Latest News

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് സുനേത്ര പവാര്‍; സത്യപ്രതിജ്ഞ നാളെ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് സുനേത്ര പവാര്‍; സത്യപ്രതിജ്ഞ നാളെ
X

മുംബൈ: അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും. നാളെ വൈകീട്ട് അഞ്ചു മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്ന് റിപോര്‍ട്ടുകള്‍. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ അവര്‍ സമ്മതം അറിയിക്കുകയായിരുന്നുവെന്നും റിപോര്‍ട്ടുകളുണ്ട്. എന്‍സിപി നിയമസഭാ കക്ഷി യോഗം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ചേരും. സുനേത്രയെ ബാരാമതിയില്‍ നിന്ന് മല്‍സരിപ്പിക്കാനും ആലോചനയുണ്ട്. ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതോടെയാണ് സുനേത്രയെ ഉപമുഖ്യമന്ത്രി പദത്തിലേക്ക് എത്തിക്കുന്നത്.

എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് സുനേത്രയോട് സ്ഥാനമേറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. നിലവില്‍ രാജ്യസഭാംഗമാണ് സുനേത്ര. ഇതോടെ 63കാരിയായ സുനേത്ര മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാകും. മഹാരാഷ്ട്രയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബത്തില്‍ അംഗമാണെങ്കിലും സുനേത്ര അടുത്ത കാലം വരെ മുന്നണി രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗമാണ് അവരെ എന്‍സിപിയുടെ നേതൃ നിരയിലേക്ക് പെട്ടെന്ന് എത്തിച്ചത്.

അതേസമയം ഇരു എന്‍സിപികളും ലയനത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അജിത് പവാറിന്റെ വിയോഗം. ലയനമുണ്ടായാല്‍ ഏത് മുന്നണിയിലാവും പാര്‍ട്ടിയെന്നതാണ് പ്രധാന തര്‍ക്കം. പ്രതിപക്ഷത്തേക്ക് പോയാല്‍ പല പ്രധാന നേതാക്കളും പാര്‍ട്ടി വിട്ടേക്കാനും സാധ്യതയുണ്ട്. അജിത് പവാര്‍ വിട വാങ്ങിയെങ്കിലും ലയന ചര്‍ച്ച വഴിമുട്ടരുതെന്നാണ് പവാര്‍ പക്ഷ നേതാക്കളുടെ നിലപാട്.

Next Story

RELATED STORIES

Share it