Latest News

തട്ടിക്കൊണ്ട് വന്ന പിക്കപ്പ് അപകടത്തില്‍പ്പെട്ടു

പോലിസ് ജീപ്പിനെ ഇടിച്ചുമാറ്റി കടന്നുപോയ വാഹനം, തോട്ടിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു

തട്ടിക്കൊണ്ട് വന്ന പിക്കപ്പ് അപകടത്തില്‍പ്പെട്ടു
X

വര്‍ക്കല : ചടയമംഗലത്തുനിന്നും തട്ടിക്കൊണ്ടുവന്ന മത്സ്യം കയറ്റിയ പിക്കപ്പ് വാന്‍ വര്‍ക്കല നടയറയില്‍ അപകടത്തില്‍പ്പെട്ടു.അയിരൂര്‍ സ്‌റ്റേഷനിലെ പോലിസ് ജീപ്പിനെ ഇടിച്ചുമാറ്റി കടന്നുപോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പോലിസ് പിന്തുടര്‍ന്നപ്പോള്‍ അമിതവേഗത്തില്‍ നടയറ ഭാഗത്ത് തോട്ടിലേക്ക് വാഹനം ഇടിച്ചിറങ്ങുകയായിരുന്നു.വാഹനത്തിലുണ്ടായിരുന്നവര്‍ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു.പോലിസ് വാഹനത്തിന് ചെറിയ കേടുപാട് സംഭവിച്ചു.

പാരിപ്പള്ളി കടമ്പാട്ടുകോണത്തെ മത്സ്യമൊത്തവ്യാപാര മാര്‍ക്കറ്റില്‍നിന്നു മത്സ്യം വാങ്ങിയതുമായി ബന്ധപ്പെട്ട പണമിടപാടാണ് വാഹനം തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്ന് പോലിസ് സംശയിക്കുന്നു.

ചടയമംഗലം കലയം ഭാഗത്തുനിന്നു തിങ്കളാഴ്ച പുലര്‍ച്ചെയാണ് മത്സ്യവുമായിവന്ന പിക്കപ്പ് വാന്‍ തട്ടിയെടുത്തത്. വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തി വാഹനത്തിലുള്ളവരെ ഇറക്കിവിട്ടശേഷമാണ് വാഹനം തട്ടിയെടുത്തത്. വാഹനത്തില്‍ വന്നവര്‍ ചടയമംഗലം പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. വര്‍ക്കല അയിരൂര്‍ ഭാഗത്തേക്കു വാഹനം കടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അയിരൂര്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നതിനിടെ വാഹനം പോലിസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ചെമ്മരുതി പഞ്ചായത്തില്‍ ചാവടിമുക്കിനു സമീപം രാവിലെ 5.30നാണ് വാഹനം പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വാഹനത്തെ പിന്തുടര്‍ന്ന പോലിസ് ജീപ്പിനെ ഇടിച്ചുമാറ്റി വാഹനത്തിലുള്ളവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അമിതവേഗത്തില്‍ ഇടറോഡുവഴി നടയറ ഭാഗത്തേക്കു കടക്കുന്നതിനിടയില്‍ സമീപത്തെ തോട്ടിലേക്ക് വാന്‍ ഇടിച്ചിറങ്ങുകയായിരുന്നു. ചടയമംഗലം പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Next Story

RELATED STORIES

Share it