Latest News

പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്: ചലച്ചിത്ര അക്കാദമിക്ക് പോലിസ് നോട്ടിസ് നല്‍കി

പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്: ചലച്ചിത്ര അക്കാദമിക്ക് പോലിസ് നോട്ടിസ് നല്‍കി
X

തിരുവനന്തപുരം: സംവിധായകനും മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ ചലച്ചിത്ര അക്കാദമിക്ക് നോട്ടിസ് നല്‍കി പോലിസ്. ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയിരുന്നോയെന്ന ചോദ്യമാണ് പോലിസ് ഉയര്‍ത്തുന്നത്. പരാതിയില്‍ നടപടിയെടുത്തോ എന്ന് അറിയിക്കണമെന്നും ഇല്ലെങ്കില്‍ കാരണം വിശദീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സ്‌ക്രീനിംഗ് കമ്മിറ്റി അംഗങ്ങളുടെ വിവരങ്ങള്‍ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

തനിക്കുണ്ടായ ദുരനുഭവം അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്നാണ് ചലച്ചിത്ര പ്രവര്‍ത്തക മൊഴി നല്‍കിയത്. ജൂറിയുടെ വിശദാംശങ്ങള്‍, ഹോട്ടല്‍ ബുക്കിംഗ് വിവരങ്ങള്‍ എന്നിവയും ആവശ്യപ്പെടും. പി ടി കുഞ്ഞുമുഹമ്മദും പരാതിക്കാരിയും ഐഎഫ്എഫ്‌കെയുടെ സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗങ്ങളായിരുന്നു. കഴിഞ്ഞ മാസം ആറിന് ഹോട്ടലില്‍ വച്ച് കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസാണ് നോട്ടിസ് നല്‍കിയത്.

ഇങ്ങനെയൊരു പരാതി ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് അക്കാദമി ഉപാധ്യക്ഷയായ കുക്കു പരമേശ്വരന്‍ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ആറിനാണ് ഐഎഫ്എഫ്‌കെ സിനിമാ സെലക്ഷന് വേണ്ടി പരാതിക്കാരി അക്കാദമി എടുത്തു നല്‍കിയ ഹോട്ടലില്‍ താമസിച്ചത്. അന്ന് മറ്റു ജൂറി അംഗങ്ങളും ഇതേ ഹോട്ടലില്‍ തന്നെയാണ് താമസിച്ചിരുന്നത്. സിനിമാ സ്‌ക്രീനിങ്ങിന് ശേഷം ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തി കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതി. തുടര്‍ന്ന് അക്കാദമിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും പരാതിക്കാരി പോലിസിനോട് പറഞ്ഞു. പരാതിയില്‍ അക്കാദമി എന്തുനടപടിയെടുത്തു എന്നത് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് അക്കാദമിക്ക് പോലിസ് നോട്ടിസ് നല്‍കിയത്.

സംഭവത്തില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ പി ടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയിരിക്കുകയാണ്. ലൈംഗികാതിക്രമ കേസില്‍ കുഞ്ഞുമുഹമ്മദിനെതിരേ തെളിവുണ്ടെന്നാണ് പോലിസ് റിപോര്‍ട്ടില്‍ പറയുന്നത്.

Next Story

RELATED STORIES

Share it