Latest News

ലക്ഷ്യം സിവില്‍ സര്‍വീസ്: റിന്‍ഷയുടെ ജീവിതപോരാട്ടങ്ങള്‍

ലക്ഷ്യം സിവില്‍ സര്‍വീസ്: റിന്‍ഷയുടെ ജീവിതപോരാട്ടങ്ങള്‍
X

തിരൂര്‍: പുറത്തൂര്‍ എടക്കനാട് സ്വദേശിനി ജന്മനാ കിട്ടിയ അന്ധതയെ ഇച്ഛാശക്തി കൊണ്ട് നേരിട്ട റിന്‍ഷയുടെ ലക്ഷ്യം സിവില്‍ സര്‍വീസ്. പുറംലോകം കാണാനാകില്ലെങ്കിലും അകക്കണ്ണില്‍ അത്രമാത്രം തെളിച്ചവും വെളിച്ചവുമുള്ള നാടിന് അഭിമാനമായ റിന്‍ഷ എടക്കനാട് നായിക്കരുമ്പില്‍ ഷംസുദ്ധീന്റെയും ബി.പി. അങ്ങാടി വളപ്പില്‍ ഹാജറയുടെയും രണ്ട് മക്കളില്‍ ഇളയവളാണ്. നല്ലൊരു ഗായിക കൂടിയായ റിന്‍ഷ അറിയപ്പെടുന്നത് പുറത്തൂരിന്റെ വാനമ്പാടിയായാണ്.

ഏഴാം ക്ലാസ് വരെ ബ്ലൈന്‍ഡ് സ്‌കൂളില്‍ പഠിച്ചെങ്കിലും തുടര്‍ന്നുള്ള ഹൈസ്‌കൂള്‍ പഠനം വീടിനടുത്തുള്ള പുറത്തൂര്‍ ഗവ.ഹൈസ്‌കൂളിലായിരുന്നു. സ്‌കൂളിലെ വാര്‍ത്ത വായനക്കാരിയും റേഡിയോ ജോക്കിയുമായ റിന്‍ഷ 2020ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും ഫുള്‍ എപ്ലസ് നേടി.

റിന്‍ഷ തുടര്‍പഠനം ആഗ്രഹിക്കുന്നത് പുറത്തുര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കുളിലാണ്. പക്ഷേ, സ്‌കൂളില്‍ ഹുമാനിറ്റിസ് ബാച്ചില്ലാത്തത് ഉപരിപഠനത്തിനുള്ള സാധ്യതയെ മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. ഇതിനായി സ്ഥലം എംഎല്‍എ കൂടിയായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി. ജലീലിന് നിവേദനം നല്‍കിയിരിക്കുകയാണ്.

സംഗീത റിയാലിറ്റി ഷോകളിലൂടെ പേരെടുത്ത ടെലിവിഷന്‍ താരമായ റിന്‍ഷ സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവങ്ങളില്‍ നിരവധി തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഉജ്യല ബാല്യം അവാര്‍ഡ് ജേതാവ്, ദേശിയ ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ കുട്ടി ശാസ്ത്രജ്ഞ അംഗീകാരം, നിരവധി ദേശീയ മല്‍സര പരീക്ഷകളില്‍ പങ്കെടുത്ത് സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയും കരസ്ഥമാക്കി. പരിമിതക്കിടയില്‍ ശാസ്ത്രീയ സംഗീതവും അഭ്യസിച്ചു. പഠനത്തിനൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തുന്നു.

പരിമിതികള്‍ ഇല്ലാത്ത കുട്ടികള്‍ക്കൊപ്പം മത്സരിച്ചാണ് റിഷന്‍ നേട്ടം കൈവരിച്ചത്. ഐഎഎസ് ആണ് റിന്‍ഷയുടെ ഇനിയുള്ള സ്വപ്നം.

ചരിത്രവും രാഷ്ട്രീയവുമെല്ലാമാണ് ഇഷ്ട വിഷയങ്ങള്‍. തുടര്‍ പഠനങ്ങള്‍ പരസഹായമില്ലാതെ ചെയ്യണമെന്നാണ് റിന്‍ഷയുടെ ലക്ഷ്യം. ഇതിനായി സുമനസുകളുടെ സഹകരണത്തില്‍ ഒരു ലാപടോപ് ലഭിച്ചെങ്കില്‍ എന്ന പ്രത്യാശയിലാണ് ആണ് റിന്‍ഷ.

Next Story

RELATED STORIES

Share it