Latest News

ലോക്ക് ഡൗണിന്റെ മറവിലെ മുസ്‌ലിംവേട്ട അവസാനിപ്പിക്കണമെന്ന് ജിദ്ദ പ്രവാസി സാംസ്‌കാരിക വേദി

ലോക്ക് ഡൗണിന്റെ മറവിലെ മുസ്‌ലിംവേട്ട അവസാനിപ്പിക്കണമെന്ന് ജിദ്ദ പ്രവാസി സാംസ്‌കാരിക വേദി
X

ജിദ്ദ: ലോക്ക് ഡൗണിനെ മറയാക്കി പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത മുസ്‌ലിം വിദ്യാര്‍ഥികളെയും മറ്റ് മനുഷ്യാവകാശ പ്രവര്‍ത്തകരെയും വേട്ടയാടുന്ന ഡല്‍ഹി പോലീസിന്റെ നടപടി അവസാനിപ്പിക്കണമെന്ന് പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി ആവശ്യപ്പെട്ടു.

ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാനെതിരെ സംഘ്പരിവാര്‍ പൊലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത് ഗൂഢാലോചനയാണ്. അതുപോലെ ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഡോ. ഉമര്‍ ഖാലിദ്, ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥി നേതാക്കളായ മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍, പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷനായ ഷിഫാ ഉര്‍ റഹ്മാന്‍ എന്നിവര്‍ക്കും നിരവധി ദളിത് ന്യൂനപക്ഷ ആക്ടിവിസ്റ്റുകള്‍ക്കുമെതിരെ ഡല്‍ഹി കലാപത്തിന് നേതൃത്വം നല്‍കി എന്ന പേരില്‍ യുഎപിഎ ചുമത്തിയിരിക്കുന്നു. പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത ഇവര്‍ക്കെതിരെ കള്ളക്കേസാണ് എടുത്തിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന വംശീയ കലാപത്തിന്റെ സൂത്രധാരകര്‍ സംഘ്പരിവാര്‍ നേതാക്കളാണെന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത വംശഹത്യയാണ് ഡല്‍ഹിയില്‍ നടന്നത്. ഇതിന് നേതൃത്വം വഹിച്ച സംഘ്പരിവാര്‍ നേതാക്കള്‍ പരസ്യമായി വിലസിക്കൊണ്ടിരിക്കുമ്പോഴാണ് ഡല്‍ഹി പോലീസിനെ ഉപയോഗിച്ച് കേന്ദ്ര അഭ്യന്തര മന്ത്രാലയം നിരപരാധികളെ ജയിലിലടച്ചുകൊണ്ടിരിക്കുന്നത്. പൊതുനിരത്തില്‍ ജനങ്ങള്‍ക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ കഴിയാത്ത കൊവിഡ് സാഹചര്യത്തെ തന്ത്രപരമായി ഉപയോഗിക്കുകയാണ് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. ദുരന്ത സന്ദര്‍ഭത്തെ പോലും വംശീയ ഉന്‍മൂലനത്തിന് ഉപയോഗിക്കുന്ന നീച രാഷ്ട്രീയമാണ് സംഘ് പരിവാര്‍ നടപ്പാക്കുന്നത്.

പ്രവാസികളടക്കം രാജ്യത്തെ പൗരസമൂഹം ഒന്നടങ്കം ഇതിനെതിരെ പ്രതിഷേധിക്കണമെന്നും ലോക്ക് ഡൗണിനു ശേഷം പൗരത്വ പ്രക്ഷോഭത്തില്‍ ശക്തമായി അണിനിരക്കണമെന്നും പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍, ജനറല്‍ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it