Latest News

'അമൃത്' പദ്ധതി: തൃശൂര്‍ കോര്‍പറേഷനെതിരെ കേന്ദ്ര വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ എം പി

പദ്ധതികളിലൊന്നില്‍ പോലും സുതാര്യതയോ കൃത്യമായ ആസൂത്രണമോ ഇല്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ടി എന്‍ പ്രതാപന്‍ കേന്ദ്ര മന്ത്രാലയങ്ങള്‍ വിഷയത്തില്‍ അടിയന്തിരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്.

അമൃത് പദ്ധതി: തൃശൂര്‍ കോര്‍പറേഷനെതിരെ കേന്ദ്ര വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ എം പി
X

ന്യൂഡല്‍ഹി: കേന്ദ്ര നഗര വികസന വകുപ്പ് മന്ത്രാലയത്തിന് കീഴിലുള്ള അടല്‍ മിഷന്‍ ഫോര്‍ റെജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (അമൃത്) പദ്ധതിയില്‍ തൃശൂര്‍ കോര്‍പറേഷന്‍ വ്യാപകമായി അഴിമതി നടത്തുന്നു എന്ന പരാതിയില്‍ കേന്ദ്ര വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ എം പി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും നഗര വികസന വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരിക്കും കത്ത് നല്‍കി.

സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ അമൃത് പ്രോജക്ടുകളില്‍ ഒന്നാണ് തൃശൂര്‍ കോര്‍പറേഷന് കീഴിലുള്ളത്. പ്രധാനമായും കുടിവെള്ള വിതരണം, അഴുക്കുചാല്‍ നിര്‍മ്മാണം, മാലിന്യ സംസ്‌കരണം, പാര്‍ക്കുകളുടെ നിര്‍മ്മാണം എന്നിങ്ങനെയാണ് പ്രധാനമായും ഈ പദ്ധതിക്ക് കീഴിലായി തൃശൂര്‍ കോര്‍പറേഷന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍ പദ്ധതികളിലൊന്നില്‍ പോലും സുതാര്യതയോ കൃത്യമായ ആസൂത്രണമോ ഇല്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ടി എന്‍ പ്രതാപന്‍ കേന്ദ്ര മന്ത്രാലയങ്ങള്‍ വിഷയത്തില്‍ അടിയന്തിരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മേല്‍നോട്ടത്തിനും വിലയിരുത്തലിനും ജില്ലയിലെ മുതിര്‍ന്ന എം പി അധ്യക്ഷനായും ജില്ലാ കലക്ടര്‍ മെമ്പര്‍ സെക്രട്ടറിയായും കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രൂപം കൊടുത്ത റിവ്യൂ കമ്മിറ്റിക്ക് മുന്‍പില്‍ മോണിറ്ററിങ്ങിന് വിധേയമാക്കാനും കോര്‍പറേഷന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഈ നടപടിയെന്ന് ടി എന്‍ പ്രതാപന്‍ പറയുന്നു.

ആകെ 260 കോടിയോളം വരുന്ന പദ്ധതിയില്‍ 190 കോടി രൂപയും വകയിരുത്തിയിരിക്കുന്നത് കുടിവെള്ള വിതരണത്തിനാണ്. എന്നാല്‍ കുറെയധികം പൈപ് വാങ്ങി കുഴിച്ചിട്ടതല്ലാതെ ഒരുതുള്ളി വെള്ളം പോലും വിതരണം ചെയ്യാനുള്ള ഒരു നീക്കവും കോര്‍പറേഷന്‍ നടത്തിയിട്ടില്ലെന്ന് പ്രതാപന്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ നിലവിലുള്ള കുടിവെള്ള വിതരണത്തിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ മറ്റൊരു കുടിവെള്ള പദ്ധതിക്ക് കിഫ്ബിയില്‍ നിന്ന് പണം കണ്ടെത്താനുള്ള നീക്കങ്ങള്‍ നടത്തികൊണ്ടിരിക്കെ അനാവശ്യമായ ഒരു പദ്ധതിക്കാണ് നിലവില്‍ കോര്‍പറേഷന്‍ ശ്രമിക്കുന്നതെന്നും പീച്ചിയില്‍ നിന്നും വെള്ളം കോര്‍പറേഷന്‍ പരിധിയിലേക്ക് എത്തിക്കാനുള്ള ശാസ്ത്രീയമായ സംവിധാനങ്ങള്‍ ആവിഷ്‌കരിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ വലിയ തുക പാഴാക്കുകയാണെന്നും കത്തില്‍ പറയുന്നു.

സീവറേജ് നിര്‍മ്മാണത്തിനായി പന്ത്രണ്ട് ഏക്കറോളം വരുന്ന തണ്ണീര്‍ത്തടങ്ങള്‍ കോര്‍പറേഷന്‍ വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഒന്നിലും സുതാര്യതയില്ല. ഏഴു കോടിയോളം വരുന്ന ഈ പദ്ധതികള്‍ കോഴിക്കോട് ആസ്ഥാനമായുള്ള റാം ബയോളജിക്കല്‍സിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഈ കമ്പനിക്കാണെങ്കില്‍ ഈ മേഖലയില്‍ യാതൊരു പരിചയവുമില്ല. കാനകളുടെ നിര്‍മ്മാണം തീര്‍ത്തും അശാസ്ത്രീയമാണ്. റോഡില്‍ നിന്ന് വെള്ളം കാനകളിലേക് ഒഴുകിപ്പോകുന്നതിനുള്ള സാഹചര്യവുമില്ലെന്നും കത്തില്‍ പറയുന്നു.

കോര്‍പറേഷന്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാതെ ഭരണപക്ഷം ഏകപക്ഷീയമായി കാര്യങ്ങള്‍ നടത്തുകയാണ്. പല നീക്കങ്ങളും സംശയാസ്പദമാണ്. കോര്‍പറേഷന്‍ ഭരിക്കുന്ന സി പി എം നേതൃത്വം കേന്ദ്ര പദ്ധതികളില്‍ പോലും രാഷ്ട്രീയവത്കരണം നടത്തുകയാണ് എന്നും പ്രതാപന്‍ കുറ്റപ്പെടുത്തുന്നു. കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനകള്‍ക്കോ നിര്‍മ്മാണ ഉദ്ഘാടനകള്‍ക്കോ പോലും സ്ഥലം പാര്‍ലമെന്റ് മെമ്പറെ പങ്കെടുപ്പിക്കാതെ രാഷ്ട്രീയം കളിക്കുകയാണ് കോര്‍പറേഷന്‍ അധികാരികളെന്ന് കത്തില്‍ പറയുന്നു.

കേന്ദ്ര വിജിലന്‍സിന് പുറമെ കേന്ദ്ര നഗര വികസന മന്ത്രാലയവും ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് എം പി ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it