Top

നിയമവാഴ്ച ഉറപ്പാക്കപ്പെടുന്നതിനൊപ്പം ജനസൗഹൃദ സേനയായി കേരള പൊലിസ് മാറിയെന്ന് മുഖ്യമന്ത്രി

നിയമവാഴ്ച ഉറപ്പാക്കപ്പെടുന്നതിനൊപ്പം ജനസൗഹൃദ സേനയായി കേരള പൊലിസ് മാറിയെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: മലബാര്‍ സ്‌പെഷ്യല്‍ പൊലിസ് ആസ്ഥാനത്ത് വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ 343 സേനാംഗങ്ങള്‍കൂടി കേരള പൊലിസിന്റെ ഭാഗമായി. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് മലപ്പുറത്തെ എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ പുതിയ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിവാദ്യം സ്വീകരിച്ചു.

സംസ്ഥാനത്താകെ പുതിയ സേനാംഗങ്ങള്‍ക്ക് ഏകീകൃത രീതിയില്‍ പരിശീലനം നല്‍കുന്നതിലൂടെ കേരള പൊലിസിന് ജനകീയ ഭാവം നല്‍കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനകീയ സേവനത്തിലൂന്നിയുള്ള പരിശീന രീതിക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ഇതിലൂടെ സേനയിലുണ്ടായ മാറ്റം വളരെ വലുതാണ്. കൊവിഡ് മഹാമാരിക്കാലത്ത് പരിശീലന സമയത്തു തന്നെ പുതിയ സേനാംഗങ്ങള്‍ക്ക് പൊതുസമൂഹവുമായി അടുത്ത് ഇടപഴകി ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാനായി. ഇതില്‍ നിന്നുള്ള അനുഭവം ഉള്‍ക്കൊണ്ട് കര്‍മ്മമണ്ഡലത്തില്‍ ജനകീയ സേവകരാകാന്‍ കഴിയണം. മുഴുവന്‍ സേനാംഗങ്ങളും പൊതുജന സേവകരാണെന്ന ധാരണയോടെയാണ് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടത്. അതേസമയം നിയമവാഴ്ചയും ക്രമസമാധാന പാലനവും ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിവാദ്യം സ്വീകരിച്ചു. എം.എസ്.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലിസ് ആംഡ് പൊലീസ് ബറ്റാലിയന്‍ കെ.പത്മകുമാര്‍, എം.എസ്.പി. കമാന്‍ഡന്റും ജില്ലാ പൊലിസ് മേധാവിയുമായ യു. അബ്ദുല്‍ കരീം എന്നിവരും സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. എം.എസ്.പി. ഡെപ്യൂട്ടി കമാന്‍ഡന്റ് ബി. അജിത്ത് കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

12 പ്ലാറ്റൂണുകളായാണ് പുതിയ സേനാംഗങ്ങള്‍ പരേഡ് ഗ്രൗണ്ടില്‍ അണിനിരന്നത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി എ. ഷമീര്‍ പരേഡ് നയിച്ചു. തിരുവനന്തപുരം കാട്ടാക്കട ഗോവിന്ദ മംഗലം സ്വദേശി എം. രാഹുല്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. ഇന്‍ഡോര്‍ പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തിരുവനന്തപുരം പൂവാര്‍ സ്വദേശി ജിഷ്ണു. പി. കുമാര്‍, ഔട്ട്‌ഡോര്‍ വിഭാഗത്തില്‍ മികവു പുലര്‍ത്തിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി വിഷ്ണു, മികച്ച ഷൂട്ടറായി തെരഞ്ഞെടുത്ത തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നകുല്‍. ജി. നായര്‍, ഓള്‍ റൗണ്ടറായി തെരഞ്ഞെടുത്ത തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശ്യാം കൃഷ്ണ എന്നിവര്‍ക്ക് എ.ഡി.ജി.പി. കെ. പത്മകുമാര്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കി.

കൊവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ദേശീയഗാനാലാപനത്തോടെ പരേഡ് വിടവാങ്ങി. ബിരുദാനന്തര ബിരുദധാരികളും ബിരുധാരികളും എഞ്ചിനീയറിങ്, അധ്യാപക യോഗ്യതയുള്ളവരുമായി ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് കേരളാ പൊലിസിന്റെ ഭാഗമായത്. പതിവ് പരിശീലനത്തിന് പുറമെ അത്യാഹിതങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, ആരോഗ്യ സേവനം, പൗരാവകാശങ്ങള്‍ സംരക്ഷിച്ചുള്ള നിയമപാലനം, ക്രമസമാധാന പാലനം തുടങ്ങി വിവിധ മേഖലകളിലായി 210 ദിവസങ്ങളിലായിട്ടായിരുന്നു പരിശീലനം. സേനാംഗങ്ങളുടെ ബന്ധുക്കളും നാട്ടുകാരുമുള്‍പ്പെടെയുള്ളവര്‍ ഇത്തവണ പരേഡ് കാണാന്‍ എത്തിയില്ല. ആരോഗ്യ ജാഗ്രത മുന്‍നിര്‍ത്തി മലപ്പുറം ജില്ലാ പൊലിസ് ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലും എം.എസ്.പിയുടെ ഫേസ്ബുക്ക് പേജിലും പരേഡിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it