Latest News

തിരുനാവായ കുംഭമേള; സംസ്ഥാന സര്‍ക്കാരിനെതിരേ ടി പി സെന്‍കുമാര്‍

തിരുനാവായ കുംഭമേള; സംസ്ഥാന സര്‍ക്കാരിനെതിരേ ടി പി സെന്‍കുമാര്‍
X

തിരുവനന്തപുരം: തിരുനാവായ കുംഭമേള തടയാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് മുന്‍ ഡിജിപിയും സംഘപരിവാര്‍ സഹയാത്രികനുമായ ടി പി സെന്‍കുമാര്‍ ആരോപിച്ചു. കുംഭമേളയുടെ ഭാഗമായി ഭാരതപ്പുഴയ്ക്ക് കുറുകെ താത്കാലിക പാലം നിര്‍മിക്കുന്നത് റവന്യൂ വകുപ്പ് തടഞ്ഞ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പാലം നിര്‍മിക്കാന്‍ വാക്കാല്‍ അനുമതി ലഭിച്ചതായും ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

മറ്റു മതവിഭാഗങ്ങളുടെ ആഘോഷങ്ങള്‍ തടസ്സമില്ലാതെ നടക്കുമ്പോള്‍ ഹൈന്ദവ സമൂഹത്തിന്റെ ആചാരങ്ങളും ആഘോഷങ്ങളും തടയുന്നത് തെറ്റായ സമീപനമാണെന്ന് സെന്‍കുമാര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. തിരുനാവായ ഹൈന്ദവ വിശ്വാസികള്‍ക്ക് അതീവ പ്രാധാന്യമുള്ള സ്ഥലമാണെന്നും, ദേശത്തിന്റെ രക്ഷക്കും ജനങ്ങളുടെ അഭിവൃദ്ധിക്കുമായി ബ്രഹ്മദേവന്‍ യാഗം നടത്തിയ ഭൂമിയെന്ന വിശ്വാസം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ ആചാരങ്ങളെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന തരത്തിലുള്ള സമീപനമാണ് ചില സംസ്ഥാനങ്ങളില്‍ കാണുന്നതെന്നും, കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ അതിന് പിന്തുണ ലഭിക്കുന്നുവെന്നും സെന്‍കുമാര്‍ ആരോപിച്ചു. ഇന്ത്യയില്‍ ഭൂരിപക്ഷം ഹിന്ദുക്കളുള്ളതിനാലാണ് മതേതരത്വം നിലനില്‍ക്കുന്നതെന്നും, മറ്റൊരു മതത്തിന് ഭൂരിപക്ഷമുണ്ടായാല്‍ എന്ത് സംഭവിക്കുമെന്ന് ചുറ്റുപാടുകള്‍ നോക്കിയാല്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പുകളില്‍ ഹൈന്ദവ സമൂഹം ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതയും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി. ചില സാഹചര്യങ്ങളില്‍ പ്രധാന എതിരാളിയെ തോല്‍പ്പിക്കാന്‍ രണ്ടാമത്തെ എതിരാളിയെ പിന്തുണയ്‌ക്കേണ്ടി വരുമെന്നും, ജയിക്കാന്‍ കഴിയാതിരുന്നാലും തോല്‍പ്പിക്കാന്‍ കഴിയുന്ന വോട്ട് ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it