- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താച്ചി വാലി പ്രകൃതിയുടെ അത്ഭുത പറുദീസ
ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയിലെ അധികം ആരും കടന്നുചെല്ലാത്ത ഒരു ചെറിയ ഗ്രാമമാണ് താച്ചി വാലി.
കെ കെ നൗഫല്‍
മണാലി യാത്രയിലെ മുന്‍കൂട്ടി ആസൂത്രണം ചെയ്യാത്ത ഒന്നായിരുന്നു മാണ്ഡി ജില്ലയിലെ താച്ചിവാലിയിലേക്കുള്ള യാത്ര. ദൂരക്കൂടുതലുള്ളത് കൊണ്ട് അല്‍പം മടിച്ച് നിന്നെങ്കിലും പോയി നോക്കാം എന്ന് കരുതി യാത്ര പുറപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയിലെ അധികം ആരും കടന്നുചെല്ലാത്ത ഒരു ചെറിയ ഗ്രാമമാണ് താച്ചി വാലി. മണാലിയില്‍നിന്ന് താച്ചിയിലേക്ക് നേരിട്ട് ബസ്സില്ലാത്തത് കൊണ്ട് ചണ്ഡിഗഢ് വഴി ഡല്‍ഹിയിലേക്ക് പോകുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ്സില് കയറി മാണ്ഡി ജില്ലയിലെ ഓട്ട് എന്ന സ്ഥലത്ത് ഇറങ്ങണം. ഉച്ചയ്ക്ക് 12ന് ബസ്സില് കയറി ഏകദേശം രണ്ട് മണിക്കൂറിനു ശേഷം ഓട്ടിലെത്തിയപ്പോഴേക്കും വിശപ്പ് വയറിനുള്ളില്‍ ശല്യപ്പെടുത്തല് തുടങ്ങിയിരുന്നു. ബസ് സ്‌റ്റോപ്പിനടുത്തുള്ള പുഴയോട് ചേര്‍ന്നുള്ള ചെറിയൊരു റെസ്‌റ്റോറന്റില് ഉച്ചഭക്ഷണത്തിന് കയറി. നീല നിറത്തിലുള്ള തെളിച്ചമുള്ള വെള്ളം ഒഴുകുന്ന പുഴ കാഴ്ചയോടൊപ്പം റുമാല് റൊട്ടിയും ചിക്കനും വായിലേക്കൊഴുകി.
ഭക്ഷണ ശേഷം നേരെ ഓട്ട് ബസ് സ്റ്റാന്റിലേക്ക് നീങ്ങി. കുള്ളുവിലേക്കും മറ്റുമുള്ള ഏതാനും ബസുകള്‍ നിര്‍ത്തിയിട്ടുണ്ടായിരുന്നു. ഇതിനിടയില്‍ പുഴക്ക്പ്പുറത്തുള്ള മലയില് നിന്ന് എന്തോ ഒരു സാധനം കൃത്യമായി താഴോട്ട് വരുന്നത് ഭക്ഷണം കഴിക്കുന്നതിനിടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പക്ഷെ, എന്താണെന്ന് മനസിലാകാത്തതിനാല് കാര്യമായി എടുത്തിരുന്നില്ല. ബസ് അന്വേഷിച്ച് ഓട്ട് സ്റ്റാന്റിലെ ഓഫിസില് ചെന്നപ്പോഴാണ് കണ്ടത് മലമുകളില് നിന്ന് വന്ന് കൊണ്ടിരുന്നത് പുല്ലാണ് എന്ന്. മലമുകളില് നിന്ന് പുല്ല് അരിഞ്ഞ് താഴേക്ക് കൊണ്ട് വരുകയാണ്. മലമുകളില് നിന്ന് പുഴക്ക് കുറുകെ ഇരുമ്പ് കയര്‍ കുത്തനെയാക്കി കെട്ടിയിട്ടുണ്ട്. അതിലൂടെ മുകളില് നിന്ന് അരിഞ്ഞെടുത്ത് പുല്ല് മുകളില് നിന്ന് താഴേക്ക് വരുന്നു. താഴെ ഒരാളത് എടുത്ത് വൈക്കോല്‍ കൂന പോലെ കെട്ടിവെക്കുന്നു.
