Latest News

എല്‍ഗാര്‍ പരിഷത്ത് കേസില്‍ എന്‍ഐഎ കോടതി സുധാ ഭരദ്വാജിന്റെ ജാമ്യവ്യവസ്ഥകള്‍ പ്രഖ്യാപിച്ചു

എല്‍ഗാര്‍ പരിഷത്ത് കേസില്‍ എന്‍ഐഎ കോടതി സുധാ ഭരദ്വാജിന്റെ ജാമ്യവ്യവസ്ഥകള്‍ പ്രഖ്യാപിച്ചു
X

മുംബൈ: ഭീമാ കൊറേഗാവ് എല്‍ഗാര്‍ പരിഷത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആക്റ്റിവിസ്റ്റും അഭിഭാഷകയുമായ സുധാ ഭരദ്വാജിന്റെ ജാമ്യ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു. മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് സുധാ ഭരദ്വാജിന്റെ കേസ് പരിഗണിച്ചത്. വിധിയനുസരിച്ച് 50,000 രൂപ കെട്ടിവയ്ക്കണം. കൂടാതെ അത്രയും തുകയ്ക്കുള്ള ജാമ്യവസ്തുവും നല്‍കണം. അത് ഹാജരാക്കാന്‍ മൂന്ന് മാസത്തെ സമയം അനുവദിക്കണമെന്ന അപേക്ഷ കോടതി അനുവദിച്ചു. ഡല്‍ഹിയിലും ഛത്തിസ്ഗഢിലും തൊഴിലുമായി ബന്ധപ്പെട്ട് താമസിക്കാനുളള അപേക്ഷ കോടതി തള്ളി. മുംബൈയിലെ എന്‍ഐഎ കോടതിയുടെ പരിധിയ്ക്കു പുറത്തുപോകരുതെന്ന് കോടതി നിര്‍ദേശിച്ചു. പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുകയും വേണം.

പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി ദിനേഷ് കൊതാലിക്കറാണ് വിധി പുറപ്പെടുവിച്ചത്.

2018 മുതല്‍ ജയിലില്‍ കഴിയുന്ന സുധാ ഭരദ്വാജിന് മുംബൈ ഹൈക്കോടതിയാണ് ഡിസംബര്‍ ഒന്നിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഹൈക്കോടതി വിധിക്കെതിരേ എന്‍ഐഎ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി. ജാമ്യം റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ഹൈക്കോടതി വിധിപറഞ്ഞ സമയത്ത് പ്രതിക്കെതിരേ യുഎപിഎയിലെ ചില വകുപ്പുകള്‍ ചേര്‍ത്ത കാര്യം പരിഗണിച്ചിരുന്നില്ലെന്നും അതു കൂടി കണക്കിലെടുത്ത് ജാമ്യം റദ്ദാക്കണമെന്നും എന്‍ഐഎക്കുവേണ്ടി ഹാജരായ അഡി. സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി കോടതിയോട് അഭ്യര്‍ത്ഥിച്ചു.

പക്ഷേ, മുംബൈ ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് ജാമ്യം ശരിവച്ചു.

ജാമ്യവ്യവസ്ഥകള്‍ തീരുമാനിക്കാന്‍ പ്രത്യേക എന്‍ഐഎ കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സുപ്രിംകോടതിയും അത് ശരിവച്ചു. തുടര്‍ന്നാണ് എന്‍ഐഎ കോടതി സുധാ ഭരദ്വാജിന്റെ കേസ് പരിഗണിച്ചത്.

2018 ആഗസ്തിലാണ് സുധാ ഭരദ്വാജിനെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യുന്നത്. ഡിസംബര്‍ 2017ല്‍ നടന്ന ഭീമ കൊറേഗാവ് സംഘര്‍ഷത്തില്‍ പങ്കുണ്ടെന്നായിരുന്നു ആരോപണം. ആഗസ്തില്‍ ഇവരുടെ ജാമ്യാപേക്ഷ കോടതിയിലെത്തിയെങ്കിലും വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. ജയിലിലായി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കിലാണ് പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കുന്നത്. 2018 മുതല്‍ സുധാ ഭരദ്വാജ് ബൈക്കുള വനിതാ ജയിലില്‍ വിചാരണത്തടവുകാരിയാണ്.

Next Story

RELATED STORIES

Share it