Latest News

ആഗോള അയ്യപ്പസംഗമത്തിനെതിരായ ഹരജി തള്ളി സുപ്രിംകോടതി

ആഗോള അയ്യപ്പസംഗമത്തിനെതിരായ ഹരജി തള്ളി സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ആഗോള അയ്യപ്പസംഗമത്തിനെതിരായ ഹരജി സുപ്രിംകോടതി തള്ളി. ആഗോള അയ്യപ്പസംഗമം നടത്താമെന്ന ഹൈക്കോടതി വിധിക്കെതിരേ വന്ന ഹരജിയാണ് സുപ്രിംകോടതി തള്ളിയത്. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് കോടതി പറഞ്ഞു.

സംഗമത്തിന് അനുമതിനല്‍കിയ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് ഡോ പി എസ് മഹേന്ദ്രകുമാറാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. അയ്യപ്പസംഗമത്തില്‍ സര്‍ക്കാര്‍ പങ്കുവഹിക്കുന്നത് ഭരണഘടനയിലെ മതേതരത്വത്തിന്റെ ലംഘനമാണെന്നാണ് ഹരജിയിലെ ആരോപണം. ദേവസ്വം ബോര്‍ഡിനെ ഭരണകക്ഷിയുടെ രാഷ്ട്രീയായുധമാക്കി മാറ്റാനാവില്ല. ദേവസ്വത്തിന്റെ ഫണ്ട് ഇത്തരം ആവശ്യങ്ങള്‍ക്കായി വകമാറ്റാനാവില്ലെന്നും അഡ്വ. എം എസ് വിഷ്ണുശങ്കര്‍വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞു.

ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഹരജിയില്‍ പറയുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താന്‍ ചട്ടപ്രകാരം കഴിയില്ല. ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ ക്ഷേത്ര ഫണ്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ഹരജിക്കാര്‍ മുന്നോട്ടുവച്ച മറ്റൊരു വാദം. ദേവസ്വം ഫണ്ട് ദൈവത്തിന് അവകാശപ്പെട്ടതാണെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് ഹൈക്കോടതി ഉപാധികളോടെയാണ് അനുമതി നല്‍കിയിരുന്നത്. പരിപാടി നടത്തുമ്പോള്‍ പമ്പയുടെ പരിശുദ്ധി കാക്കണമെന്നും പരിസ്ഥിതിക്കോ വനമേഖലയ്‌ക്കോ ഹാനികരമായതൊന്നും നടത്തരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലായിരിക്കണം പരിപാടി നടത്തേണ്ടതെന്നും സാധാരണ അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ ഒരു വിധത്തിലും ഹനിക്കുന്നതാവരുത് പരിപാടി എന്നും കോടതി വ്യക്തമാക്കി. സുതാര്യമായ സാമ്പത്തിക അക്കൗണ്ട് സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. ഈ നിര്‍ദേശങ്ങളൊക്കെ പാലിക്കാനാണ് സുപ്രിംകോടതിയുടെയും നിര്‍ദേശം.

സെപ്റ്റംബര്‍ മൂന്നാം വാരമാണ് സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്. ദേവസ്വം ബോര്‍ഡ് 75 ആം വാര്‍ഷികത്തിന്റെ കൂടി ഭാഗമായി പമ്പയില്‍ നടത്തുന്ന ആഗോള അയ്യപ്പസംഗമത്തില്‍ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തര്‍ പങ്കെടുക്കും. തത്വമസി എന്ന വിശ്വമാനവതയുടെ സന്ദേശം ലോകമൊട്ടാകെ പ്രചരിപ്പിക്കാനും, ശബരിമലയെ ഒരു ദൈവീക, പാരമ്പര്യ, സുസ്ഥിര ആഗോള തീര്‍ത്ഥാടന കേന്ദ്രമായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണ് സംഗമം നടത്തുന്നത് എന്നാണ് സര്‍ക്കാര്‍ വാദം. മുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയായും മറ്റ് മന്ത്രിമാര്‍ രക്ഷാധികാരികളായും, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും ഉള്‍പ്പെടുന്നതാണ് പരിപാടിയുടെ സ്വാഗത സംഘം . ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസ സമൂഹത്തിലെ മറ്റ് വിഭാഗങ്ങളെയും ഉള്‍പ്പെടുത്തുന്നുണ്ട്. പരിപാടി കൃത്യമായി ആസൂത്രണം ചെയ്യാന്‍ ഒരു സ്റ്റിയറിംഗ് കമ്മിറ്റിയെയും ഒരു ജനറല്‍ കമ്മിറ്റിയെയും വിവിധ സബ് കമ്മിറ്റികളെയും രൂപീകരിക്കും.

സംഗമത്തില്‍ പങ്കെടുക്കുന്ന ഭക്തര്‍ക്ക് നിലവിലുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പങ്കുവെക്കാനും നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാനും അവസരം നല്‍കുമെന്നും ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികള്‍ ഭക്തരുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it