Latest News

മൂത്തകുന്നം പാലം നിര്‍മ്മാണം: അഴിമതിയില്‍ ഉന്നതതല അന്വേഷണം വേണമെന്ന് എസ്.ഡി.പി.ഐ

മൂത്തകുന്നം പാലം നിര്‍മ്മാണം: അഴിമതിയില്‍ ഉന്നതതല അന്വേഷണം വേണമെന്ന് എസ്.ഡി.പി.ഐ
X

കൊച്ചി: ദേശീയപാത 66-ന്റെ നിര്‍മ്മാണത്തില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് മൂത്തകുന്നം-വിപി തുരുത്ത് പാലത്തിന്റെ തൂണുകള്‍ താഴ്ന്ന സംഭവമെന്ന് എസ്.ഡി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അറഫാ മുത്തലിബ്. പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്ന 'ഓറിയന്റല്‍ സ്ട്രക്ചറല്‍ എഞ്ചിനീയേഴ്‌സ്' എന്ന കമ്പനിയുടെയും ഉപകരാര്‍ എടുത്ത കമ്പനികളുടെയും വിശ്വാസ്യത പരിശോധിക്കപ്പെടണമെന്നും, അഴിമതിക്ക് കുടപിടിക്കുന്ന ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വന്‍തുകയ്ക്ക് കരാര്‍ എടുക്കുന്ന ഇത്തരം വന്‍കിട കമ്പനികള്‍, ലാഭം വര്‍ദ്ധിപ്പിക്കാനായി കുറഞ്ഞ തുകയ്ക്ക് തദ്ദേശീയരായ മറ്റ് കമ്പനികള്‍ക്ക് പൈലിംഗ് ഉള്‍പ്പെടെയുള്ള സുപ്രധാന ജോലികള്‍ മറിച്ച് നല്‍കുകയാണ് ചെയ്യുന്നത്. മൂത്തകുന്നം പാലത്തിന്റെ പൈലിംഗ് നിര്‍വ്വഹിച്ച കമ്പനിയുടെ മുന്‍കാല പ്രവൃത്തിപരിചയം പരിശോധിക്കപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓറിയന്റല്‍ സ്ട്രക്ചറല്‍ എഞ്ചിനീയേഴ്‌സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്കെതിരെ ഗുണനിലവാരമില്ലായ്മയെക്കുറിച്ചും നിര്‍മ്മാണത്തിലെ കാലതാമസത്തെക്കുറിച്ചും നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കരിമ്പട്ടികയില്‍ പെടുത്തേണ്ട കമ്പനികള്‍ക്ക് വീണ്ടും കരാര്‍ നല്‍കുന്നത് വഴി വലിയ അഴിമതിയാണ് കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്.

50 ടണ്ണോളം ഭാരമുള്ള കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിച്ച തൂണുകളാണ് ഒരു മീറ്ററോളം താഴ്ന്നുപോയിരിക്കുന്നത്. നിര്‍മ്മാണ വേളയില്‍ തന്നെ ഇതാണെങ്കില്‍, ഗതാഗതം ആരംഭിച്ച ശേഷം ഒരു വന്‍ ദുരന്തമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും? പൈലിംഗ് തകരാര്‍ എന്നത് നിസ്സാരമായി കാണാനാവില്ല. സ്വതന്ത്രരായ വിദഗ്ധരെ ഉള്‍പ്പെടുത്തി നിര്‍മ്മാണത്തിലെ അപാകതകള്‍ പരിശോധിക്ക പ്പെടണം. ഗുരുതരമായ സുരക്ഷാവീഴ്ച വരുത്തിയ ഓറിയന്റല്‍ കമ്പനിയുടെ കരാര്‍ അടിയന്തരമായി റദ്ദാക്കുകയും അവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും വേണം. നിര്‍മ്മാണത്തിലുണ്ടായ അപാകതകള്‍ മൂലം പൊതുമുതലിനുണ്ടായ നഷ്ടം കരാര്‍ കമ്പനിയില്‍ നിന്ന് ഈടാക്കണെമെന്നും ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഈ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അറഫ മുത്തലിബ് ആവശ്യപ്പെട്ടു.



Next Story

RELATED STORIES

Share it