Latest News

കൂടത്തായി കൊലപാതക കേസിൽ കുറ്റമുക്തയാക്കണമെന്ന ജോളിയുടെ ഹരജി സുപ്രിംകോടതി തള്ളി

കൂടത്തായി കൊലപാതക കേസിൽ കുറ്റമുക്തയാക്കണമെന്ന ജോളിയുടെ ഹരജി സുപ്രിംകോടതി തള്ളി
X

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ കുറ്റമുക്തയാക്കണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതി ജോളി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. രണ്ടര വര്‍ഷമായി ജയിലിലാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിച്ച ജോളിക്ക് ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കി. കേസില്‍ തെളിവില്ലെന്നായിരുന്നു ജോളിയുടെ മുഖ്യവാദം. അഭിഭാഷകന്‍ സച്ചിന്‍ പവഹയാണ് അവര്‍ക്കായി ഹാജരായത്. ബന്ധുക്കളായ ആറുപേരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ജോളി. ഭര്‍ത്താവ് റോയ് തോമസ് ഉള്‍പ്പെടെ കൂടത്തായി പൊന്നാമറ്റം തറവാട്ടിലെ ആറുപേരാണ് 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. 2019ലാണ് കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്. 2002 ആഗസ്ത് 22ന് റിട്ട. അധ്യാപികയും ജോളിയുടെ ഭര്‍തൃ മാതാവുമായ അന്നമ്മ തോമസിന്റെ മരണമായിരുന്നു കൊലപാതക പരമ്പരയില്‍ ആദ്യത്തേത്. ആട്ടിന്‍ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പിന്നീട് ഇവരുടെ ഭര്‍ത്താവ് ടോം തോമസും മകനും ജോളിയുടെ ഭര്‍ത്താവുമായ റോയ് തോമസും സമാന രീതിയില്‍ മരിച്ചു. പിന്നാലെ അന്നമ്മയുടെ സഹോദരന്‍ എം എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ ഒരു വയസ്സുള്ള മകള്‍ ആല്‍ഫൈന്‍, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു. ആറ് മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ റിപോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആറു മരണങ്ങളും കൊലപാതകമെന്ന് പോലിസ് കണ്ടെത്തുകയായിരുന്നു.

Next Story

RELATED STORIES

Share it