Latest News

പഞ്ചാബ്: സിദ്ദുവെന്ന സൂപ്പര്‍ മുഖ്യമന്ത്രി

പഞ്ചാബ്: സിദ്ദുവെന്ന സൂപ്പര്‍ മുഖ്യമന്ത്രി
X

പഞ്ചാബ് കോണ്‍ഗ്രസ് പൂര്‍ണമായും നവ്‌ജ്യോത് സിദ്ദു എന്ന മുന്‍ ക്രിക്കറ്റ് താരത്തിന്റെ കയ്യിലേക്ക് വഴുതി മാറിക്കഴിഞ്ഞു. 2021ല്‍ അമരീന്ദര്‍ സിങ് മുഖ്യമന്ത്രിപദം ഒഴിഞ്ഞ് പുറത്തുപോകുമ്പോള്‍ സിദ്ദു പഞ്ചാബിനെ സംബന്ധിച്ചിടത്തോളം ഒരു സൂപ്പര്‍ മുഖ്യമന്ത്രിയായാണ് പരിഗണിക്കപ്പെടുന്നത്. തീര്‍ച്ചയായും പഞ്ചാബിലെ ആദ്യ ദലിത് മുഖ്യമന്ത്രി എന്ന് അടയാളപ്പെടുത്തപ്പെട്ട ചരന്‍ജിത് സിങ് ചന്നി മുഖ്യമന്ത്രി പദത്തിലുണ്ടെങ്കിലും കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത് സിദ്ദുവിന്റെ താല്‍പര്യമനുസരിച്ചാണെന്ന് പുതിയ കാബിനറ്റില്‍ ഉള്‍പ്പെടുന്നവരുടെ പട്ടിക തെളിയിക്കുന്നു.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരുമായി പുതിയ കാബിനറ്റില്‍ 18 പേരാണ് ഉള്ളത്. അവരില്‍ പതിനഞ്ച് പേര്‍ നാളെ നാലരയോടെ രാജ്ഭവനില്‍ ഗവര്‍ണര്‍ ചൊല്ലിക്കൊടുക്കുന്ന സത്യവാചകം ഏറ്റുചൊല്ലുന്നതോടെ പഞ്ചാബ് മന്ത്രിസഭയിലെ അംഗങ്ങളാവും.

ചന്നി തയ്യാറാക്കിയ മന്ത്രിസഭാ അംഗങ്ങളുടെ പട്ടിക പലതുകൊണ്ടും പ്രധാനമാണ്. അമരീന്ദര്‍ സിങ്ങിന്റെ വിശ്വസ്തരെന്ന് അറിയപ്പെടുന്ന ഏതാനും പേരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിക്കഴിഞ്ഞു. പുതുതായി ചിലരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിദ്ദുവിന്റെ ചോയ്‌സാണ് അതെന്ന് കരുതുന്നു. ഒഴിവാക്കപ്പെട്ടവരാകട്ടെ ഒരു ഭാഗത്ത് സിദ്ദുവിന്റെ എതിരാളികളും മറുഭാഗത്ത് അമരീന്ദരിന്റെ വിശ്വസ്തരുമാണ്.

അമരീന്ദര്‍ സിങ്ങിന്റെ കാബിനറ്റിലെ പ്രമുഖരും അമരീന്ദറിന്റെ വിശ്വസ്തരുമായ റാണ ഗുര്‍മിത് സിങ് സോധി, ബല്‍ബീര്‍ സിദ്ദു, ഗുര്‍പ്രീത് സിങ് കന്‍ഗര്‍, സുന്ദര്‍ ഷാം അറോറ, സിദ്ദു സിങ് ധരംസോട് എന്നിവരെയാണ് പുറത്താക്കിയത്. ഏഴ് പുതിയ മുഖങ്ങള്‍ പുതുതായി മന്ത്രിസഭയില്‍ ചേരുകയും ചെയ്തു.

പിസിസി വര്‍ക്കിങ് പ്രസിഡന്റ് കുല്‍ജിത് നഗ്ര, സന്‍ഗീത് സിങ് ഗില്‍സിയാന്‍, അമ്രിന്ദര്‍സിങ് രാജ വാറിങ്, പിസിസി ജനറലര്‍ സെക്രട്ടറി പര്‍ഗാത് സിങ്, ഡോ. രാജ് കുമാര്‍ വെറാക്ക, റാണ ഗുര്‍ജിത് സോധി, മുന്‍ മുഖ്യമന്ത്രി ബിയാന്ദ് സിങ്ങിന്റെ പേരക്കുട്ടി ഗുര്‍കിരാത് സിങ് കോത് ലി തുടങ്ങിയവരാണ് എത്തിയ പുതിയ ഏഴ് പേര്‍.

ഏഴില്‍ അഞ്ച് പേരും സിദ്ദു നേരിട്ട് തിരഞ്ഞെടുത്തവരാണെന്നാണ് പറയപ്പെടുന്നത്. പര്‍ഗത് സിങിനെപ്പോലെ പാര്‍ട്ടിയിലെ വലിയ സ്ഥാനങ്ങള്‍ വഹിക്കുന്ന ചിലരെ ഒഴിവാക്കിയിട്ടുണ്ട്. അത് അവര്‍ വഹിക്കുന്ന സ്ഥാനത്തിന്റെ പ്രാധാന്യം കൊണ്ടാണ്.

എന്തായാലും പുതിയ മന്ത്രിസഭ ഒരു കാര്യം വ്യക്തമാക്കുന്നു, സിദ്ദുവിന്റെ കയ്യിലാണ് പഞ്ചാബ് രാഷ്ട്രീയം. പുതിയ കാബിനറ്റ് അധികകാലമില്ലെങ്കിലും ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നതിന്റെ ഒരു സാംപിളാണ് ഇത്. ഗാന്ധി കുടുംബത്തില്‍ തനിക്കുള്ളസ്വാധീനവും സിദ്ദു പുതിയ നീക്കങ്ങളിലൂടെ തെളിയിച്ചു.

അമരീന്ദര്‍ മന്ത്രിസഭ സ്ഥാനമേറ്റ ദിവസം മുതല്‍ തുടങ്ങിയതാണ് സിദ്ദുവുമായി ബന്ധപ്പെട്ട വിവാദം. ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ദിവസം സിദ്ദു നടത്തിയ പാക് സന്ദര്‍ശനം വലിയ വിവാദമാണ് ഉണ്ടാക്കിയത്. പക്ഷേ, അടുത്ത തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയാകവെ സിദ്ദുവിന്റെ കയ്യിലേക്ക് പഞ്ചാബ് രാഷ്ട്രീയം വഴുതിപ്പോവുന്ന കാഴ്ചയാണ് നാളെ രാജ്ഭവനു മുന്നില്‍ അരങ്ങേറുക.

Next Story

RELATED STORIES

Share it