അല്പസമയത്തിനുള്ളില്‍ തന്നെ ഓട്ടിലേക്കുള്ള ബസ് വന്നപ്പോള് ഞങ്ങളതില്‍ കയറിയിരുന്നു. ഏകദേശം മൂന്ന് മണിക്കൂര് യാത്രയുണ്ട് താച്ചിയിലേക്ക്. ബസില് ആളുകളായതോടെ ബസ് പുറപ്പെട്ടു. ഓട്ട് ബസ്റ്റാന്റ് കഴിഞ്ഞതോടെ നേരെ തുരങ്കത്തിനുള്ളിലേക്ക് ബസ് പ്രവേശിച്ചു. ഏകദേശം ഒരു കിലോ മീറ്ററോളം ദൂരം തോന്നിക്കുന്ന തുരങ്കമാണ് ഓട്ട് ടണല്. തുരങ്കം കടന്ന് ബസ് ഇടത് വശത്തേക്ക് പ്രവേശിച്ചതോടെ പതുക്കെ സമതലത്തില് നിന്ന് പര്‍വതലത്തിലേക്ക് ഞങ്ങള് പ്രവേശിച്ചു. താളത്തിലുള്ള ബസ് യാത്രയോടൊപ്പം കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതിയുടെ കാഴ്ചകളും താച്ചിയുടെ മനോഹാരിതയും ദര്‍ശിക്കാനായി. വാലി ഓഫ് ഗോഡ്‌സ് എന്നാണ് താച്ചി വാലി അറിയപ്പെടുന്നത്. അത്രമാത്രം ക്ഷേത്രങ്ങള് അവിടെയുണ്ട്.
ഒരു ഭാഗത്ത് കീഴ്ക്കാം തൂക്കായ കൊക്ക മറുഭാഗത്ത് തലയിലേക്ക് എപ്പോള് വേണേലും വീഴാം എന്ന തരത്തിലുള്ള പാറ. ഇതിനിടയിലൂടെ കഷ്ടിച്ച് ഒരു ബസിന് കടന്നുപോകാം പാകത്തിലുള്ള റോഡ്. ചങ്കിടിപ്പ് കൂടിയും കുറഞ്ഞും മാറികൊണ്ടെയിരുന്നു. ഓരോ വളവ് എത്തുപ്പോഴും കണ്ടക്ടടര് മുന്നിലുള്ള സീറ്റിന്റെ ഹാന്റിലില് മുറുക്കിപ്പിടിച്ചുകൊണ്ടിരുന്നു. ബസ് കുന്ന് കയറുന്നതൊടൊപ്പം ഉള്ളില് ചെറിയ ഭീതി പരക്കാതിരുന്നില്ല. മൊബൈല് സിം നെറ്റ്‌വര്‍ക്ക് നഷ്ടമായി. രാത്രിയായി. ഇരുട്ട് പരക്കാന്‍ തുടങ്ങിയതോടെ മലകളിലുള്ള വീടുകളില്‍ വെളിച്ചം പ്രകാശിച്ചു. അതോടെ ജനവാസമുള്ള ഇടമാണെന്ന് മനസിലായി. വഴിയില് നിന്നൊക്കെ ആളുകള് കയറി ബസ് പൂര്‍ണമായും നിറഞ്ഞു. പതിയെ ഭീതിയകന്നു.
ബസ് പതുക്കെ മുന്നോട്ട് നീങ്ങി. തണുപ്പ് അരിച്ച് കയറാന്‍ തുടങ്ങിയതോടെ ബസ്സിന്റെ ഗ്ലാസ് അടച്ചു സെറ്റര്‍ എടുത്തിട്ടു. ബസ്സിലെ ഗ്രാമീണര്‍ മലയാളം സംസാരിച്ചുകൊണ്ടിരുന്ന ഞങ്ങളെ നോക്കി അടക്കം പറയുകയും ചിരിക്കുകയും ചെയ്തു. അവരെ നോക്കി ചിരിച്ച് ഞങ്ങള്‍ സംസാരം തുടര്‍ന്നു. അവരുടെ കൗതുകം നിറഞ്ഞ നോട്ടം കാണാന്‍ നല്ല രസമാണ്. ഗ്രാമത്തിലേക്കുള്ള മിക്ക സാധനങ്ങളും ബസ്സിലുണ്ട്.
