Latest News

കൊവിഡ് രോഗവ്യാപനം: കൊല്ലത്ത് മൈക്രോ കണ്ടയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും

കൊവിഡ് രോഗവ്യാപനം: കൊല്ലത്ത് മൈക്രോ കണ്ടയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും
X

കൊല്ലം: കൊവിഡ് രോഗവ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് കൂടുതല്‍ മൈക്രോ കണ്ടയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കാന്‍ തീരുമാനമായി. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ അതോറിറ്റി, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ മീറ്റ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാനും യോഗത്തില്‍ തീരുമാനമായി. ആരോഗ്യം, റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ രോഗവ്യാപനം തടയുന്നതിനായി പരിശോധനകള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും കലക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു.

താലൂക്ക് തലങ്ങളില്‍ നടക്കുന്ന സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തനവും വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനകളുടെ പുരോഗതിയും തഹാസില്‍ദാര്‍മാര്‍ യോഗത്തില്‍ അവതരിപ്പിച്ചു.

ഉത്സവമേഖലകളിലും വിവാഹ വേദികളിലും വ്യാപാര സ്ഥാപനങ്ങളിലും ആള്‍കൂട്ടം ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റ് പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തും. മണ്‍ട്രോതുരുത്ത് അടക്കമുള്ള വിനോദ സഞ്ചാര മേഖലകളില്‍ പ്രത്യേക സാഹചര്യം പരിഗണിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ബറുകളില്‍ നിയമിച്ചിട്ടുള്ള ഇന്‍സിഡന്റ് കമാണ്ടര്‍മാരുടെ നേതൃത്വത്തില്‍ കൊവിഡ് മാനദണ്ഡ പാലനം ഉറപ്പുവരുത്തും. സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്ഷേമമന്ദിരങ്ങളില്‍ കൃത്യമായ സന്ദര്‍ശനവും ആരോഗ്യവകുപ്പുമായി സഹകരിച്ച് ബോധവത്തരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എ ഡി എം പി.ആര്‍. ഗോപാലകൃഷ്ണന്‍, സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ ആര്‍ ശ്രീലത, ജില്ലാ പൊലിസ് മേധാവികളുടെ പ്രതിനിധികള്‍, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it