Latest News

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള പത്രത്തില്‍ പൊതിഞ്ഞത് ചിക്കനല്ല, റൊട്ടിയെന്ന് കുടുംബം; ഹോട്ടലുടമക്കെതിരേ കേസെടുത്തത് വധശ്രമത്തിനും മതസ്പര്‍ധ വളര്‍ത്തിയതിനും

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള പത്രത്തില്‍ പൊതിഞ്ഞത് ചിക്കനല്ല, റൊട്ടിയെന്ന് കുടുംബം; ഹോട്ടലുടമക്കെതിരേ കേസെടുത്തത് വധശ്രമത്തിനും മതസ്പര്‍ധ വളര്‍ത്തിയതിനും
X

സംഭാല്‍: യുപിയിലെ സംഭാലില്‍ മെഹാക് റസ്റ്റോറന്റിലെ തൊഴിലാളികള്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ പൊതിഞ്ഞത് ചിക്കനല്ല, റൊട്ടിയെന്ന് ഹോട്ടലുടമയുടെ മകന്‍. ഹോട്ടലുടമ താലിബ് ഹുസൈന്‍(58)നെയാണ് ഞായറാഴ്ച വൈകീട്ട് തന്റെ ഹോട്ടല്‍ കൗണ്ടറില്‍നിന്ന് ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പത്രത്തില്‍ ചിക്കന്‍ പൊതിഞ്ഞുനല്‍കിയെന്ന് ആരോപിച്ച് കേസെടുത്തത്.

ചിക്കന്‍ പൊതിഞ്ഞ് നല്‍കി ഹിന്ദുക്കളുടെ മതവികാരം വൃണപ്പെടുത്തിയെന്ന് പോലിസ് ആരോപിച്ചതായി താലിബിന്റെ മകന്‍ മുഹമ്മദ് താലിബ് പറഞ്ഞു. താലിബ് ഹുസൈന്‍ മനപ്പൂര്‍വമാണ് പത്രത്തില്‍ ചിക്കന്‍ പൊതിഞ്ഞുനല്‍കിയതെന്നാണ് ഹിന്ദുത്വ സംഘടനയുടെ ആരോപണം.

പിതാവിനെതിരേയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും പോലിസ് ഹിന്ദുത്വ സംഘടനകളുമായി ഗൂഢാലോചനപരമായി ഒത്തുകളിക്കുകയാണെന്നും മകന്‍ ആരോപിച്ചു.

ഹുസൈന്‍ ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലാണ് ഉള്ളത്. അറസ്റ്റ് ചെയ്യുമ്പോള്‍ ലഘുവായ കേസുകളാണ് ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും ഇപ്പോഴത് വധശ്രമമായി ഉയര്‍ത്തിയിട്ടുണ്ട്. ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനുള്ള നീക്കമാണ് പോലിസ് നടത്തുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ഹുസൈന്‍ തങ്ങള്‍ക്കുനേരെ കത്തിവീശിയെന്നാണ് സംഭാല്‍ കൊത് വാലി പോലിസ് ആരോപിക്കുന്നത്.

മതവികാരം വൃണപ്പെടുത്തുക(295എ), സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുക(153എ), വധശ്രമം(307), സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്യുക- തുടങ്ങിയ കേസുകളാണ് ചുമത്തിയിരിക്കുന്നത്.

തിരക്കേറിയ ഒരു നഗരത്തില്‍ എങ്ങനെയാണ് ഒരാള്‍ പോലിസിനുനേരെ കത്തിവീശുകളയെന്ന് കുടുംബം ചോദിക്കുന്നു. ഇത്തരം ആരോപണങ്ങള്‍ സാധൂകരിക്കുന്ന ഒരു തെൡും പോലിസ് ഹാജരാക്കിയിട്ടില്ല.

സംഭവത്തെക്കുറിച്ച് പല തരത്തിലുള്ള കഥകളാണ് പുറത്തുവന്നിട്ടുള്ളത്.


മെഹാക് റസ്‌റ്റോറന്റില്‍ പൊതിഞ്ഞുകൊടുക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നുവെന്നും തുടര്‍ന്ന് പോലിസ് ഹോട്ടല്‍ഉടമയെ അറസ്റ്റ് ചെയ്‌തെന്നുമാണ് ഒരു വിശദീകരണം.

90 ഫുള്‍പേജുകളും 116 ഒറ്റപ്പേജുകളുമാണ് പോലിസ് പിടിച്ചെടുത്തത്. നവരാത്രിയോടനുബന്ധിച്ച് പ്രാദേശികപത്രം പുറത്തിറക്കിയ സപ്ലിമെന്റാണ് ഇവയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രി സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ എത്തിയ പത്രങ്ങളാണ് ഇവ.

സാധാരണ പ്രദേശത്തെ എല്ലാ ഹോട്ടലുകളും ഇത്തരത്തില്‍ വാങ്ങുന്ന പത്രങ്ങളാണ് ഭക്ഷണം പൊതിയാന്‍ വാങ്ങുന്നത്. ആ പത്രങ്ങളില്‍ എന്ത് ചിത്രമാണ് അച്ചടിച്ചതെന്ന് ആരും നോക്കാറില്ലെന്ന് മകന്‍ പറഞ്ഞു.

ബിജെപിയുടെയും ഹിന്ദു ജാഗ്രന്‍ മഞ്ചിന്റെയും നേതാവായ കശ്യപാണ് ഹോട്ടല്‍ ഉടമയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്.

പ്രദേശത്തെ ഇറച്ചിക്കടകള്‍ക്കെതിരേ ഇയാളുടെ നേതൃത്വത്തില്‍ നേരത്തെ പ്രചാരണം നടന്നിരുന്നു. ഇപ്പോഴത്തെ സംഭവം അതുമായി ബന്ധപ്പെട്ടതാണോയെന്ന സംശയമുയര്‍ന്നിട്ടുണ്ട്. കശ്യപ് അത് നിഷേധിച്ചു.

Next Story

RELATED STORIES

Share it