താഴ്‌വരയിലെ ഗ്രാമമായ താച്ചി വില്ലേജില് എത്തിച്ചേരാന് ബസ് ഏകദേശം 2 മണിക്കൂര്‍ എടുത്തു. രാത്രി ഏഴ് മണിയായതോടെ താച്ചിയിലെത്തി. അവിടുന്ന് താമസിക്കാനുള്ള ഗസ്റ്റ് ഹൗസിലേക്ക് കാറില്‍ നീങ്ങി. താച്ചിയില്‍ മലയാളികള്‍ നടത്തുന്ന ഹിപ്പി ഗോത്ര എന്ന ഗെസ്റ്റ് ഹൗസിലാണ് താമസം റെഡിയാക്കിയിട്ടുള്ളത്. മലയാളിയായ ജുബീഷ് ആണ് ഹിപ്പി ഗോത്രയുടെ ഉടമസ്ഥന്‍. നാലോ അഞ്ചോ കിലോ മീറ്റര്‍ കാറ് മുന്നോട്ട് പോയ ശേഷം വണ്ടി നിര്‍ത്തി മുകളിലേക്ക് ചൂണ്ടിക്കാട്ടി ഡ്രൈവര് പറഞ്ഞു അവിടെയാണ് ഹിപ്പി ഗോത്ര ഗെസ്റ്റ് ഹൗസ് എന്ന്. പുറത്തിറങ്ങിയ ശേഷം നോക്കിയപ്പോള്‍ കിളിപോയി. അത്രക്കും ഉയരത്തിലായിരുന്നു. കാറില് നിന്ന് ഇറങ്ങിയതോടെ ട്രക്കിംഗ് തുടങ്ങി. കുന്നിന് മുകളിലേക്ക് ലെഗേജുമായി പതുക്കെ കയറി തുടങ്ങി. പകുതിയെത്തിയതോടെ ക്ഷീണിച്ച് ഇരിക്കാന് തുടങ്ങി. ഇതിനിടെ ഞങ്ങള് വരുന്നത് കണ്ട് മുകളില് നിന്ന് ഹിപ്പി ഗോത്രയിലെ ബാസില് വന്ന് ലെഗേജ് വാങ്ങി കയറാന് സഹായിച്ചു.
സാഹസികത നിറഞ്ഞ കയറ്റം മുകളിലെത്തിയപ്പോഴാണ് മനസിലായത് ഏകദേശം നൂറ് അടിയുള്ള പടികളാണ് ഞങ്ങള് കയറി പോന്നത് എന്ന്. ഗസ്റ്റ് ഹൗസിലെ റൂം, ഭക്ഷണം കഴിക്കുന്ന സ്ഥലം എന്നിവ വൃത്തിയും ഭംഗിയുമുള്ളതാണ്. ഭക്ഷണം കഴിക്കുന്നതിനായി മജ്‌ലിസ് രൂപത്തില് സജ്ജമാക്കിയിട്ടുണ്ട്. അടുക്കളിയിലെ ചുമരാകെ ചിത്രങ്ങള് വരച്ച്, താഴ്ന്ന ശബ്ദത്തില് പാട്ട് വെച്ചുള്ള വൈബുള്ള രാത്രിയായിരുന്നു താച്ചിയിലെ ആദ്യ രാത്രി. തിരക്കില്ലാത്ത, മലകളും പ്രകൃതിയും നിങ്ങളും മാത്രമുള്ള ശാന്തമായ ഒരു യാത്രയാണ് താച്ചിയിലേക്കുള്ള യാത്ര.
കഠിനമായ തണുപ്പ് മൂലം മൂന്നു വസ്ത്രം ധരിച്ചാണ് ഞങ്ങളുടെ നടപ്പ്. രാവിലെ നേരത്തെ എണീറ്റെങ്കിലും തണുപ്പ് കാരണം പുറത്തേക്കിറങ്ങിയില്ല. സൂര്യന്‍ വെളിച്ചം വീശിയതിന് ശേഷം മാത്രമാണ് പുറത്തിറങ്ങാന് ധൈര്യം ലഭിച്ചത്. പുറത്തിറങ്ങിയതൊടെ കുന്നിന് മുകളിലേക്ക് നടന്നു. താച്ചിയിലേക്ക് വരുന്നതിന് മുമ്പ് താഴെ നിന്ന് നോക്കിയപ്പോള് എല്ലാ മലകളും വിദൂരത്തായിരുന്നു. ഇപ്പോഴിതാ എല്ലാ കുന്നുകളും ഞങ്ങള്‍ നില്ക്കുന്ന അതേ ഉയരത്തില്. നാലുഭാഗത്തുള്ള കുന്നുകളും ഞങ്ങള്‍ക്ക് സമമായി. ഓരോ കുന്നിലും ചെറിയ വീടുകള്. വീടുകള്‍ക്ക് മുകളില് കമ്പം ഉണക്കാന്‍ ഇട്ടിരിക്കുന്നു. ഇങ്ങനെയിട്ടിരിക്കുന്ന കമ്പം ഉണക്കി പൊടിച്ച് മഞ്ഞുകാലത്ത് ഭക്ഷണത്തിന് വേണ്ടി ഉപയോഗിക്കും.
