്ള കോടഞ്ചേരി മുതല്‍ കക്കാടംപൊയില്‍ വരെയുള്ള റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനം ചൊവ്വാഴ്ച (ആഗസ്റ്റ് 11) രാവിലെ 11ന് പുല്ലൂരാംപാറയില്‍ നടക്കും. പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതികളില്‍ ഒന്നായ കാസര്‍കോഡ് നന്ദാരപ്പടവു മുതല്‍ പാറശ്ശാല വരെയുള്ള മലയോര ഹൈവേയുടെ ഭാഗമായ കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ തുടക്കമാകും. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പാത മലപ്പുറം ജില്ലയില്‍ പ്രവേശിച്ച് നിലമ്പൂരുമായി ബന്ധപ്പെട്ടാണ് പോകുന്നത്. കോടഞ്ചേരി, പുലിക്കയം, നെല്ലിപ്പൊയില്‍, പുല്ലൂരാംപാറ, പുന്നക്കല്‍, കരിങ്കുറ്റി, പോസ്റ്റോഫീസ് ജംഗ്ഷന്‍, കൂമ്പാറ, മേലേ കൂമ്പാറ, ആനക്കല്ലുംപാറ, അകമ്പുഴ, താഴെ കക്കാട്, കക്കാടംപൊയില്‍ വഴിയാണ് പാത കടന്നു പോകുന്നത്.

34.3 കി.മീ നീളമുള്ള പാത 12 മീറ്റര്‍ വീതിയില്‍ ഹൈവേ നിലവാരത്തിലാണ് നിര്‍മ്മിക്കുന്നത്. ബിഎംബിസി നിലവാരത്തില്‍ 7 മീറ്റര്‍ വീതിയില്‍ കാര്യേജ് വേ, ശാസ്ത്രീയ രീതിയിലുള്ള ഡ്രെയിനേജ്, പ്രധാന കേന്ദ്രങ്ങളില്‍ ഇന്റര്‍ലോക്ക് വിരിച്ച നടപ്പാതകള്‍, യൂട്ടിലിറ്റി ഡക്ടുകള്‍, ആവശ്യമായ സ്ഥലങ്ങളിലെല്ലാം കലുങ്കുകളും ചെറുകിട പാലങ്ങളും സൈന്‍ബോഡുകള്‍, സിഗ്നല്‍ ലൈറ്റുകള്‍, വിശ്രമകേന്ദ്രങ്ങള്‍, ബസ്‌ബേകള്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുക. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘമാണ് 155 കോടി രൂപക്ക് പ്രവൃത്തി കരാറെടുത്തിട്ടുള്ളത്. 24 മാസമാണ് നിര്‍മ്മാണ കാലാവധി.

പാത പൂര്‍ത്തിയാകുന്നതോടെ തിരുവമ്പാടി മണ്ഡലത്തില്‍ വലിയ വികസനക്കുതിപ്പിന് വഴിയൊരുങ്ങും. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നടക്കുന്ന ചടങ്ങിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഉദ്യോഗസ്ഥ പ്രമുഖരും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ടി നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും.

Next Story

RELATED STORIES

Share it