Latest News

മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍

അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍
X

പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. യുപി സ്‌കൂള്‍ അധ്യാപകനായ അനിലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എഇഒയുടെ റിപോര്‍ട്ടിന്മേലാണ് നടപടി. സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കണമെന്നും എഇഒ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കി.

വിഷയം അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മാനേജര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ നല്‍കിയത്. വിഷയത്തില്‍ മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്കും വിദ്യാഭ്യാസവകുപ്പ് നോട്ടീസ് അയച്ചു. സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

നവംബര്‍ 29നാണ് യുപി സ്‌കൂള്‍ അധ്യാപകനായ അനില്‍ പാലക്കാട് മലമ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ചത്. ഡിസംബര്‍ 18ന് സ്‌കൂള്‍ അധികൃതര്‍ സംഭവം അറിഞ്ഞിട്ടും പോലിസിനെ വിവരം അറിയിക്കുന്നതില്‍ വീഴ്ച പറ്റി. പരാതി നല്‍കാനും വൈകി. ജനുവരി മൂന്നിനാണ് വിദ്യാഭ്യാസ വകുപ്പിന് സ്‌കൂള്‍ പരാതി നല്‍കുന്നത്. നേരത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് സ്‌കൂളില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് എഇഒ റിപോര്‍ട്ട്.

അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാതെ രാജി എഴുതി വാങ്ങുകയാണ് ഉണ്ടായതെന്നും രക്ഷിതാക്കളുടെ നിസ്സഹകരണവും വിഷയത്തില്‍ പ്രശ്‌നമായെന്നും റിപോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ഥി സഹപാഠിയോട് നടത്തിയ തുറന്നുപറച്ചിലിലാണ് നവംബര്‍ 29ന് നടന്ന പീഡനത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. സ്‌കൂള്‍ വിഷയം ഒതുക്കി തീര്‍ത്തെങ്കിലും സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന ക്രൂരത പുറത്ത് വന്നതും പ്രതി പിടിയിലായതും.

നവംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കലോല്‍സവത്തില്‍ മികച്ച വിജയം നേടിയതിന് സമ്മാനം തരാമെന്ന് പറഞ്ഞാണ് ആണ്‍കുട്ടിയെ അധ്യാപകന്‍ തന്റെ വീട്ടിലെത്തിച്ചത്. കുട്ടിയെ അധ്യാപകന്‍ തന്നെ തന്റെ സ്‌കൂട്ടറില്‍ കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍വച്ച് കുട്ടിക്ക് മദ്യം നല്‍കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

Next Story

RELATED STORIES

Share it