Latest News

ആദ്യം എണ്ണുന്നത് സ്‌പെഷ്യല്‍, തപാല്‍ വോട്ടുകള്‍

ആദ്യം എണ്ണുന്നത് സ്‌പെഷ്യല്‍, തപാല്‍ വോട്ടുകള്‍
X

തിരുവനന്തപുരം: മൂന്ന് ഘട്ടങ്ങളായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം ബുധനാഴ്ച നടക്കുന്ന വോട്ടെണ്ണലിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ല കലക്ടര്‍മാര്‍ അറിയിച്ചു. ചൊവ്വാഴ്ചയോടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കി. സംസ്ഥാനത്താകെ 244 കേന്ദ്രങ്ങളുണ്ട്.

കൊവിഡ് ബാധിതര്‍ക്ക് വേണ്ടി വിതരണം ചെയ്ത സ്‌പെഷ്യല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഒപ്പം തപാല്‍ വോട്ടുകളും എണ്ണും. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലാണ് നടക്കുക. മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും അതത് സ്ഥാപനങ്ങളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ നടക്കും.

എട്ട് പോളിങ് സ്‌റ്റേഷനുകള്‍ക്ക് ഒരു മേശ സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് വോട്ടെണ്ണുന്നതിനു വേണ്ടി ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക ഹാളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കും പ്രത്യേക കൗണ്ടിങ് ഹാളുണ്ട്. വോട്ടെണ്ണല്‍ മേശകളുടെ അടിസ്ഥാനത്തില്‍ എണ്ണം കണക്കാക്കിയാണ് എണ്ണാനുള്ള കണ്‍ട്രോള്‍ യൂണിറ്റുകള്‍ സ്‌ട്രോങ് റൂമില്‍ നിന്ന് എത്തിക്കുന്നത്.

വോട്ടുകള്‍ ആദ്യം ഒന്നാം വാര്‍ഡ് തുടങ്ങി ക്രമത്തിലാണ് എണ്ണുക. ഒരു വാര്‍ഡ് ഒരു മേശയില്‍ എണ്ണും. ഒന്നില്‍ കൂടുതല്‍ ബൂത്തുകളുണ്ടെങ്കില്‍ അതും അതേ മേശയില്‍ എണ്ണും.

തിരുവനന്തപുരത്ത് 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. കൊല്ലം 16, പത്തനംതിട്ട 12, ആലപ്പുഴ 18, കോട്ടയം 17, ഇടുക്കി 10, എറണാകുളം 28, തൃശൂര്‍ 24, പാലക്കാട് 20, മലപ്പുറം 27, കോഴിക്കോട് 20, വയനാട് 7, കണ്ണൂര്‍ 20, കാസര്‍കോഡ് 9 എന്നിങ്ങനെ സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് ഫലം 11 മണിയോടെ അറിയാം. നഗരസഭയില്‍ ഉച്ചയോടെ ഫലം പുറത്തുവരും.

Next Story

RELATED STORIES

Share it