Latest News

പിതാവിന്റെ മൃതദേഹവുമായെത്തിയ മകന് പോലിസ് മര്‍ദ്ദനം: ചങ്ങരംകുളം എസ്‌ഐ ഹരിഗോവിന്ദിനെതിരേ എസ്ഡിപിഐ, ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി

പിതാവിന്റെ മൃതദേഹവുമായെത്തിയ മകന് പോലിസ് മര്‍ദ്ദനം: ചങ്ങരംകുളം എസ്‌ഐ ഹരിഗോവിന്ദിനെതിരേ എസ്ഡിപിഐ, ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി
X

ചങ്ങരംകുളം: പിതാവിന്റെ മൃതദേഹവുമായി ആംബുലന്‍സിലെത്തിയ മകനെ മര്‍ദ്ദിച്ചതിനെതിരേ എസ്ഡിപിഐ, ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി. പാലക്കാട്ടെ സഹോദരിയുടെ വീട്ടില്‍ വച്ച് മരിച്ച പിതാവിന്റെ മൃതദേഹവുമായി ചങ്ങരംകുളം താടിപ്പടിയിലെ വീട്ടിലേക്ക് പുറപ്പെട്ട നീരോളിപറമ്പില്‍ റഫീഖിനെയാണ് ചങ്ങരംകുളം എസ്‌ഐ ഹരിഗോവിന്ദ് മര്‍ദ്ദിച്ചത്.

എസ്‌ഐ ഹരിഗോവിന്ദിനെതിരേ നടപടി ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ എടപ്പാള്‍ മേഖലാ കമ്മിറ്റിയാണ്, ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയത്. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇത്തരക്കാര്‍ നാടിന്റെ ക്രമസമാധാനം നഷ്ടപെടുത്തുന്നവരാണെന്നും എസ്ഡിപിഐ എടപ്പാള്‍ മേഖലാ കമ്മറ്റി ജനറല്‍ സെക്രട്ടറി നൂറുല്‍ ഹക്ക് പരാതിയില്‍ പറയുന്നു. എസ്‌ഐയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും നൂറുല്‍ ഹക്ക് ആവശ്യപ്പെട്ടു.

റഫീഖിന്റെ വീടിന്റെ പരിസരത്ത് ഏതാനും ചിലര്‍ കൊവിഡുമായി ബന്ധപ്പെട്ട് ഹോം ക്വറന്റീനില്‍ കഴിയുന്നതിനാല്‍ രോഗബാധിതനായ പിതാവിനെ നാല് ദിവസം മുമ്പ് പാലക്കാട് പത്തിരിപ്പാലയിലെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ച് അദ്ദേഹം അസുഖം മൂര്‍ച്ഛിച്ച് മരിച്ചു. കഴിഞ്ഞ വെളളിയാഴ്ച മൃതദേഹവുമായി ചങ്ങരംകുളത്തെ വീട്ടിലേക്ക് പുറപ്പെട്ടു. ചങ്ങരംകുളം താടിപ്പടിയിലാണ് റഫീഖ് താമസിക്കുന്നത്. വീട്ടിലേക്കുള്ള വഴിയില്‍ ഒരിടത്ത് പോലിസ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റോഡ് അടച്ചിരിക്കുകയായിരുന്നു. റഫീഖ് അവിടെ നിന്നിരുന്ന പോലിസുകാരോട് കാര്യം പറഞ്ഞു. അവര്‍ ബ്ലോക്ക് മാറ്റി പിതാവിനെ വീട്ടിലേക്ക് കൊണ്ടുപോകാനുള്ള അനുമതി നല്‍കി.

പോലിസ് നിര്‍ദേശിച്ചതുപ്രകാരം റോഡ് അടക്കാന്‍ വേണ്ടി കെട്ടിയിരുന്ന കഴുങ്ങ് എടുത്തുമാറ്റുന്നതിനിടയിലാണ് എസ്‌ഐ ഹരി ഗോവിന്ദ് പോലിസ് വാഹനത്തില്‍ സ്ഥലത്തെത്തിയത്. വന്നയുടനെ എന്തെങ്കിലും പറയാന്‍ അനുവദിക്കും മുമ്പ് എസ്‌ഐ, റഫീഖിന്റെ മുഖത്തടിച്ചു. ചവിട്ടി താഴെ ഇടുകയും ചെയ്തു. സീപത്തുണ്ടായിരുന്ന പോലിസുകാര്‍ എത്തിയാണ് എസ്‌ഐയെ പിടിച്ചുമാറ്റിയത്.


Next Story

RELATED STORIES

Share it