Latest News

'കേസ് കേരളാ പോലിസ് തന്നെ അന്വേഷിക്കണം'; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ഷാരോണിന്റെ കുടുംബം

കേസ് കേരളാ പോലിസ് തന്നെ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ഷാരോണിന്റെ കുടുംബം
X

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണ്‍ വധക്കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കേസ് കേരള പോലിസ് തന്നെ അന്വേഷിക്കണമെന്നും തമിഴ്‌നാട് പോലിസിന് കൈമാറരുതെന്നുമാണ് ഷാരോണിന്റെ കുടുംബത്തിന്റെ ആവശ്യം. കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റിയാല്‍ നീതി ലഭിക്കുന്ന സാഹചര്യമുണ്ടാവില്ല. ഷാരോണിന്റെ അമ്മയും അമ്മാവനുമാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്.

കേസ് അന്വേഷണം തമിഴ്‌നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഉറപ്പുനല്‍കിയെന്ന് ഷാരോണിന്റെ കുടുംബം അറിയിച്ചു. മുഖ്യമന്ത്രി ഓഫിസിലുണ്ടായിരുന്നില്ലെങ്കിലും കേരള പോലിസ് തന്നെ തുടര്‍ന്നും അന്വേഷിക്കുമെന്ന ഉറപ്പ് അദ്ദേഹത്തിന്റെ ഓഫിസ് നല്‍കിയതായി ഷാരോണിന്റെ അച്ഛന്‍ ജയരാജാണ് പറഞ്ഞത്. വ്യാഴാഴ്ച രാവിലെയാണ് അന്വേഷണം തമിഴ്‌നാടിന് കൈമാറണമെന്ന് പോലിസിനു നിയമോപദേശം ലഭിച്ചത്. റൂറല്‍ എസ്പി ഡി ശില്‍പയ്ക്കാണ് നിയമോപദേശം ലഭിച്ചത്. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും തമിഴ്‌നാട്ടില്‍വച്ചാണ്.

കുറ്റകൃത്യം സംബന്ധിച്ച ഭൂരിഭാഗം കാര്യങ്ങളും നടന്നത് സംസ്ഥാനത്തിനു പുറത്തായതിനാല്‍ തമിഴ്‌നാട് പോലിസ് തന്നെ തുടരന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യുന്നതാണ് അഭികാമ്യമെന്ന് നിയമോപദേശത്തില്‍ പറയുന്നു. വിചാരണവേളയില്‍ കേരള പോലിസിന്റെ അധികാരപരിധി പ്രതികള്‍ ചോദ്യം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് അന്വേഷണം കൈമാറാനുള്ള നിര്‍ദേശം.

ഈ നിയമോപദേശത്തിന്‍മേല്‍ ആഭ്യന്തര സെക്രട്ടറി തീരുമാനമെടുക്കാനിരിക്കെയാണ് കൊല്ലപ്പെട്ട ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനെത്തിയത്. ഷാരോണ്‍ മരിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായതിനാല്‍ കേസ് കൈമാറേണ്ട ആവശ്യമില്ലെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി അസഫലി അടക്കമുള്ള ഒരുവിഭാഗം നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Next Story

RELATED STORIES

Share it