കുന്നിന് മുകളില് നില്‍ക്കുമ്പോള് തന്നെ തണുത്ത കാറ്റ് വന്ന് ശരീരത്തെയാകെ കുളിരണിയിക്കും. ശരീരം കോച്ചുന്ന തണുപ്പ്. തണുപ്പകറ്റാന്‍ വേണ്ടി ചെറിയ വ്യായാമങ്ങളിലൊക്കെ ഏര്‍പ്പെട്ടെങ്കിലും ഫലം കാണാത്തതിനാല്‍ കുറച്ച് ഫോട്ടെ എടുത്തു. താച്ചി താഴ്‌വരയുടെ സൗന്ദര്യം വാക്കുകളില് വിവരിക്കുക ഹിമാലയം കയറുന്നതിനേക്കാള് പ്രയാസമുള്ള കാര്യമാണ്. ഉച്ചയോടടുത്ത് ഗ്രാമങ്ങള് കാണാന് വേണ്ടി പുറപ്പെട്ടു. താമസിക്കുന്ന ഗെസ്റ്റ് ഹൗസിന്റെ യത്ഥാര്‍ഥ ഉടമസ്ഥരായ, ബാസിലൊക്കെ മമ്മി, പപ്പ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന (മമ്മിയും പപ്പയും താമസിക്കുന്നത് ഗെസ്റ്റ് ഹൗസിന്റെ പിറക് വശത്ത് തന്നെയാണ്), അവരുടെ മക്കളുടെ വീടുകള് നില്ക്കുന്ന ഗ്രാമത്തിലേക്ക് പോയി.
ഗ്രാമത്തിലെ വീടുകളൊക്കെ നിരമ്മിച്ചിരിക്കുന്നത് കല്ലുകളും മരങ്ങളും ഉപയോഗിച്ച് ഹിമാചലിലെ പരമ്പരാഗത രീതിയിലാണ്. അപൂര്‍വം വീടുകള് മാത്രമാണ് കോണ്‍ക്രീറ്റ് ഉപയോഗിച്ചിട്ടുള്ളത്. ഗ്രാമത്തിലൂടെ നടക്കുമ്പോള് നാട്ടുകാര്‍ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്. ആപ്പിള് സീസണ് അല്ലാത്തതിനാല് മരത്തില് നിന്ന് ആപ്പിള് പറിച്ച് തിന്നാനുള്ള മോഹം പൂവണിഞ്ഞില്ല. മമ്മിയുടെ ഒരു മകന്റെ വീട്ടില് കയറി ബാസില് ഞങ്ങളെ പരിചയപ്പെടുത്തി. അവിടെ പെണ്‍കുട്ടിയുടെ കല്ല്യാണം നടക്കാന്‍ പോകുന്നുണ്ട്. വിവാഹത്തിനാവശ്യമായ വസ്ത്രങ്ങള് പുറത്ത് നിന്ന് വാങ്ങുന്നതിന് പകരം അവര് തന്നെ സ്വയം തയ്ക്കുകയാണ് ഗ്രാമത്തില് പൊതുവെ ചെയ്യാറ്. ഞങ്ങള് ചെന്നപ്പോള് അവിടെ വിവിഹിതായാകാന്‍ പോകുന്ന പെണ്‍കുട്ടിയും സുഹൃത്തും വസ്ത്രം തയ്ക്കുന്നുണ്ട്.
