Latest News

സെറിഫെഡിലെ അനധികൃത നിയമനങ്ങള്‍; കോടതി നിരീക്ഷണം സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടുന്നതെന്ന് പി കെ ഉസ്മാന്‍

സെറിഫെഡ് നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടന്ന മുഴുവന്‍ പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം

സെറിഫെഡിലെ അനധികൃത നിയമനങ്ങള്‍; കോടതി നിരീക്ഷണം സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടുന്നതെന്ന് പി കെ ഉസ്മാന്‍
X

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് സെറികള്‍ച്ചര്‍ കോഓപറേറ്റീവ് അപെക്‌സ് സൊസൈറ്റിയില്‍ (സെറിഫെഡ്) മുന്നൂറോളം പേരെ അനധികൃതമായി നിയമിച്ചത് കേരളം കണ്ട ഏറ്റവും വലിയ തൊഴില്‍ കുംഭകോണങ്ങളില്‍ ഒന്നാണെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമുള്ള ഹൈക്കോടതി നിരീക്ഷണം ഇടതുസര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും തുറന്നുകാട്ടുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ ജോലി ലക്ഷ്യമിട്ട് കഠിനാധ്വാനം ചെയ്തു കാത്തിരിക്കുമ്പോള്‍ സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും നിയമനം നല്‍കി കൊള്ളയടിച്ചതിന്റെ പരിണിതഫലമാണ് സെറിഫെഡിന്റെ തകര്‍ച്ച. ജില്ലകള്‍ തോറും ഓഫിസുകള്‍ തുറന്ന് അനധികൃതമായി മുന്നൂറോളം നിയമനങ്ങളാണ് നടത്തിയത്. അനധികൃതമായി നിയമനം നേടിയ 271 പേരെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പുനര്‍വിന്യസിച്ചതും എല്ലാവിധ മാനദണ്ഡങ്ങളും ലംഘിച്ചാണ്.

സാമൂഹിക നീതിയെയും സുതാര്യനിയമന സംവിധാനങ്ങളെയും അവഗണിച്ച് പിന്‍വാതില്‍ നിയമനം നടത്തുന്ന ഇടതുസര്‍ക്കാരിന്റെ നടപടി ധിക്കാരപരമാണ്. പിഎസ്‌സിയെ നോക്കുകുത്തിയാക്കി ഇടതു സര്‍ക്കാരിന്റെ കാലത്ത് നടക്കുന്ന അനധികൃത പിന്‍വാതില്‍ നിയമനത്തില്‍ മഞ്ഞുമലയുടെ ഒരു വശം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇത്തരത്തില്‍ സംവരണമോ മെറിറ്റോ നോക്കാതെ ആയിരക്കണക്കിന് അനധികൃത നിയമനങ്ങളാണ് നടന്നിരിക്കുന്നത്.

സംസ്ഥാനത്തെ അഞ്ചുലക്ഷത്തില്‍പ്പരം സര്‍ക്കാര്‍ ജീവനക്കാരില്‍ രണ്ടു ലക്ഷത്തോളം മാത്രമാണ് പിഎസ്‌സി വഴി നിയമനം നേടുന്നത്. എയ്ഡഡ്, കോര്‍പ്പറേഷന്‍, ബോര്‍ഡ്, സഹകരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ രാഷ്ട്രീയക്കാരുടെയും ഭരണാനുകൂലികളുടെയും സുരക്ഷിത തൊഴില്‍ മേഖലയായി നിലനില്‍ക്കുകയാണ്. ഇവിടെ സംവരണമോ മെറിറ്റോ ബാധകമാകുന്നില്ല. സെറിഫെഡ് കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടന്ന മുഴുവന്‍ പിന്‍വാതില്‍ നിയമനം സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് പി കെ ഉസ്മാന്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it