Latest News

വിദ്യാര്‍ഥിനിയുടെ മരണം: സ്‌കൂള്‍ ബസ്സിന്റെ ഫിറ്റ്‌നസും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കി

വിദ്യാര്‍ഥിനിയുടെ മരണം: സ്‌കൂള്‍ ബസ്സിന്റെ ഫിറ്റ്‌നസും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കി
X

താനൂര്‍: സ്‌കൂള്‍ ബസ്സില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനി ഗുഡ്‌സ് ഓട്ടോ ഇടിച്ച് മരിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സ്‌കൂള്‍ ബസ്സിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. ബസ് ഡ്രൈവറുടെയും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കിയെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. സ്‌കൂള്‍ ബസ്സിന്റെ ടയര്‍ മോശം അവസ്ഥയിലായിരുന്നുവെന്നും പാര്‍ക്കിങ് ബ്രേക്കും വേഗപ്പൂട്ടും തകരാറിലായിരുന്നുവെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഫിറ്റ്‌നസ് റദ്ദാക്കിയത്.

മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമായിരുന്നു നടപടി. സ്‌കൂളിനെതിരേ നടപടിയെടുക്കാനും ശുപാര്‍ശയുണ്ട്. സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌കൂള്‍ ബസ്സുകളില്‍ നിന്ന് കുട്ടികളെ ഇറക്കാനും മറ്റുമായി കാലങ്ങളായി ഒരാളെ പോലും നിയമിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തി.

കുട്ടികളെ ശ്രദ്ധിച്ച് ഇറക്കിവിടാന്‍ ബസ്സില്‍ ജീവനക്കാരനുണ്ടായിരുന്നുവെങ്കില്‍ അപകടമൊഴിവാക്കാമായിരുന്നുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു. താനൂര്‍ നന്നമ്പ്ര എസ്എന്‍ യുപി സ്‌കൂള്‍ വിദ്യാര്‍ഥിനി പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്‌നയാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു അപകടമുണ്ടായത്. സ്‌കൂള്‍ ബസ്സില്‍ നിന്നിറങ്ങി വാഹനത്തിന് പിന്നിലൂടെ റോഡ് മുറിച്ചുകടക്കവെ എതിര്‍ദിശയില്‍ വന്ന ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it