Latest News

ഏകാന്തത്തടവ്, പീഡനം, ഖുര്‍ആനിനെ അപമാനിച്ചു: ശിബിലിയും ശാദുലിയും അടക്കം ഏഴ് തടവുകാര്‍ ഭോപ്പാല്‍ ജയിലില്‍ നിരാഹാരസമരത്തില്‍

ഏകാന്തത്തടവ്, പീഡനം, ഖുര്‍ആനിനെ അപമാനിച്ചു: ശിബിലിയും ശാദുലിയും അടക്കം ഏഴ് തടവുകാര്‍ ഭോപ്പാല്‍ ജയിലില്‍ നിരാഹാരസമരത്തില്‍
X

ഈരാറ്റുപേട്ട: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നാളുകളായി തുടരുന്ന പീഡനത്തിനും ഖുര്‍ആനെ അപമാനിക്കുന്നതിനുമെതിരേ മലയാളികളടക്കമുള്ള തടവുകാരുടെ നിരാഹാരസമരം ഒരു മാസം പിന്നിട്ടു. മലയാളികളായ ശിബിലി, ശാദുലി, മുഹമ്മദ് അന്‍സാര്‍ എന്നിവരുള്‍പ്പെടെ 7 തടവുകാരാണ് നിരാഹാര സമരം നടത്തുന്നത്. 2016 മുതലുള്ള ഏകാന്തത്തടവ് അവസാനിപ്പിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും തടവുകാര്‍ ആവശ്യപ്പെടുന്നു.

സിമി കേസില്‍ അറസ്റ്റിലായ ഇവര്‍ പന്ത്രണ്ടു വര്‍ഷമായി വിചാരണത്തടവുകാരായി കഴിയുകയാണ്. 2016 മുതല്‍ 24 മണിക്കൂറും ഏകാന്ത സെല്ലുകളില്‍ കഴിയുന്ന ഇവര്‍ക്ക് ദിനപ്പത്രം, പുസ്തകങ്ങള്‍, എഴുത്ത് സാമഗ്രികള്‍, ജുമുഅ (വെള്ളിയാഴ്ച) നമസ്‌കാരം തുടങ്ങി സാധാരണ തടവുകാര്‍ക്ക് അനുവദിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു. കുടുംബത്തിലേക്ക് ഫോണ്‍ ചെയ്യാനോ കത്തയക്കാന്‍ പോലുമോ അനുവാദമില്ല. വിശുദ്ധ ഖുര്‍ആനിനെ അപമാനിക്കുന്ന സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കെപ്പടുന്നതായും തടവുകാരുടെ കുടുംബാഗങ്ങള്‍ പറയുന്നു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2017ല്‍ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ തടവുകാരനുഭവിക്കുന്ന ശാരീരിക പീഡനവും മാനസിക പീഡനവും നേരിട്ട് മനസ്സിലാക്കുകയും ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ ചുമത്തിയ ജയില്‍ അവസ്ഥയെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. വസ്തുതകള്‍ ബോധ്യപ്പെട്ട കമ്മീഷന്‍ തടവുകാരുടെ മൗലികാവകാശം ഉറപ്പാക്കാന്‍ വിവിധ നടപടികള്‍ ശുപാര്‍ശ ചെയ്തു. പക്ഷേ, അവയൊന്നും നടപ്പായില്ല.

കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് ഖുര്‍ആനിനെ അപമാനിക്കുന്ന ഒരു സംഭവം ഉണ്ടായതിനെത്തുടര്‍ന്ന് തടവുകാര്‍ നിരാഹാരസമരം ആരംഭിച്ചു. പത്രവാര്‍ത്തകളില്‍ നിന്ന് വിവരമറിഞ്ഞ മനുഷ്യാവകാശ കമ്മീഷന്‍ ജയിലധികൃതര്‍ക്ക് കാരണം കാണിക്കല്‍നോട്ടീസ് അയച്ചിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പുകൊടുത്തിന്റെ അടിസ്ഥാനത്തില്‍ നിരാഹാരസമരം പിന്‍വലിച്ചു. എന്നാല്‍ ദുര്‍ബലമായ കാരണം ചൂണ്ടിക്കാട്ടി ആവശ്യങ്ങള്‍ അനുവദിക്കാന്‍ ജയില്‍ ഭരണകൂടം വീണ്ടും വിസമ്മതിച്ചു. ഈ സാഹചര്യത്തിലാണ് ജനുവരി പതിനാല് മുതല്‍ നിരാഹാരസമരം പുനരാരംഭിച്ചത്.

നിരാഹാരം ഇപ്പോള്‍ ഒരു മാസം പിന്നിട്ടു. സമരക്കാര്‍ അവശനിലയിലായതിനെത്തുടര്‍ന്ന് ജയില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. പക്ഷേ അടിസ്ഥാനാവശ്യങ്ങള്‍ പോലും അനുവദിക്കാന്‍ അധികാരികള്‍ ഇതുവരെയും തയ്യാറായിട്ടില്ല. നിയമാനുസൃതം തടവുകാര്‍ക്ക് ലഭിക്കേണ്ട മനുഷ്യാവകാശങ്ങള്‍ ലഭിക്കുന്നതിന് സത്വരനടപടികളുണ്ടാകണമെന്ന് തടവുകാരുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it