Latest News

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍
X

കോഴിക്കോട്: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍. മുസ് ലിംകള്‍ മയക്കുമരുന്ന് നല്‍കി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റുകയാണെന്ന് ആരോപിച്ച പാലാ ബിഷപ്പിന്റെ ആരോപണത്തോട് മന്ത്രി വാസവന്‍ സ്വീകരിച്ച നിലപാട് സര്‍ക്കാരിന്റേതാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സമസ്ത നിലപാട് വ്യക്തമാക്കിയത്.

ഇസ് ലാമില്‍ നിര്‍ബന്ധിത മതംമാറ്റമില്ല, മതം മാറ്റത്തിനുവേണ്ടി ജിഹാദുമില്ല. ജിഹാദ് ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ്. ഖുര്‍ആനിലെ പദങ്ങള്‍ ചിലര്‍ തോന്നിയ പോലെ വ്യാഖ്യാനിക്കുന്നു. ഒരോ വാക്കിനും പത്തു പതിനഞ്ചും അര്‍ത്ഥങ്ങളുണ്ട്. അത്തരത്തില്‍ സംശയമുണ്ടായാല്‍ വിദഗ്ധനായ ഒരാളെ സമീപിച്ച് സംശയനിവാരണം വരുത്തണം. മുസ് ലിംകള്‍ മതഹൗഹാര്‍ദ്ദത്തിന് പ്രധാന്യം നല്‍കുന്നവരാണ്. സമസ്തയുടെ ഭരണഘടന തുടങ്ങുന്നതേ ഇത് പറഞ്ഞുകൊണ്ടാണ്. ഏതെങ്കിലും ഒരു മുസ്‌ലിം എന്തെങ്കിലും പറഞ്ഞാല്‍ അത് ഇസ് ലാമിന്റെ ഭാഗമായി മനസ്സിലാക്കുന്നത് ശരിയല്ല. പ്രണയം പലര്‍ക്കുമിടയിലുണ്ട്. മുസ് ലിമും ഹിന്ദുവും ക്രിസ്ത്യാനിയും ഒക്കെത്തമ്മിലുണ്ടാവും. അവര്‍ രാഷ്ട്രത്തിന്റെ നിമയമത്തിനനുസരിച്ച് ജീവിക്കുന്നു. അതിനെ മതംമാറ്റവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല. ബിഷപ്പ് പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്. നര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ സര്‍ക്കാരിനോട് പറയണമായിരുന്നു. ബന്ധപ്പെട്ടവര്‍ ബിഷപ്പിനെ പ്രോല്‍സാഹിപ്പിക്കുകയാണ്. സര്‍ക്കാരും ഇത്തരക്കാരെ പ്രോല്‍സാഹിപ്പിക്കുകയാണോ എന്ന് സംശയമുണ്ട്. - ജിഫ്രി തങ്ങള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it