Latest News

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് സുപ്രിം കോടതി

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന്  സുപ്രിം കോടതി
X

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെതിരെയുള്ള തന്റെ ഹരജിയില്‍ വിധി പറയാന്‍ ഹൈകോടതിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തീര്‍പ്പാക്കി. ഫെബ്രുവരി 29ന് വാദം പൂര്‍ത്തിയായിട്ടും ഹൈകോടതി വിധി പറയാന്‍ വൈകിയതില്‍ പ്രതിഷേധിച്ചാണ് സോറന്‍ ഇപ്പോഴത്തെ ഹരജി സമര്‍പ്പിച്ചത്.

മെയ് മൂന്നിന് ഹൈകോടതി വിധി പ്രസ്താവിച്ചതോടെ ഹരജി നിഷ്ഫലമായെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അടുത്തയാഴ്ച പരിഗണിക്കുന്ന രണ്ടാമത്തെ ഹരജിയില്‍ എല്ലാ തര്‍ക്കങ്ങളും ഉന്നയിക്കാന്‍ സോറന് സ്വാതന്ത്ര്യമുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.

ഹരജിയെ നിഷ്ഫലമായി കണക്കാക്കരുതെന്ന് സോറന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ബെഞ്ചിനോട് അഭ്യര്‍ഥിച്ചു. പുതിയ ഹരജിയില്‍ ഇഡി പ്രതികരണത്തിന് കൂടുതല്‍ സമയം തേടുമെന്നും ഇത് കൂടുതല്‍ കാലതാമസമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വാദങ്ങളും പുതിയ ഹരജിയില്‍ പരിഗണിക്കാമെന്ന് ബെഞ്ച് അറിയിച്ചു.

അനധികൃതമായി ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുന്ന മാഫിയയുടെ മറവില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നതായും ഇതുമായി സോറന് ബന്ധമുണ്ടെന്നുമാണ് ഇ.ഡി ആരോപണം. കേസില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 14 പേര്‍ അറസ്റ്റിലായിരുന്നു. ജനുവരി 20ന് റാഞ്ചിയിലെ ഔദ്യോഗിക വസതിയില്‍ സോറനെ ഏഴുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു.

Next Story

RELATED STORIES

Share it