Latest News

മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം:ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി എസ്ഡിപിഐ

മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം:ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി എസ്ഡിപിഐ
X

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. ആരോഗ്യമേഖലയെ തകര്‍ത്തതില്‍ പ്രതിഷേധിച്ച് വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ വൈസ് പ്രസിഡന്റ് അജയന്‍ വിതുര ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പല മെഡിക്കല്‍ കോളജുകളിലും മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളുമില്ലെന്ന് അജയന്‍ വിതുര ചൂണ്ടിക്കാട്ടി.

ശസ്ത്രക്രിയക്ക് ശേഷം തുന്നിക്കെട്ടാന്‍ നൂല് പോലുമില്ലാത്ത മെഡിക്കല്‍ കോളജുകളുണ്ടെന്നതാണ് യാഥാര്‍ഥ്യം. മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളുമില്ലാത്തതിനാല്‍ ശസ്ത്രക്രിയ അനന്തമായി നീളുന്ന സാഹചര്യവുമുണ്ട്. സാധാരണ ജനങ്ങള്‍ സ്വകാര്യ ആശുപത്രികളിലെ ചികില്‍സാ ചെലവ് താങ്ങാനാവാതെ സര്‍ക്കാര്‍ ആശുപത്രികളിലെത്തുമ്പോള്‍ അവിടെ ഉപകരണങ്ങളും മരുന്നും കാശ് കൊടുത്തു പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥ ഏറെ ദയനീയമാണ്. മധ്യവര്‍ഗ കുടുംബങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളെ കൈയൊഴിയുന്ന അവസ്ഥ സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് കോടികള്‍ കുടിശ്ശിഖ വരുത്തിയതിനെ തുടര്‍ന്ന് പല മരുന്നു നിര്‍മാണ കമ്പനികളും മരുന്നു വിതരണം നിര്‍ത്തിവെക്കുകയും 30 ശതമാനം വരെ വില വര്‍ധിപ്പിക്കുകയും ചെയ്തു. ഇതില്‍ കുറ്റക്കാരായ മുഴുവന്‍ ആളുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ ജനറല്‍ സെക്രട്ടറി സലീം കരമന അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എ എസ് മുസമ്മില്‍ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം മണ്ഡലം സെക്രട്ടറി സജീവ് പൂന്തുറ നന്ദി പറഞ്ഞു. വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റ് സുല്‍ഫി, മണ്ഡലം സെക്രട്ടറി സുധീര്‍ നെട്ടയം, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് അംജദ്, നേമം മണ്ഡലം ഓര്‍ഗനൈസിങ് സെക്രട്ടറി അസീസ് പാച്ചല്ലൂര്‍, തിരുവനന്തപുരം മണ്ഡലം വൈസ് പ്രസിഡന്റ് സുബൈര്‍ ബീമാപള്ളി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it