Latest News

സിഡ്‌നി ബീച്ചില്‍ വെടിവയ്പ്; പത്തുപേര്‍ കൊല്ലപ്പെട്ടു

ചിതറിയോടി വിനോദ സഞ്ചാരികള്‍

സിഡ്‌നി ബീച്ചില്‍ വെടിവയ്പ്; പത്തുപേര്‍ കൊല്ലപ്പെട്ടു
X

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിലെ വിനോദസഞ്ചാര കേന്ദ്രമായ ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. പ്രാദേശിക സമയം വൈകീട്ട് 6.45ഓടെയാണ് വെടിവയ്പുണ്ടായത്. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബോണ്ടി ബീച്ചിലേക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പോകരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പോലിസും എമര്‍ജന്‍സി റെസ്പോണ്ടന്റും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നു. സംഭവത്തില്‍ രണ്ട് ഷൂട്ടര്‍മാരെ കസ്റ്റഡിയിലെടുത്തതായി പോലിസ് പറഞ്ഞു. ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നത് അനുസരിച്ച്, ഏകദേശം 50 റൗണ്ട് വെടിവയ്പുണ്ടായി. കറുത്ത വസ്ത്രം ധരിച്ച രണ്ടുപേരാണ് വെടിവച്ചത്. ആളുകള്‍ നിലവിളിക്കുകയും ചിതറിയോടുകയും ചെയ്തതോടെ ഇരുവരും തുടരേ വെടിവച്ചുകൊണ്ടിരുന്നു. ബോണ്ടിയിലെ സംഭവം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു.

എട്ടുദിവസത്തെ യഹൂദ ഉല്‍സവമായ ഹാനക്കയുടെ ആദ്യ രാത്രിയിലാണ് വെടിവയ്പ് നടന്നത്. ഉല്‍സവവുമായി ബന്ധപ്പെട്ട് കടല്‍ത്തീരത്ത് നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടിയ സമയമായിരുന്നു സംഭവം. ഇതിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വെടിയൊച്ചകളും പോലിസ് സൈറണുകളും വീഡിയോയില്‍ കേള്‍ക്കാം. ബീച്ചിലെത്തിയവര്‍ പ്രദേശം വിട്ട് ഓടണമെന്ന് നിര്‍ദേശിക്കുന്നതും വീഡിയോയിലുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലിസ് അറിയിച്ചു. സിഡ്നിയിലെ കിഴക്കന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ബോണ്ടി ബീച്ച് 3,000 അടിയിലധികം നീളമുള്ളതും ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളില്‍ ഒന്നുമാണ്. പ്രതിദിനം ആയിരക്കണക്കിന് സന്ദര്‍ശകരാണ് ബീച്ചിലെത്തുന്നത്.

Next Story

RELATED STORIES

Share it