Latest News

സ്പ്രിംഗ്ലര്‍ കരാര്‍ നടപ്പാക്കിയത് മുഖ്യമന്ത്രി അറിഞ്ഞില്ല; ശിവശങ്കറിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടെന്നും രണ്ടാം അന്വേഷണ റിപോര്‍ട്ട്

സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമെന്ന ആദ്യ അന്വേഷണ സമിതി റിപോര്‍ട്ട് തള്ളിയാണ് രണ്ടാം അന്വേഷണകമ്മിഷന്‍ റിപോര്‍ട്ട്

സ്പ്രിംഗ്ലര്‍ കരാര്‍ നടപ്പാക്കിയത് മുഖ്യമന്ത്രി അറിഞ്ഞില്ല; ശിവശങ്കറിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടെന്നും രണ്ടാം അന്വേഷണ റിപോര്‍ട്ട്
X

തിരുവനന്തപുരം: കൊവിഡ് സംബന്ധമായ പൗരന്മാരുടെ ആരോഗ്യവിവരങ്ങള്‍ കൈമാറിയ വിവാദ സ്പ്രിംഗ്ലര്‍ കരാര്‍ നടപ്പിലാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണ സമിതി റിപോര്‍ട്ട്. സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമെന്ന ആദ്യ അന്വേഷണ സമിതി റിപോര്‍ട്ട് തള്ളിയാണ് രണ്ടാം അന്വേഷണകമ്മിഷന്‍ റിപോര്‍ട്ട്. എംഎല്‍എമാരായി പിടി തോമസ്, പിസി വിഷ്ണുനാഥ് എന്നിവര്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണു സര്‍ക്കാര്‍ റിപോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തു വിട്ടത്.

കരാറില്‍ വീഴ്ചയുണ്ടായെങ്കിലും ശിവശങ്കറിന്റെ ഉദ്ദേശശുദ്ധി സംശയിക്കേണ്ടതില്ലെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നത്. ആരോഗ്യ, നിയമ, ധന, തദ്ദേശഭരണ വകുപ്പുകളുമായോ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയുമായോ ചര്‍ച്ച നടത്താതെയാണ് ശിവശങ്കര്‍ കരാര്‍ ഒപ്പിട്ടതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കരാര്‍ നല്‍കുന്നതിന് മുന്‍പ് സ്പ്രിംഗ്ലറിന്റെ ശേഷി വിലയിരുത്തിയില്ല. വിവരങ്ങള്‍ അപ് ലോഡ് ചെയ്യും മുന്‍പ് ഡേറ്റാ സുരക്ഷ ഉറപ്പാക്കിയില്ലെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കേരളത്തിലെ രോഗബാധിതരും രോഗികളുമായും സമ്പര്‍ക്കത്തില്‍ വന്നവരും അവരുടെ ചുറ്റുഭാഗങ്ങളിലുള്ളവരുമായ ഒന്നേകാല്‍ ലക്ഷത്തോളം പേരുടെ ആരോഗ്യ സംബന്ധമായ വിവരങ്ങളുടെ ഡാറ്റ സ്പ്രിംഗ്ലര്‍ കമ്പനിക്ക് കൈമാറി എന്നതാണ് വിവാദത്തിന്റെ അടിസ്ഥാനം.

രോഗികളുടെ ഡാറ്റ സ്പ്രിംഗ്ലര്‍ കമ്പനി വിശകലനം ചെയ്യുകയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് സഹായകമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാറിന് നല്‍കുകയും ചെയ്യുമെന്നായിരുന്നു ധാരണ.

എന്നാല്‍, പ്രത്യേകിച്ചൊരു കരാറൊന്നുമില്ലാതെയാണ് വിവരങ്ങള്‍ സ്പ്രിംഗ്ലര്‍ കമ്പനിക്ക് കൈമാറിയത് എന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഈ വിവാദത്തിലാണ് സര്‍ക്കാറിനെയും കരാറിന് മുന്‍കയ്യെടുത്ത എം ശിവശങ്കറിനെയും വെള്ളപൂശിക്കൊണ്ടുള്ള റിപോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ശിവശങ്കര്‍ ഏകപക്ഷീയമായി കരാര്‍ നടപ്പിലാക്കുകയായിരുന്നുവെന്നും അതുവഴി പൊതുജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് മേല്‍ കമ്പനിക്ക് നിയന്ത്രണം ലഭിച്ചുവെന്നുമായിരുന്നു ആദ്യ സമിതിയുടെ കണ്ടെത്തല്‍. ഇതിന് തീര്‍ത്തും വിരുദ്ധമാണ് പുതിയ റിപോര്‍ട്ട്.

Next Story

RELATED STORIES

Share it