Latest News

സാങ്കേതിക തടസ്സം; മലപ്പുറം ജില്ലയിലെ വൃക്കരോഗികള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നഷ്ടമാകുന്നുവെന്ന് പരാതി

സാങ്കേതിക തടസ്സം; മലപ്പുറം ജില്ലയിലെ വൃക്കരോഗികള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നഷ്ടമാകുന്നുവെന്ന് പരാതി
X

മലപ്പുറം: മലപ്പുറം ജില്ലയിലെ വൃക്കരോഗികള്‍ക്ക് ഡയാലിസിസ് നടത്തുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ സംയുക്ത പദ്ധതി നടപ്പിലാക്കുവാനുള്ള പ്രായോഗിക പ്രയാസങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണണമെന്നും രോഗികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നിയമപരവും സാങ്കേതികവുമായ നടപടിക്രമങ്ങള്‍ കാരണം ഒരു വര്‍ഷത്തോളമായി ഈ പദ്ധതിയുടെ പ്രയോജനം രോഗികള്‍ക്കു ലഭിക്കാതെ നീണ്ടു നീണ്ടു പോവുകയാണെന്ന് കിഡ്‌നി സൊസൈറ്റി പ്രസിഡണ്ട് തറയില്‍ അബു, സിക്രട്ടരി ഉമ്മര്‍ അറക്കല്‍ എന്നിവര്‍ പ്രസ്താവിച്ചു.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അവശേഷിക്കുന്ന രണ്ടു മാസം മാത്രമാണ് ഇനി ഒരു വൃക്കരോഗിക്ക് സഹായം കിട്ടാനുള്ള സാധ്യതയുള്ളൂ ഇതിന് മുമ്പുള്ള കാലയളവിലെ സഹായങ്ങള്‍ രോഗികള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് സൊസൈറ്റി പ്രസിഡണ്ട് അബു തറയിലും സിക്രട്ടരി ഉമ്മര്‍ അറക്കലും പറഞ്ഞു. രോഗികള്‍ക്ക് നേരിട്ട് സഹായം കൊടുക്കാതെ, ചികിത്സ തേടുന്ന ആശുപത്രികളിലേക്ക് സഹായം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ സങ്കീര്‍ണതകള്‍ വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട് ഈ സ്ഥാപനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുമായി കരാറില്‍ ഏര്‍പ്പെടണമെന്ന നിബന്ധന പാലിക്കാന്‍ ജില്ലക്ക് പുറത്തുള്ള ആശുപത്രികളെ സംബന്ധിച്ചിടത്തോളം ആരും താല്പര്യം എടുക്കുന്നില്ല.

മലപ്പുറം ജില്ലയിലെ ആശുപത്രികള്‍ തന്നെ പൂര്‍ണ്ണമായും ഇതിനു തയ്യാറായി മുന്നോട്ടു വരുന്നില്ല. കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, മുക്കം, ഫറോക്ക്, കോയമ്പത്തൂര്‍, കുന്നംകുളം തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ ആശുപത്രികളില്‍ ഡയാലിസിസ് ചെയ്യുന്ന നൂറുകണക്കിന് വൃക്കരോഗികള്‍ മലപ്പുറം ജില്ലയില്‍ ഉണ്ട് . ഈ സ്ഥാപനങ്ങള്‍ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസറുമായി കരാര്‍ ഒപ്പിടാന്‍ മുന്നോട്ടു വരാന്‍ സാധ്യതയില്ല. ഇവര്‍ അതിന് തയ്യാറായില്ലെങ്കില്‍ ഇവിടെ ചികിത്സ തേടുന്ന ഒരു രോഗിക്ക് പോലും സഹായം ലഭിക്കില്ല ഫലത്തില്‍ പദ്ധതിയുടെ ആനുകൂല്യം രോഗിയുടെതല്ലാത്ത കുറ്റം കൊണ്ട് ഭൂരിഭാഗം രോഗികള്‍ക്കും നഷ്ടപ്പെടുകയാണ് ചെയ്യുന്നത് .

വൃക്കരോഗി ചികിത്സ നടത്തുന്ന ആശുപത്രിയില്‍നിന്നുള്ള സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രോഗികള്‍ക്ക് നേരിട്ട് അവരുടെ അക്കൗണ്ടിലേക്കോ ചെക്ക് വഴിയോ സഹായം നല്‍കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ രോഗികള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് കിഡ്‌നി പേര്‍ഷ്യന്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡണ്ട് തറയില്‍ അബു, സെക്രട്ടറി ഉമ്മര്‍ അറക്കല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

കൊവിഡിന്റെ ഒന്നാംഘട്ടത്തില്‍ ജില്ലാ പഞ്ചായത്ത് ഈ രീതിയില്‍ സഹായം നല്‍കിയത് വലിയ ആശ്വാസമായിരുന്നു. ഗ്രാമ, ബ്ലോക്ക്,, ജില്ലാ പഞ്ചായത്തുകള്‍ സംയുക്തമായി തയ്യാറാക്കിയ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിലേക്ക് കത്തിടപാടുകള്‍ നടത്തുകയും യോഗങ്ങള്‍ നിരന്തരമായി ചേരുകയും ചെയ്യുകയല്ലാതെ ഇതുവരെ ഒരു രോഗിക്ക് പോലും സഹായം നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പണം കൊടുത്ത് സഹായിക്കാന്‍ പഞ്ചായത്തുകള്‍ തയ്യാറായിട്ടും അപ്രായോഗികമായ നിബന്ധനകള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നല്‍കുന്ന ഉത്തരവുകള്‍ കാരണം വൃക്കരോഗികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാവാതിരിക്കുന്ന സാഹചര്യം സങ്കടകരമാണെന്ന് സൊസൈറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it