Latest News

ശ്രീലങ്കയിലെ അടവുശിഷ്ട പ്രതിസന്ധി രൂക്ഷം: ഇനിയെന്ത്? പണത്തിനുവേണ്ടി ആരെ സമീപിക്കും?

ശ്രീലങ്കയിലെ അടവുശിഷ്ട പ്രതിസന്ധി രൂക്ഷം: ഇനിയെന്ത്? പണത്തിനുവേണ്ടി ആരെ സമീപിക്കും?
X

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ശ്രീലങ്കയില്‍ 36 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പ്രസിഡന്റ് ഗോഡബയ രാജപക്‌സയുടെ വസതിക്കുമുന്നില്‍ തടിച്ചുകൂടുകയും പോലിസുമായി ഏറ്റുമുട്ടുകയും ചെയ്തതോടെയാണ് ഭരണകൂടം കര്‍ഫ്യൂവിലേക്ക് കടന്നത്.

വിദേശനാണയത്തിന്റെ കുറവ് ഗണ്യമായതോടെ രാജ്യത്തിന് പുറത്തുനിന്നുവരേണ്ട പല വസ്തുക്കളുടെയും സുഗമമായ ഒഴുക്ക് നിലച്ചു. ക്ഷാമം വ്യാപകമായി. ഇന്ധനം, മരുന്ന്, മറ്റ് അവശ്യവസ്തുക്കള്‍ ഇവയുടെ ക്ഷാമമാണ് പ്രതിസന്ധി വര്‍ധിപ്പിച്ചത്. ഐഎംഎഫുമായി സംസാരിക്കുന്നതിനു മുന്നോടിയായി കറന്‍സിയുടെ മൂല്യം ഇടിച്ചതോടെ രാജ്യം പണപ്പെരുപ്പത്തിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ്.

രാജ്യത്ത് വിവിധ കാലത്ത് നിലവില്‍ വന്ന സര്‍ക്കാരുകളുടെ സാമ്പത്തിക മാനേജ്‌മെന്റിന്റെ തകറാറുകളാണ് രാജ്യത്തെ ഇത്രയും വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. ശ്രീലങ്കയുടെ കാര്യത്തില്‍ ദേശീയതലത്തിലെ ചെലവ് വരുമാനത്തെക്കാള്‍ കൂടുതലാണ്. അതായത് ഉദ്പാദനം അപര്യാപ്തം.

2019 തിരഞ്ഞെടുപ്പ് കാലത്ത് രാജപക്‌സ സര്‍ക്കാര്‍ വലിയ നികുതി ഇളവ് പ്രഖ്യാപിച്ചത് രാജ്യത്തിന്റെ വരുമാനം പിന്നെയും ഇടിച്ചു. കൊവിഡ് വ്യാപനത്തിനു തൊട്ടുമുമ്പായിരുന്നു അത്.

ശ്രീലങ്കയുടെ സമ്പദ്ഘടന തകരുകയും വിദേശ സന്ദര്‍ശകരുടെ വരവ് നിലയ്ക്കുകയും ചെയ്തതോടെ വിദേശനാണയത്തിന്റെ പ്രധാന സ്രോതസ്സ് വറ്റി. ഇതേ സമയത്തുതന്നെ പ്രവാസികള്‍ പണമയക്കുന്നതും നിര്‍ത്തി. വിദേശനാണ്യശേഖരത്തിന്റെ അളവ് ഇത് തവലിയ തോതില്‍ ഇടിച്ചു.

രണ്ട് വര്‍ഷംകൊണ്ട് വിദേശനാണ്യ കരുതല്‍ ശേഖരത്തിലുണ്ടായ ഇടിവ് 70 ശതമാനമാണ്. 2021ല്‍ സര്‍ക്കാര്‍ എല്ലാ രാസവള ഉപയോഗവും നിരോധിച്ചതോടെ കാര്‍ഷിക മേഖല വന്‍തകര്‍ച്ചയെ നേരിട്ടു.