അവരുടെ വീടിന്റെ തൊട്ടടുത്ത് തന്നെ അടുക്കളയും കുളിമുറിയും തയ്യാറാക്കുന്ന തിരക്കിലാണ് വീട്ടുകാര്‍. മേല്‍ക്കൂര നിര്‍മ്മിക്കാന് വേണ്ട മുളയും മറ്റ് മരങ്ങളുമൊക്കെ കൊണ്ടുവരുന്നുണ്ട് അവര്‍. മരം ചുമന്നുകൊണ്ടുവരുന്നതിലൊരാളെ ചൂണ്ടിക്കാണ്ടി ബാസില് പറഞ്ഞു 'ആ വരുന്നത് ഇവിടത്തെ പഞ്ചായത്ത് പ്രസിഡന്റ് ആണ് എന്ന്'. തേച്ചുമിനിക്കിയ വസ്ത്രമിട്ട, ചെളിപുരളാതെ നടക്കുന്ന പഞ്ചായത്ത് പ്രസിഡന്റുമാരെ കണ്ടുവളര്‍ന്ന ഞങ്ങള്‍ക്ക് ആ കാഴ്ച കൗതുകമുള്ളതായിരുന്നു. ദാഹിച്ചു ചെന്ന ഞങ്ങള്‍ക്ക് വെള്ളവും ആപ്പിളും ചായയും നല്‍കിയാണ് അവര്‍ ഞങ്ങളെ പറഞ്ഞയച്ചത്. താച്ചി സന്ദര്‍ശിക്കാന് ഏറ്റവും അനുയോജ്യമായ സമയം ആഗസ്ത് മാസമാണ്, കാരണം്‌തോട്ടങ്ങളില് ആപ്പിള് പാകമാകുന്ന സമയമാണ്. മഞ്ഞുവീഴ്ച അനുഭവിക്കണമെങ്കില് മഞ്ഞുകാലത്തും താച്ചിയിലേക്ക് പോകാം.
ലോകത്തില് നിന്ന് പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ട ഒരു സ്ഥലമാണ് താച്ചി. തനി നാടോടി ഗ്രാമം. അങ്ങിങ്ങായി ചില കാറുകള്‍ മാത്രം. നഗരവത്കരണത്തിന്റെ ഒരു സൂചനയുമില്ലാത്ത, പൂര്‍ണമായും പ്രകൃതി സൗന്ദര്യത്താല് നിറഞ്ഞു തുളുമ്പിനില്ക്കുന്ന കുന്നിന് മുകളിലെ കിളിക്കൂട്. ഗ്രാമം പൈന്‍, ദേവദാരു തോട്ടങ്ങള്‍, ആപ്പിള്‍, ചോളം എന്നിവയാല്‍ മൂടപ്പെട്ടിട്ടുണ്ട്.
തിരിച്ച് ഗെസ്റ്റ് ഹൗസിലേക്കുള്ള യാത്ര ഒരു കുന്നില് നിന്ന് മറ്റൊരു കുന്നിലേക്കുള്ള യാത്രപോലെയായിരുന്നു ഞങ്ങള്‍ക്ക്. കുത്തനെയുള്ള മല കയറിയുള്ള നടത്തം ഞങ്ങളെ തളര്‍ത്തിയെങ്കിലും പതുക്കെ നടന്നു ലക്ഷ്യസ്ഥാനത്തെത്തി. ഉച്ചയ്ക്ക് ശേഷമാണ് ചെറിയ രീതിയിലുള്ള ഫോട്ടോഷൂട്ട് നടത്താനുള്ള ആഗ്രഹം ഉദിച്ചത്. സംഗതി നടത്തുകയും ചെയ്തു. ബാസില്‍ കാമറയുമായി വന്ന് ഭംഗിയായി പടം എടുത്ത് തന്നു. പ്രകൃതി അറിഞ്ഞ് അനുഗ്രഹിച്ച് സൃഷ്ടിച്ച സ്ഥലമാണ് ആ കുന്ന്. ആ പച്ചപ്പിന്റെ പശ്ചാതലത്തില്‍ ഒരുമിച്ചുള്ളതും ഒറ്റക്കുള്ളതുമായ കുറച്ച് അടിപൊളി ഫോട്ടോ എടുത്തു. പിറ്റേന്ന് രാവിലെ തന്നെ മണാലിയിക്ക് തിരിച്ചു. ബസ്സിലെ കുന്നിറക്കവും രസമുള്ള, സാഹസികത നിറഞ്ഞ യാത്രയാണ്. ഇറക്കമായത് കൊണ്ട് ബസ് വേഗത്തില് താഴെ എത്തിയതായി തോന്നി.
