Latest News

കെഎസ് ഷാന്‍ വധം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ വല്‍സന്‍ തില്ലങ്കേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് എസ്ഡിപിഐ

പല കലാപക്കേസുകളിലും കൊലപാതകങ്ങളിലും പ്രതിയായ വത്സന്‍ തില്ലങ്കേരി ആലപ്പുഴയിലുണ്ടായിരുന്നത് ഗൗരവത്തോടെ കാണണം

കെഎസ് ഷാന്‍ വധം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ വല്‍സന്‍ തില്ലങ്കേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് എസ്ഡിപിഐ
X

തിരുവനന്തപുരം: ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വധിച്ച കേസില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ആലപ്പുഴയില്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെഎസ് ഷാന്റെ കൊലപാതകത്തിലൂടെ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമിച്ചത്. ഹിന്ദു ഐക്യവേദി നേതാവ് വല്‍സന്‍ തിലങ്കേരി ഷാന്‍ വധത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ആലപ്പുഴയിലുണ്ടായിരുന്നു. പല കലാപക്കേസുകളിലും കൊലപാതകങ്ങളിലും പ്രതിയായ വത്സന്‍ തില്ലങ്കേരി സ്ഥലത്തുണ്ടായിരുന്നത് ഗൗരവത്തോടെ കാണണം. വാളെടുത്ത് ഇറങ്ങണമെന്ന പ്രകോപനപരമായ പ്രസംഗം ആലപ്പുഴയില്‍ വല്‍സന്‍ നടത്തിയിരുന്നു. അക്രമം നടത്തിയ ശേഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ഇദ്ദേഹം കടക്കുന്നതായി വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. അജണ്ട നടപ്പാക്കാനാകാതെ വരുമ്പോള്‍ സംഘപരിവാര്‍ കലാപത്തിന്റെ പുതിയ മുഖം തുറക്കുകയാണ്. ഷാനിന്റെ കൊലപാതകത്തിന് പിന്നാലെ വര്‍ഗീയ കലാപം ഉണ്ടാകുമെന്നാണ് ആര്‍എസ്എസ് കരുതിയത്. ഷാന്‍ വധക്കേസിലെ രണ്ടു പ്രതികളെ ആര്‍എസ്എസ് ശാഖയില്‍നിന്നാണ് പിടികൂടിയത്. ശാഖകള്‍ ആയുധ പരിശീലനത്തിന് വേണ്ടിയാണെന്നും അഷറഫ് മൗലവി പറഞ്ഞു.

ധ്രുവീകരണ രാഷ്ട്രീയമാണ് ആര്‍എസ്എസ് മുന്നോട്ട് വയ്ക്കുന്നത്. ഒരു വിഭാഗത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ആര്‍എസ് എസ് ചെയ്യുന്നത്. പുള്ളിമാന്റെ പുള്ളി മായുമോ എന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാന പോലിസ് സേനയില്‍ ആര്‍എസ്എസ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പോലിസ് ആര്‍എസ്എസ് അജണ്ടകള്‍ക്ക് സൗകര്യമൊരുക്കി കൊടുക്കുകയാണ്. എന്നാല്‍, കേരള പോലിസ് അപ്പാടെ പക്ഷപാതപരമാണെന്ന അഭിപ്രായം പാര്‍ട്ടിക്കില്ല. ഒ.ബി.സി മോര്‍ച്ചാ നേതാവിനെ കൊലപ്പെടുത്തിയത് ആരാണെന്ന് പോലിസ് അന്വേഷിച്ച് കണ്ടെത്തട്ടെ. സംസ്ഥാന ഭാരവാഹിയെ തന്നെ കൊന്ന് നാട്ടില്‍ കലാപത്തിന് കോപ്പു കൂട്ടുന്ന അജണ്ടയുടെ ഭാഗമായാണ് കെഎസ് ഷാനിനെ കൊലപ്പെടുത്തിയത്. സമാധാന ശ്രമങ്ങളോട് പൂര്‍ണമായി സഹകരിക്കും. പക്ഷേ സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കേണ്ട ആളുകളെ വരെ പോലിസ് പിടിച്ചു കൊണ്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ മണ്ണഞ്ചേരിയില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ ഫിറോസ് എന്ന 25കാരനെ പോലിസ് ക്രൂരമായി മര്‍ദിച്ചു. ഡിവൈഎസ്പി ഓഫിസില്‍ ക്യാമറയുള്ളത് കൊണ്ട് എആര്‍ കാംപില്‍ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ട് വന്ന് ഇരുട്ടിലേക്ക് മാറ്റി നിര്‍ത്തിയാണ് ഫിറോസിനെ മര്‍ദ്ദിച്ചത്. ജയ്ശ്രീറാം വിളിക്കാന്‍ പറഞ്ഞുകൊണ്ടാണ് പോലിസ് മര്‍ദ്ദിച്ചത്. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്ന് പോലിസുകാര്‍ ഭീഷണിപ്പെടുത്തി. ഗുരുതരാവസ്ഥയിലായതോടെ ഫിറോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂത്രം പോകാത്ത അവസ്ഥയിലാണ് ഫിറോസ് ഇപ്പോള്‍ കഴിയുന്നത്. മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്.

ആര്‍എസ്എസിന് അനുകൂലമായാണ് കേരള പോലിസ് പ്രവര്‍ത്തിക്കുന്നത്. പോലിസിലെ ഒരു വിഭാഗത്തിന്റെ സമീപനം പക്ഷപാതിത്വപരമാണ്. ഷാന്‍ കൊലപാതകത്തില്‍ പോലിസ് തയ്യാറാക്കിയ പ്രതിപ്പട്ടിക പലരെയും രക്ഷിക്കാനാണ് വേണ്ടിയുള്ളതാണ്. ആലപ്പുഴ ജില്ലാ പോലിസ് മേധാവി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അഷറഫ് മൗലവി ആരോപിച്ചു.

ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങളും അപലപനീയമാണ്. കൊലയ്ക്ക് കൊലയെന്നതല്ല എസ്ഡിപിഐയുടെ രാഷ്ട്രീയ രീതി. എന്നാല്‍ ഇങ്ങോട്ട് തല്ലാന്‍ വന്നാല്‍ കവിള്‍ കാട്ടികൊടുക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it