Latest News

തെരുവുനായ ശല്യം: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും സുപ്രിംകോടതിയുടെ കടുത്ത വിമര്‍ശനം

തെരുവുനായ ശല്യം: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും സുപ്രിംകോടതിയുടെ കടുത്ത വിമര്‍ശനം
X

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകളെയും കേന്ദ്ര സര്‍ക്കാരിനെയും സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു. തെരുവുനായയുടെ കടിയേറ്റ് മരിക്കുന്ന ഓരോ വ്യക്തിയുടെയും കുടുംബത്തിന് സര്‍ക്കാര്‍ വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) ചട്ടങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. ഇന്ന് നടന്ന വാദത്തിനിടെയായിരുന്നു കോടതിയുടെ നിര്‍ണായക പരാമര്‍ശം.

നായയുടെ കടിയേറ്റ് മരിക്കുന്ന ഓരോ പുരുഷനും സ്ത്രീക്കും കുട്ടിക്കും ബന്ധപ്പെട്ട സര്‍ക്കാരുകളില്‍ നിന്ന് കനത്ത നഷ്ടപരിഹാരം ഈടാക്കുമെന്ന് കോടതി വ്യക്തമാക്കി. തെരുവുനായ്ക്കള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം നല്‍കുന്നവരെയും ബെഞ്ച് വിമര്‍ശിച്ചു. നായകളോട് സ്‌നേഹമുള്ളവര്‍ അവയെ സ്വന്തം വീടുകളില്‍ കൊണ്ടുപോയി പരിപാലിക്കണമെന്നും, പൊതുയിടങ്ങളില്‍ മറ്റുള്ളവരെ ഭീഷണിയിലാക്കുന്ന രീതിയില്‍ അവയെ അഴിച്ചുവിടരുതെന്നും കോടതി നിര്‍ദേശിച്ചു. നായ കടിക്കുന്നതിന്റെ ആഘാതം ഇരകളുടെ ജീവിതത്തില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. മൃഗസ്‌നേഹികള്‍ക്ക് നായകളോടുമാത്രമാണ് വികാരമെന്നും, കോടതിക്ക് മനുഷ്യരുടെ സുരക്ഷയോടാണ് കൂടുതല്‍ പ്രതിബദ്ധതയെന്നും കോടതി പരോക്ഷമായി വിമര്‍ശിച്ചു. ഒരൊറ്റ ജീവിവര്‍ഗത്തിനായി മാത്രം സംസാരിക്കുന്നത് ശരിയല്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

തെരുവുനായ്ക്കള്‍ മനുഷ്യരുടെ ഭയം തിരിച്ചറിയുമെന്നും ഭയപ്പെടുന്നവരെ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണെന്നും മുന്‍പ് കോടതി നിരീക്ഷിച്ചതായും വ്യക്തമാക്കി. ആശുപത്രികള്‍, സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങള്‍ തെരുവുനായ വിമുക്തമാക്കുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്താനും കോടതി ബന്ധപ്പെട്ട അധികാരികളോട് നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it