നമ്മളുടെ പോക്കറ്റ് കാലിയാകാതെ ആവോളം ആസ്വദിച്ച് കഴിയാന് പാകത്തിലാണ് താച്ചിയിലെ ചുറ്റുപാട്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി താച്ചി വാലി പ്രദേശത്തെ പ്രതിനിധീകരിക്കുന്നത് കൊണ്ട് അദ്ദേഹത്തിന് വന്ന് പോകുന്നതിനും മറ്റുമായി തയ്യാറാക്കിയ ഹെലിപാഡും യാത്രയില് കണ്ടു. താച്ചിയിലെത്തിയത് മുതല്‍ തൊട്ടടുത്ത മലയില്‍ നിന്ന് പാട്ട് കേള്‍ക്കുന്നുണ്ടായിരുന്നു. അന്വേഷിച്ചപ്പോളാണ് മനസിലായത് അത് കല്ല്യാണത്തിന്റെ ഭാഗമായുള്ള പാട്ടാണ്. നാലും അഞ്ചും അതില് കൂടുതലും ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നതാണ് അവിടുത്തെ കല്ല്യാണങ്ങള്. ബാസിലും സുഹൃത്തുക്കളും ചെയ്തു തന്ന സഹായങ്ങളെ നന്ദിയോടെ ഓര്‍ക്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. ഭക്ഷണവും താമസവും പടം പിടുത്തവും പ്രകൃതി ആസ്വാദനവും എല്ലാം നല്ല രീതിയില്‍ നടന്നു. ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മണ്ടി ജില്ലയിലെ താച്ചി വാലി സന്ദര്‍ശിക്കാന്‍ മറക്കരുത്
ഹിമാചല്‍ പ്രദേശിലെത്തിയാല്‍ നിങ്ങള് നഷ്ടപ്പെടുത്താന് പാടില്ലാത്ത സ്ഥലങ്ങളില്‍ ഒന്നാണ് താച്ചി വാലി. താച്ചി വാലി സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് താമസിക്കാന്‍ പറ്റിയ ഇടമാണ് ഹിപ്പി ഗോത്ര. തനിച്ചോ, കപ്പിള്‌സ് ആയോ കുടുംബമൊന്നിച്ചോ നിങ്ങള്‍ക്ക് കഴിയാം. അതിന് പറ്റിയ സൗകര്യം അവിടെയുണ്ട്. ഇത് പറയാന് കാരണം താമസിക്കാന് അവിടെ അധികം സ്ഥലങ്ങളൊന്നും ഇല്ല എന്നത് കൊണ്ടാണ്. എയര്‍ട്ടെല്‍, ജിയോ മൊബൈല്‍ സിമ്മുകള്‍ക്കാണ് ഇവിടെ റേഞ്ച് ഉള്ളത്. കലവറയില്ലാത്ത പ്രകൃതിയുടെ മനോഹാരിത അനുഭവിക്കാന്‍ താച്ചിയുടെ സുഗന്ധം നുകരാന്‍ താച്ചിയിലേക്ക് വരു. കലവറയില്ലാത്ത അനുഭവങ്ങള് താച്ചി വാലി നിങ്ങള്ക്ക് സമ്മാനിക്കും തീര്‍ച്ച.
RELATED STORIES
മദ്യപിച്ച് വാഹനമോടിച്ച് അപകടം: നടന് ബൈജുവിനെതിരേ കേസ്
14 Oct 2024 2:02 AM GMTഅമൃതാ സുരേഷിന്റെ പരാതിയില് നടന് ബാല അറസ്റ്റില്
14 Oct 2024 1:51 AM GMTഇസ്രായേലില് ഹിസ്ബുല്ലയുടെ ഡ്രോണ് ആക്രമണം നാല് സയണിസ്റ്റ് സൈനികര്...
14 Oct 2024 1:40 AM GMTപ്രശസ്ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു
13 Oct 2024 5:31 PM GMTമദ്റസകള് നിര്ത്തലാക്കാനുള്ള നിര്ദേശം വംശഹത്യാ പദ്ധതി : റസാഖ്...
13 Oct 2024 5:11 PM GMTസംസ്ഥാനത്ത് ദേശവിരുദ്ധ പ്രവര്ത്തനങ്ങളുണ്ടെന്ന് പറഞ്ഞില്ലെന്ന്...
13 Oct 2024 4:05 PM GMT