Latest News

ഓഡിയോ ക്ലിപ്പില്‍ രഹസ്യങ്ങളൊന്നുമില്ല, പക്ഷേ ആരാണ് അത് ചോര്‍ത്തിയതെന്നതാണ് പ്രശ്‌നം; തൃണമൂലിനെതിരേ അമിത് ഷാ

ഓഡിയോ ക്ലിപ്പില്‍ രഹസ്യങ്ങളൊന്നുമില്ല, പക്ഷേ ആരാണ് അത് ചോര്‍ത്തിയതെന്നതാണ് പ്രശ്‌നം; തൃണമൂലിനെതിരേ അമിത് ഷാ
X

ന്യൂഡല്‍ഹി: ബംഗാളില്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടന്ന ദിവസം തൃണമൂല്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ രഹസ്യങ്ങളൊന്നുമില്ലെന്ന് അമിത് ഷാ. എന്നാല്‍ ആ ക്ലിപ്പുകള്‍ ആരാണ് ചോര്‍ത്തിയതെന്നത് പ്രശ്‌നം തന്നെയാണെന്ന് അദ്ദേഹം തിരിച്ചടിച്ചു.

ചില ഉദ്യോഗസ്ഥരെ മാറ്റണമെന്ന ആവശ്യം നേതാക്കള്‍ മുന്നോട്ടുവയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം ന്യായീകരിച്ചു.

''രണ്ട് ബിജെപി നേതാക്കള്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തെക്കുറിച്ച് പറയുകയായിരുന്നു. ഈ ആവശ്യങ്ങള്‍ എഴുതിത്തയ്യാറാക്കി നല്‍കിയതുമാണ്. ഈ സമയത്ത് ഉന്നയിക്കേണ്ട വിഷയം അത് ആരാണ് ചോര്‍ത്തിയതെന്നാണ്'' അമിത് ഷാ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഇടപെടുന്നവെന്ന ആരോപണങ്ങളെ ശരിവയ്ക്കുന്ന ഒരു ഓഡിയോ ക്ലിപ് തൃണമൂല്‍ പുറത്തുവിട്ടതിനു തൊട്ടടുത്ത ദിവസമാണ് അതിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ രംഗത്തുവന്നത്.

രണ്ട് ഓഡിയോ ക്ലിപ്പുകളാണ് ലീക്കായിട്ടുള്ളത്. ഒന്നില്‍ ബിജെപി നേതാവ് മുകുള്‍ റോയിയും മറ്റൊരു ബിജെപി നേതാവുമായുള്ള സംഭാഷണവും മറ്റൊന്നില്‍ മമതാ ബാനര്‍ജിയുടെ ശബ്ദത്തോട് സാമ്യമുള്ള ഒരു സ്ത്രീയും മറ്റൊരാളും തമ്മിലുള്ള സംസാരവും.

ബിജെപി അധ്യക്ഷന്‍ മുകുള്‍ റോയിയും മറ്റൊരു ബിജെപി നേതാവ് ശിശിര്‍ ബജോറിയയുമായുള്ള സംഭാഷണമാണ് ഒന്നാമത്തെ ക്ലിപ്പില്‍. ചില പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെക്കൊണ്ട് ചെയ്യിപ്പിക്കണമെന്നാണ് അതില്‍ മുകുള്‍ റോയി ആവശ്യപ്പെടുന്നത്. പോളിങ് ബുത്തുകളില്‍ ഇരിക്കുന്ന ബൂത്ത് ഏജന്റുമാരെ നിയമിക്കുന്നതില്‍ ചില നീക്കുപൊക്കുകള്‍ വേണമെന്നാണ് ബിജെപിയുടെ ആവശ്യം. ബൂത്ത് ഏജന്റുമാരായി അതേ ബൂത്തില്‍ വോട്ടുളള ആളെ നിയമിക്കാണമെന്ന നിയമത്തിനു പകരം ബംഗാളില്‍ എവിടെയുമുളള ഒരാള ആ സ്ഥാനത്തേക്ക് നിയമിക്കാവുന്നതാണെന്ന നിയമം കമ്മീഷനെക്കൊണ്ട് പുറപ്പെടുവിക്കണമെന്നാണ് മുകള്‍ റോയി ശിശിരിനോട് ആവശ്യപ്പെടുന്നത്. അങ്ങനെയല്ലെങ്കില്‍ ബിജെപിക്ക് പലയിടത്തും ഏജന്റുമാരെ നിയമിക്കാനാവില്ലെന്നും മുകുള്‍ പറയുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഇത്തരമൊരു ഉത്തരവ് കമ്മീഷന്‍ പാസ്സാക്കുകയും ചെയ്തിരുന്നു.ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എംപി സുദീപ് ബന്ദോപാധ്യായയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ പ്രതിനിധി സംഘം ശനിയാഴ്ച കമ്മീഷനെ കണ്ടിരുന്നു.

രണ്ടാമത്തെ ക്ലിപ്പില്‍ മമതയുടെ ശബ്ദവുമായി സാമ്യമുള്ള ഒരു സ്ത്രീശബ്ദം മുന്‍ തൃണമൂല്‍ നേതാവും നന്ദിഗ്രാമിലെ മമതയുടെ എതിരാളിയുമായ സുവേന്ദു അധികാരിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുന്‍ തൃണമൂല്‍ നേതാവ് പ്രലോയ് പാലുമായുള്ള സംഭാഷണമാണ്. അതില്‍ മമത നന്ദിഗ്രാമിലെ സ്ഥിതി പരിതാപകരമാണെന്നും തൃണമൂലിലേക്ക് തിരിച്ചുവരണമെന്നും പാലിനോട് പറയുകയാണ്. നാണം കെട്ടതാണെങ്കിലും അതില്‍ കുറ്റകരമായി ഒന്നുമില്ലെന്നാണ് പൊതുവില്‍ കരുതുന്നത്.

Next Story

RELATED STORIES

Share it