ഫെബ്രുവരിയില്‍ രാജ്യത്ത് 2.31 ബില്യന്‍ ഡോളര്‍ വിദേശനാണ്യമാണ് രാജ്യത്ത് അവശേഷിച്ചിരുന്നത്. 2022ല്‍ 4 ബില്യന്‍ കടംതിരിച്ചടവിന്റെ ഭാഗമായി അടച്ചുതീര്‍ക്കേണ്ടിയിരുന്നു. അതില്‍ ജൂലൈയില്‍ മെച്വര്‍ ആകുന്ന 1 ബില്യന്‍ അന്താരാഷ്ട്ര സോവറിന്‍ ബോണ്ടില്‍ നല്‍കേണ്ട തുകയും ഉള്‍പ്പെടുന്നു.

ശ്രീലങ്കയുടെ ഏറ്റവും വലിയ ബാധ്യതകളിലൊന്നാണ് സോവറിന്‍ ബോണ്ട്, അത് ഏകദേശം 12.55 ബില്യന്‍ വരും. എഡിബി, ജപാന്‍, ചൈന എന്നീ രാജ്യങ്ങളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമാണ് ഈ പണം കടമെടുത്തിരിക്കുന്നത്.

ശ്രീലങ്കയിലെ പൊതുകടം നിയന്ത്രണാധീതമായി മാറിയതായി ഐഎംഎഫ് കഴിഞ്ഞ ദിവസത്തെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പണം തിരിച്ചടക്കാന്‍ ആവശ്യമായതിന്റെ അടുത്തുപോലും എത്തുമായിരുന്നില്ല വിദേശനാണയ കരുതല്‍ ശേഖരം.

കറന്‍സിയുടെ മൂല്യമിടിക്കല്‍ പോലുള്ള പരിഹാരക്രിയകള്‍ പോരെന്നാണ് ഐഎംഎഫിന്റെ നിലപാട്. പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞ മാസം ശ്രീലങ്കന്‍ കേന്ദ്ര ബാങ്ക് ഐഎംഎഫില്‍നിന്ന് കടം സ്വീകരിക്കാന്‍ പ്രസിഡന്റിനോട് നിര്‍ദേശിച്ചെങ്കിലും സര്‍ക്കാര്‍ അത് തള്ളി. പക്ഷേ, യുക്രെയ്‌നിലെ റഷ്യന്‍ കടന്നുകയറ്റത്തോടെ അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നു. അതോടെ ഈ മാസം ഐഎംഎഫിനെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

അടുത്ത ദിവസങ്ങളില്‍ ഐഎംഎഫ്, ശ്രീലങ്കന്‍ അധികാരികളുമായി വായ്പാ സാധ്യതയെക്കുറിച്ച് ചര്‍ച്ച നടത്തുന്നുണ്ട്. ഐഎംഎഫിനെ സമീപിക്കും മുമ്പ് തന്നെ സ്വന്തം കറന്‍സിയുടെ മൂല്യം ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇടിച്ചു. അവര്‍ ആവശ്യപ്പെട്ടില്ലെങ്കിലും ഐഎംഎഫിന്റെ താല്‍പര്യപ്രകാരമായിരുന്നു അത്. പക്ഷേ, ഈ നീക്കം രാജ്യത്തെ പണപ്പെരുപ്പം വര്‍ധിപ്പിച്ചു. സാധാരണക്കാരുടെ ദുരിതവും വര്‍ധിച്ചു.

ഇതിനിടയില്‍ ശ്രീലങ്ക ചൈനയെയും ഇന്ത്യയെയും സമീപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് എണ്ണ വേണമെന്നാണ് ആവശ്യം. ഇന്ത്യയുമായി ഒപ്പിട്ട 500 ദശലക്ഷം ഡോളറിന്റെ കരാര്‍ അനുസരിച്ചുള്ള എണ്ണക്കപ്പല്‍ ഇന്ന് രാജ്യത്തെത്തും. മരുന്നും ഭക്ഷണവും പോലുള്ള അവശ്യവസ്തു വിതരണത്തിനായി 1 ബില്യന്‍ ഡോളറിന്റെ മറ്റൊരു കരാറും ഒപ്പിട്ടിട്ടുണ്ട്.

1.5 ബില്യന്‍ ഡോളറിന്റെ വായ്പയ്ക്കു പിന്നാലെ 1.5 ബില്യന്‍ കടമെടുക്കാനുള്ള വാഗ്ദാനവുമായും ചൈന രംഗത്തെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it